വിമാന സർവ്വീസ് വിലക്ക്: മക്കയിൽ കുടുങ്ങിയ 300 പേർക്ക് മികച്ച സൗകര്യമേർപ്പെടുത്തി, വിദേശ ഉംറ യാത്രക്കാർക്കുള്ള വിലക്ക് താൽകാലകമായി തുടരുമെന്നും അധികൃതർ
മക്ക: അന്താരാഷ്ട്ര വിമാന, കപ്പൽ സർവ്വീസുകൾ താത്കാലികമായി സഊദി അറേബ്യ നിർത്തി വെച്ചതോടെ മക്കയിൽ കുടുങ്ങിയ 300 വിദേശ തീർഥാടകർക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയ അധികൃതർ അറിയിച്ചു. ഇവരുടെ യാത്രക്കായി ഹജ്ജ് മന്ത്രാലയം രൂപവത്കരിച്ച കമ്മിറ്റിയുമായി സഹകരിച്ച് പുറപ്പെടാനുള്ള യാത്ര ഷെഡ്യൂൾ ഉണ്ടാക്കുന്നതുവരെ ഇവർക്ക് വേണ്ട എല്ലാ പരിചരണവും നൽകാൻ കമ്പനികളോട് ആവശ്യപ്പെട്ടതായും ദേശീയ ഹജ്, ഉംറ കമ്മിറ്റി പ്രസിഡന്റ് മാസിൻ ദറാർ അറിയിച്ചു.
നിലവിലെ അവസ്ഥയിൽ ഈയാഴ്ച വിദേശങ്ങളിൽനിന്ന് പുണ്യ ഭൂമിയിൽ എത്തേണ്ടിയിരുന്ന തീർഥാടകരുടെ യാത്രകൾക്ക് അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് എടുത്തുകളഞ്ഞ ശേഷം ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. വിമാന സർവിസ് പുനഃരാരംഭിച്ച ശേഷം ഇവർക്ക് വരാനാകുമെന്നും അതിനുള്ള നടപടികൾ ഉംറ ഏജൻസികളുടെ സഹകരണത്തോടെ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, വിശുദ്ധ ഹറമിലെത്തിയ തീർഥാടകർക്കും വിശ്വാസികൾക്കുമിടയിൽ ഇതുവരെ കൊവിഡ് കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ഹറംകാര്യ വകുപ്പ് അണ്ടർ സെക്രട്ടറി അഹ്മദ് അൽമൻസൂരി പറഞ്ഞു. കൊവിഡുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളും സംഭവവികാസങ്ങളും ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് ഹറംകാര്യ വകുപ്പ് നിരീക്ഷിക്കുന്നുണ്ട്. വിശുദ്ധ ഹറമിലെത്തുന്ന മുഴുവൻ ആളുകളും മുൻകരുതൽ, പ്രതിരോധ നടപടികൾ കർശനമായി പാലിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
കൊവിഡ് മുൻകരുതലായി ഏകദേശം എട്ട് മാസമായി നിർത്തിവെച്ച ഉംറ തീർഥാടനം ഒക്‌ടോബർ നാലിനാണ് പുനരാരംഭിച്ചത്. ഇതിന് ശേഷം രണ്ടര മാസത്തിനിടെ 12 ലക്ഷത്തിലേറെ പേർ ഉംറ നിർവഹിച്ചതായി ഹറംകാര്യ വകുപ്പ് അറിയിച്ചു. ഒക്‌ടോബർ നാലു മുതൽ ഡിസംബർ 19 വരെയുള്ള ദിവസങ്ങളിൽ സ്വദേശികളും വിദേശികളും വിദേശ രാജ്യങ്ങളിൽ നിന്ന് എത്തിയ തീർഥാടകരും അടക്കം ആകെ 12,34,000 പേരാണ് ഉംറ നിർവഹിച്ചത്. ഇക്കാലയളവിൽ ആകെ 33,80,000 പേർ വിശുദ്ധ ഹറമിൽ നമസ്‌കാരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."