നരിക്കുനി ബൈപാസ് ഉടന്‍ യാഥാര്‍ഥ്യമാക്കും: കാരാട്ട് റസാഖ് എം.എല്‍.എ എം.എല്‍.എയുടെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്ത് ഓഫിസില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു
നരിക്കുനി: ടൗണ്‍ വികസനത്തിനും ഗതാഗത കുരുക്കിനും ഏക പരിഹാരമായ ബൈപാസ് നിര്‍മാണം സാധ്യമാക്കാന്‍ ഭരണതലത്തില്‍ എല്ലാ ശ്രമവും നടത്തുമെന്ന് കാരാട്ട് റസാഖ് എം.എല്‍.എ പറഞ്ഞു. ബൈപാസ് നിര്‍മാണവുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്ത് ഓഫിസില്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒന്‍പതു വര്‍ഷം മുന്‍പ് പി.ടി.എ റഹീം എം.എല്‍.എയുടെ ഇടപെടല്‍ കാരണം അന്നത്തെ സര്‍ക്കാര്‍ 9.50 കോടി രൂപ നരിക്കുനി ബൈപാസിന് അനുവദിച്ചിരുന്നു. രണ്ടു വര്‍ഷം മുന്‍പുവരെ ലഭ്യമായിരുന്ന തുക പ്രവര്‍ത്തനങ്ങളൊന്നും നടത്താത്തതിനാല്‍ സര്‍ക്കാര്‍ പിന്‍വലിക്കുകയായിരുന്നു. ബൈപാസിനു വേണ്ടി സ്ഥലം വിട്ടുകൊടുക്കേണ്ടി വരുന്നവര്‍ക്കു മതിയായ നഷ്ടപരിഹാരം നല്‍കണമെന്നു യോഗത്തില്‍ പങ്കെടുത്ത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ബൈപാസ് നിര്‍മാണവുമായി ബന്ധപ്പെട്ട നിലവിലെ അലൈന്‍മെന്റ് പരിശോധിക്കാനും സ്ഥല ഉടമകളോടു സംസാരിക്കാനുമായി ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ ജനകീയ കമ്മിറ്റിക്കു രൂപംനല്‍കി.
16നു രാവിലെ ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പദ്ധതി പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. നരിക്കുനി-പൂനൂര്‍ റോഡ് ജങ്ഷനില്‍ നിന്ന് പുതിയപൊയില്‍ ഭാഗം വരെ നിര്‍മിക്കാനുദ്ദേശിക്കുന്ന നടപ്പാതയുടെ പ്രവര്‍ത്തനം വേഗത്തിലാക്കാന്‍ നടപടി വേണമെന്നു വിവിധ പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ വബിത അധ്യക്ഷയായി. പി.പി അബ്ദുല്‍ ജബ്ബാര്‍, സി. വേണുഗോപാല്‍, ടി.കെ വസന്തകുമാരി, ഐ. ആമിന, എന്‍.പി മുഹമ്മദ്, ടി.പി ശോഭന, പി.ഐ വാസുദേവന്‍ നമ്പൂതിരി, മുന്‍ പ്രസിഡന്റ് വി.സി മുഹമ്മദ്, വില്ലേജ് ഓഫിസര്‍ ടി.ജി നിഷ സംസാരിച്ചു.
അതേസമയം, യോഗത്തില്‍ തഹസില്‍ദാര്‍ പങ്കെടുക്കാതിരുന്നതു വിമര്‍ശനത്തിനിടയാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."