നോമ്പിന്റെ ആത്മാവ്
രണ്ടു കാര്യങ്ങള്‍ ഒരുമിച്ചുകൂടിയതാണ് മനുഷ്യന്‍. ഖല്‍ബും ശരീരവുമാണവ. ശരീരത്തില്‍ കണ്ണ്, കാത്, നാവ്, കൈകാലുകള്‍ പോലെയുള്ള വ്യത്യസ്ത കഴിവുകള്‍ നല്‍കപ്പെട്ട പല അവയവങ്ങളും അല്ലാഹു സൃഷ്ടിച്ചു. ആ അവയവങ്ങളെല്ലാം അതിന്റെ കഴിവുകള്‍ വിനിയോഗിക്കുന്നതു ഖല്‍ബിന് അനുസൃതമായി മാത്രമാണ്.
അപ്പോള്‍ ഖല്‍ബ് ശക്തനായ ഒരു രാജാവിനെപ്പോലെയും അവയവങ്ങള്‍ അനുസരണയുള്ള പ്രജകളെപ്പോലെയുമാണ്. മനസില്‍ നോക്കണമെന്നു തോന്നുമ്പോഴാണ് നേത്രങ്ങള്‍കൊണ്ടു നാം നോക്കുന്നത്. പിടിക്കണമെന്നു തോന്നുമ്പോള്‍ കൈകള്‍കൊണ്ടു പിടിക്കുന്നു. നടക്കണമെന്നു തോന്നുമ്പോള്‍ കാലുകള്‍കൊണ്ടു നടക്കുകയും ചെയ്യുന്നു. ഇതര അവയവങ്ങളെല്ലാം ഇപ്രകാരംതന്നെയാണ് പ്രവര്‍ത്തിക്കുന്നത്.
ഖല്‍ബ് സംസ്‌കരിക്കുമ്പോള്‍ അവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കപ്പെടുന്നു. മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ നന്‍മയിലാകണമെങ്കില്‍ പ്രഥമമായി ഖല്‍ബിന്റെ സംസ്‌കരണമാണ് ആവശ്യം. നിസ്‌കാരം, നോമ്പ്, സകാത്ത്, ഹജ്ജ് തുടങ്ങി ആരാധനകളിലൂടെ കരസ്ഥമാകുന്നത് ഈ സംസ്‌കരണമാണ്.
വിശുദ്ധ റമദാന്‍ സംസ്‌കരണത്തിന്റെ മാസമാണ്. റമദാനില്‍ സമയങ്ങള്‍ക്കു കൂടുതല്‍ പ്രാധാന്യം നല്‍കിയും അല്ലാഹുവിന്റെ കാരുണ്യം വര്‍ഷിപ്പിച്ചും ദോഷങ്ങളില്‍നിന്നു പാപമോചനം നല്‍കിയും ഇതിനുള്ള വഴിയൊരുക്കിയിട്ടുണ്ട്. 'വല്ലവരും വിശുദ്ധ റമദാനില്‍ അല്ലാഹുവിനുവേണ്ടി വിശ്വാസത്തോടുകൂടി വ്രതമനുഷ്ഠിക്കുകയും തറാവീഹ് നിസ്‌കാരം നിര്‍വഹിക്കുകയും ചെയ്താല്‍ അവന്റെ എല്ലാവിധ ദോഷങ്ങളും പൊറുക്കപ്പെടുമെന്നു തിരുനബി (സ) യുടെ ഹദീസില്‍ വ്യക്തമാണ്.
റമദാനിലെ ഓരോ നിമിഷങ്ങളും ഒരു വിശ്വാസിഅതിന്റെ അര്‍ഹമായ സ്ഥാനം പരിഗണിച്ചു ഉപയോഗപ്പെടുത്തണം. റമദാനില്‍ നിര്‍വഹിക്കുന്ന ഫര്‍ളായ ഒരു സല്‍ക്കര്‍മത്തിന് ഇതര മാസങ്ങളിലെ എഴുപതിന്റെ പ്രതിഫലമുണ്ട്. ഒരു സുന്നത്തായ കര്‍മത്തിന് ഇതര മാസങ്ങളിലെ ഒരു ഫര്‍ളായ കര്‍മത്തിന്റെ പ്രതിഫലവമുണ്ടെന്നു ഹദീസില്‍ വന്നിട്ടുണ്ട്. റമദാനിന്റെ ചൈതന്യം ഉള്‍ക്കൊണ്ടാകണം നമ്മുടെ ആരാധനാ കര്‍മങ്ങള്‍ ചിട്ടപ്പെടുത്തേണ്ടത്. അവയവങ്ങളെ അനാവശ്യങ്ങളില്‍നിന്നു സൂക്ഷിച്ച്, ബല്‍ബിന്റെ വിശുദ്ധി വര്‍ധിപ്പിച്ച് യഥാര്‍ഥ മുത്തഖിയായി വാര്‍ത്തെടുക്കലാണ് റമദാനിലെ വ്രതാനുഷ്ടാനത്തിന്റെ ലക്ഷ്യം. തഖ്‌വ ഉള്‍ക്കൊള്ളുകയാണ് നോമ്പിലൂടെ ലക്ഷ്യംവയ്ക്കുന്നതെന്നു ഖല്‍ആന്‍ പഠിപ്പിക്കുന്നു. ഈ ലക്ഷ്യത്തിലേക്കുള്ള പ്രയത്‌നന്മാണ് നോമ്പുകാരനില്‍ ഉണ്ടാകേണ്ടത്.
കേവലം വെള്ളമോ ഭക്ഷണമോ വെടിയല്‍ മാത്രമായി, തിന്‍മകള്‍ പ്രവര്‍ത്തിക്കുന്നതിലൂടെ നോമ്പ് നിശ്ഫലമാകും. ആരാധനകള്‍ മുഴുകി വ്രത വിശുദ്ധി ഉള്‍ക്കൊള്ളുക. സല്‍ക്കര്‍മങ്ങളിലൂടെ ഹൃദയസംസ്‌കരണം നേടി യഥാര്‍ഥ വിശ്വാസികളാല്‍ റമദാനിലൂടെ വിജയികളാകുക. അല്ലാഹു തുണക്കട്ടെ, ആമീന്‍.
(സമസ്ത മുശാവറ അംഗമാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."