മഞ്ചേരിയില്‍ യൂത്ത് കോണ്‍ഗ്രസില്‍ കൂട്ടരാജി
മഞ്ചേരി: മഞ്ചേരിയില്‍ യൂത്ത് കോണ്‍ഗ്രസില്‍ കൂട്ടരാജി. മണ്ഡലം പ്രസിഡന്റായിരുന്ന അക്ബര്‍ മീനായിയുടെ നേതൃത്വത്തില്‍ നാല്പതോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ നിന്നു രാജിവച്ച് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം യുവജനസംഘടനയായ യൂത്ത് ഫ്രണ്ടില്‍ അംഗത്വമെടുത്തു. കോണ്‍ഗ്രസിലെ ഐ, എ ഗ്രൂപ്പുകള്‍ക്ക് അതീതമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചതോടെ കോണ്‍ഗ്രസ് നേതൃത്വത്തിനിടയില്‍ യൂത്ത് കോണ്‍ഗ്രസിനെതിരെയുള്ള ചരടുവലി ശക്തമായിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസം യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സ്ഥാനത്ത് നിന്നും അക്ബര്‍ മീനായിയെ മലപ്പുറം പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് റിയാസ് മുക്കോളി നീക്കം ചെയ്തിരുന്നു. മണ്ഡലം പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന് പിന്നാലെ ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ് അക്ബര്‍ മീനായിയെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും നീക്കം ചെയ്യുകയും ചെയ്തു.
ഇതിനെതിരേ പാര്‍ട്ടിയില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. ആര്യാടന് മുഹമ്മദും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും വിഷയത്തില്‍ ഇടപെടുകയും ചെയ്തു.
അക്ബര്‍ മീനായിയെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേതൃത്വത്തെ കണ്ടിരുന്നെങ്കിലും ഡി.സി.സി പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ ചെവി കൊണ്ടില്ല. എ, ഐ ഗ്രൂപ്പുകളുടെ അടിസ്ഥാനത്തില്‍ മഞ്ചേരിയില്‍ കോണ്‍ഗ്രസിനുള്ളില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ രൂക്ഷമായിരുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച പ്രവര്‍ത്തകര്‍ പറഞ്ഞു.
അക്ബര്‍ മീനായിയെ പുറത്താക്കിയതില്‍ പ്രതിഷേധിച്ചാണ് നാല്പതോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാജിവച്ച് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തില്‍ അംഗത്വമെടുത്തത്.
യൂത്ത് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച പ്രവര്‍ത്തകര്‍ കൂട്ടത്തോടെ യൂത്ത് ഫ്രണ്ടില്‍ ചേര്‍ന്നതോടെ മഞ്ചേരിയില്‍ യൂത്ത് ഫ്രണ്ട് അടിയന്തരയോഗം ചേര്‍ന്നു.
യൂത്ത് ഫ്രണ്ട് ജേക്കബ് വിഭാഗം സംസ്ഥാന പ്രസിഡന്റ് പ്രോംസണ് പോള്‍ യൂത്ത് ഫ്രണ്ട് ജില്ലാ വൈസ് പ്രസിഡന്റായി അക്ബര്‍ മീനായി, ജനറല്‍ സെക്രട്ടറിയായി അനസ് അത്തിമണ്ണില്‍, മണ്ഡലം പ്രസിഡന്റായി മനോജ് തടപ്പറമ്പ് എന്നിവരെ നോമിനേറ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."