ഇന്ന് ലോക പുകയില വിരുദ്ധദിനം
പാലക്കാട്: പറക്കുന്നം സെയ്ത് തന്റെ പലച്ചരക്ക് കടയില്‍ പുകയില കച്ചവടം നിര്‍ത്തിയിട്ട് ഏകദേശം 15 വര്‍ഷം തികയുന്നു. മനുഷ്യനെ നിശബ്ദമായി കൊല്ലുന്ന പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കില്ല എന്നത് സെയ്ദിന്റെ തീരുമാനമാണ്.
പുകയില വസ്തുക്കള്‍ ആവശ്യപ്പെട്ട് വരുന്നവരെ ഉപദേശിക്കുകയും, ബോധവല്‍കരണ ക്ലാസുകള്‍ നടത്തിയും പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്ന വ്യക്തികൂടിയാണ് സെയ്ത്. കട തുടങ്ങി ഒരുപാട് വര്‍ഷം പിന്നിട്ടെങ്കിലും ഇതുവരെ സിഗരറ്റ്, ബീഡി തുടങ്ങിയ പുകയില ഉല്‍പന്നങ്ങള്‍ കടയില്‍ വിറ്റിട്ടില്ല. നിത്യ വരുമാനത്തിനായി വ്യാപാരി സമൂഹമാണ് പുകയില ഉല്‍പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതെന്നാണ് സെയ്ദിന്റെ നിലപാട്.
ഇത്തവണ റമദാന് പള്ളികളിലേക്കും കൂടി അദ്ദേഹത്തിന്റെ ബോധവല്‍കരണം വ്യാപിപ്പിച്ചിരിക്കുകയാണ്. സ്വന്തം ശരീരത്തെയും, മനസിനെയും നശിപ്പിക്കുന്ന പുകയിലയിലെ മാരകമായ നിക്കോട്ടിന്റെ ദോഷഫലങ്ങള്‍ വിശദീകരിക്കുകയും വീഡിയോ ക്ലിപ്പുകള്‍ കാണിച്ചുമാണ് സെയ്ത് തന്റെ ബോധവല്‍കരണം നടത്തുന്നത്.
പുകവലിക്കുന്നവര്‍ 50 രൂപ ദിനംപ്രതി ചിലവാക്കുമ്പോള്‍ ഒരു വര്‍ഷം അത് 18,000 രൂപയായി വര്‍ധിക്കുമെന്ന് അദ്ദേഹം ഓര്‍മിപ്പിക്കുന്നു.
ഇപ്പോള്‍ പത്ര ഏജന്റായി ജോലി ചെയ്യുന്ന അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ നെറ്റവര്‍ക്ക് സ്‌മോക്കിങ് എന്ന വിഷയത്തിലൂടെ പത്ത് മിനുട്ട് ദൈര്‍ഘ്യമുളള സംഭാഷണവും പ്രചരിപ്പിക്കുന്നുണ്ട്. ഇതിലൂടെ പുകവലി ഉപേക്ഷിച്ചവര്‍ ഏറെയാണ്.
വിക്ടോറിയ കോളജിന് സമീപത്തെ പറക്കുന്നം റോഡിലായിരുന്നു സെയ്തിന്റെ പലച്ചരക്ക് കട ഉണ്ടായിരുന്നത്.
ലഹരിയുല്‍പന്നങ്ങള്‍ വിറ്റു കിട്ടുന്ന ലാഭം തനിക്കും കുടുംബത്തിനും വേണ്ടന്ന സെയ്തിന്റെ തീരുമാനത്തെ മറ്റുവ്യാപാരികള്‍ പുച്ഛത്തോടെയാണ് കാണുന്നതെങ്കിലും അതൊന്നും ഇദ്ദേഹത്തിനു പ്രശ്‌നമേയല്ല.
അവധി ദിവസങ്ങളില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സെയ്ത് തന്റെ വീട്ടില്‍ ബോധവല്‍കരണ ക്ലാസുകള്‍ നടത്താറുണ്ട്. കൊക്കകോളക്കെതിരേ പ്ലാച്ചിമടയില്‍ നടന്ന സമരത്തില്‍ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. അന്ന് സെയ്ത് പ്ലാച്ചിമടക്കാരുടെ രക്തം ഇവിടെ വില്‍ക്കുന്നില്ല എന്ന ബോര്‍ഡും സ്ഥാപിച്ചിരുന്നു.
വരും തലമുറയില്‍ മദ്യത്തിനും ലഹരിക്കും മുന്നില്‍ അടിമപ്പെട്ട് പാഴായി പോകുന്ന ജീവിതങ്ങള്‍ക്ക് പുത്തനുണര്‍വേകാന്‍ സെയ്തിനെ പോലുളള ആളുകളെയാണ് നമ്മുടെ സമൂഹത്തിന് ആവശ്യം.
പറക്കുന്നം ദാറുല്‍ അമാനില്‍ പരേതനായ അബ്ദുല്ല- ബീവി ദമ്പതികളുടെ മകനാണ് സെയ്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."