കൊവിഡ്: ലക്ഷദ്വീപ് യാത്രാ നിയന്ത്രണങ്ങളിലെ ഇളവില്‍ ആശങ്ക
കോഴിക്കോട്: ഇതുവരെ കൊവിഡ് ബാധയില്ലാത്ത ലക്ഷദ്വീപില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുവരുത്തിക്കൊണ്ടുള്ള അധികൃതരുടെ പ്രഖ്യാപനത്തില്‍ ആശങ്കയുമായി ദ്വീപ് ജനത.
കൊവിഡ് വ്യാപിക്കാന്‍ തുടങ്ങി ഏകദേശം ഒരു വര്‍ഷത്തോടടുക്കുമ്പോഴും രോഗത്തെ കടുത്ത നിയന്ത്രണങ്ങളിലൂടെ പ്രതിരോധിച്ച അപൂര്‍വം പ്രദേശങ്ങളിലൊന്നാണ് ലക്ഷദ്വീപ്. എന്നാല്‍ ഇതില്‍ ഇളവുവരുത്തി തിങ്കളാഴ്ച മുതല്‍ ദ്വീപിലേക്ക് ആളുകളെ പ്രവേശിക്കാന്‍ അനുവദിക്കുമെന്ന പ്രഖ്യാപനമാണ് ജനങ്ങളെയും ദ്വീപിലെ സാമൂഹിക പ്രവര്‍ത്തകരെയും അങ്കലാപ്പിലാക്കുന്നത്.
കൊവിഡ് അതിന്റെ നവീനമായ പതിപ്പില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കയാണെന്ന വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കെയാണ് നിലവിലെ നിയന്ത്രണങ്ങള്‍ അധികൃതര്‍ എടുത്തുകളഞ്ഞത്. നാളെ മുതല്‍ ദ്വീപിലേക്കു പ്രവേശിക്കുന്നവര്‍ക്ക് 48 മണിക്കൂറിനുള്ളില്‍ ലഭിച്ച കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് മതിയെന്നാണ് പുതിയ നിബന്ധന.
നിലവില്‍ ലക്ഷദ്വീപിലേക്കു പോകുന്നവര്‍ കൊച്ചിയില്‍ ഒരാഴ്ച ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി കൊവിഡ് പൊസിറ്റീവല്ലെന്ന് ഉറപ്പുവരുത്തണം. ദ്വിപിലെത്തിയ ശേഷം 14 ദിവസം പ്രത്യേക ക്വാറന്റൈനുമുണ്ട്. തിങ്കളാഴ്ച മുതല്‍ 48 മണിക്കൂറിനുള്ളില്‍ ലഭിച്ച നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് പോര്‍ട്ടല്‍ വഴി നല്‍കുകയും ലക്ഷദ്വീപ് ഭരണകൂടത്തിന്റെ അനുമതി ലഭിച്ചാല്‍ യാത്ര ചെയ്യുകയുമാവാം. കൊച്ചി, ബേപ്പൂര്‍, മംഗളൂരു എന്നിവിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ദ്വീപ് സ്വദേശികള്‍ക്ക് നാട്ടില്‍ തിരിച്ചെത്താന്‍ ഇതു സഹായകമാകുമെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും ഇത് എത്രത്തോളം സുരക്ഷിതമാണെന്നുള്ളത് കണ്ടറിയേണ്ടിവരും.
അതിനിടെ ദ്വീപിലേക്കുള്ള വിനോദസഞ്ചാരികളുടെ പ്രവേശനം സംബന്ധിച്ച് രണ്ടാഴ്ചയ്ക്കു ശേഷം തീരുമാനമെടുക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."