വെള്ളമുണ്ട പെയിന്‍ ആന്‍ഡ് പാലിയേറ്റീവ്; സൗജന്യ ഡയാലിസിസ് കേന്ദ്രത്തിന്റെ കെട്ടിടത്തിന് തറക്കല്ലിട്ടു
വെള്ളമുണ്ട: നൂറുകണക്കിന് നിര്‍ധനരായ വൃക്ക രോഗികള്‍ക്ക് സൗജന്യമായി ഡയാലിസിസ് ചെയ്തു നല്‍കാന്‍ ലക്ഷ്യം വച്ചുകൊണ്ട് അല്‍ കറാമ ഫൗണ്ടേഷന്‍ നിര്‍മിക്കുന്ന ഡയാലിസിസ് സെന്റര്‍ കെട്ടിടത്തിന് സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി തറക്കല്ലിട്ടു. വെള്ളമുണ്ട ആസ്ഥാനമായി വര്‍ഷങ്ങളായി ആരോഗ്യ രംഗത്ത് സ്തുത്യര്‍ഹമായ പ്രവര്‍ത്തനം നടത്തി വരുന്ന വെള്ളമുണ്ട പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കേന്ദ്രത്തിന്റെ സ്വപ്ന പദ്ധതിയാണ് അല്‍കറാമ ഫൗണ്ടേഷനിലൂടെ നടപ്പിലാക്കുന്നത്.
നിലവില്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന വടകരയിലെ തണല്‍ ഡയാലിസിസ് കേന്ദ്രവുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുക. വെള്ളമുണ്ടയിലെ പ്രവാസിയായ കുനിങ്ങാരത്ത് അബ്ദുല്‍ നാസറാണ് അല്‍കറാമ ഫൗണ്ടേഷന്‍ എന്ന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴില്‍ ഡയാലിസിസിന് ആവശ്യമായ സ്ഥലവും കെട്ടിടവും സൗജന്യമായി നിര്‍മിച്ചു നല്‍കുന്നത്.
രണ്ടരക്കോടിയോളം രൂപ ചിലവ് പ്രതീക്ഷിക്കുന്ന 3600 സ്‌ക്വയര്‍ ഫീറ്റിലുള്ള കെട്ടിടവും 10 ഡയാലീസ് മെഷിനുകളുമാണ് തുടക്കത്തില്‍ നല്‍കുന്നത്. വെള്ളമുണ്ട ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ മുന്നിലായി റോഡരികിലാണ് കെട്ടിടം നിര്‍മിക്കുന്നത്. വെള്ളമുണ്ട, തൊണ്ടര്‍നാട്, എടവക, പടിഞ്ഞാറെത്തറ എന്നീ പഞ്ചായത്തുകളിലെ നിര്‍ധനരായ കിഡ്‌നി രോഗികള്‍ക്ക് സൗജന്യമായി ഡയാലിസിസ് നടത്തിക്കൊടുക്കാനാണ് പാലിയേറ്റീവ് കേന്ദ്രം ലക്ഷ്യം വെക്കുന്നത്.
ഇതിനായി ഈ പഞ്ചായത്തുകളില്‍ ജനകീയ കൂട്ടായ്മകള്‍ രൂപീകരിച്ച് കേന്ദ്രത്തിന്റെ ദൈനം ദിന ചിലവുകള്‍ക്കുള്ള ധനസമാഹരണവും മറ്റു പ്രവര്‍ത്തനങ്ങളും നടത്തും. നിലവില്‍ മാനന്തവാടി താലൂക്കില്‍ ജില്ലാ ആശുപത്രിയില്‍ മാത്രമാണ് ഡയാലിസിസ് സൗകര്യമുള്ളത്. ഇവിടെയുള്ള സൗകര്യങ്ങളുടെ അപര്യാപ്തത കാരണം ഭൂരിഭാഗം രോഗികളും ജില്ലക്കകത്തും പുറത്തുമുള്ള കേന്ദ്രങ്ങളെയാണ് ആശ്രയിക്കുന്നത്. രോഗികള്‍ക്കും ബന്ധുക്കള്‍ക്കും ഏറെ പ്രയാസമുണ്ടാക്കുന്ന നിലവിലെ സ്ഥിതിക്ക് പരിഹാരമാകാന്‍ പുതിയ സംരംഭം ഗുണകരമാവുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.ഒരു വര്‍ഷത്തിനകം ചികിത്സാ കേന്ദ്രം തുടങ്ങാനാണ് സംഘാടകര്‍ ലക്ഷ്യമിടുന്നത്.
കെട്ടിട ശിലാസ്ഥാപന ചടങ്ങില്‍ എം.എല്‍.എ ഒ ആര്‍ കേളു അധ്യക്ഷനായി. അല്‍ഖറാമ ഫൗണ്ടേഷന്‍ പ്രതിനിധി രാഹുല്‍ പദ്ധതിരേഖ ഫ്രണ്ട്‌സ് പാലിയേറ്റിവ് കണ്‍വീനര്‍ കൈപ്പാണി ഇബ്രാഹിമിന് കൈമാറി, തണല്‍ ചെയര്‍മാന്‍ ഡോ.ഇദ്‌രീസ് പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ പി.വി സജേഷ് (പടിഞ്ഞാറത്തറ), ഉഷാകുമാരി (എടവക), പി തങ്കമണി(വെള്ളമുണ്ട), ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ ദേവകി, എം ശ്രീധരന്‍, പി.ജെ വിന്‍സന്റ്, കെ.പി ഇല്യാസ്, എകരത്ത് മൊയ്തുഹാജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."