രോഗം ബാധിച്ച് ട്രെയിന്‍ യാത്രക്കിടെ വയോധികന്റെ മരണം വിവരം ബന്ധുക്കളെ യഥാസമയം അറിയിക്കാത്തതിന് മനുഷ്യാവകാശ കമ്മിഷന്‍ നടപടിക്ക്
പത്തനംതിട്ട: ഛത്തീസ്ഗഡില്‍ നിന്നു കേരളത്തിലേക്കുള്ള ട്രെയിന്‍ യാത്രക്കിടയില്‍ രോഗബാധിതനായി മരിച്ചയാളെക്കുറിച്ച് ബന്ധുക്കളെ അറിയിക്കാത്ത അധികൃതര്‍ക്കെതിരേ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടു. പറന്തല്‍ മിത്രപുരം സുശാന്ത് ഭവനില്‍ എം.കെ. ഭാസ്‌കരന്‍(65) ആണ് മരിച്ചത്.
ദക്ഷിണ റെയില്‍വേ ഡിവിഷനല്‍ മാനേജര്‍, കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട്, റെയില്‍വേ പൊലിസ് സൂപ്രണ്ട്, കൊച്ചി പൊലിസ് കമ്മിഷണര്‍ എന്നിവര്‍ സംഭവം സംബന്ധിച്ച് 15നകം വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു. സി.പി.ഐ. പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.പി. ജയന്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. അജ്ഞാത മൃതദേഹമാണെങ്കിലും സംസ്‌കരിക്കുന്നതിനു മുന്‍പ് പത്രമാധ്യമങ്ങള്‍വഴി പൊതുജനങ്ങളെ അറിയിക്കണമെന്ന പ്രാഥമിക കര്‍ത്തവ്യം പോലും പാലിക്കാന്‍ പൊലിസ് തയാറായില്ലെന്ന് പരാതിയില്‍ പറയുന്നു.
ചെങ്ങന്നൂരിലേക്കുള്ള യാത്രാമധ്യേ എറണാകുളത്ത് വച്ചാണ് ഭാസ്‌കരന്‍ അസുഖ ബാധിതനായത്. റെയില്‍വേ പൊലിസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പിന്നീട് മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഭാസ്‌കരന്റെ ബാഗ് എറണാകുളം നോര്‍ത്ത് പൊലിസ് സ്റ്റേഷനിലാണ് സൂക്ഷിച്ചിരുന്നത്. അത് തുറന്നു പരിശോധിച്ചിരുന്നെങ്കില്‍ ബന്ധുക്കളെ വിവരം അറിയിക്കാമായിരുന്നു. ആരും തിരക്കി വരില്ലെന്ന ഉറപ്പിന്മേല്‍ മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ രണ്ട് ദിവസത്തിനുശേഷം മൃതദേഹം അനാട്ടമി വിഭാഗത്തിന് പഠിക്കാന്‍ കൈമാറി.
എറണാകുളത്ത് നോര്‍ത്ത് പൊലിസ് സ്റ്റേഷനില്‍ നിന്നു ബാഗിന്റെ വിവരം വൈകിയാണ് വീട്ടുകാര്‍ക്ക് ലഭിച്ചത്. പൊലിസിന്റെയും മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതരുടേയും ഭാഗത്ത് ഗുരുതര വീഴ്ചയാണ് ഉണ്ടായതെന്നും പരാതിയില്‍ പറയുന്നു. മകന്റെ കുഞ്ഞിനെ കാണാനാണ് ഛത്തീസ്ഗഡില്‍ താമസിക്കുന്ന ഭാസ്‌കരന്‍ ഏപ്രില്‍ അഞ്ചിന് നാട്ടിലേക്കു തിരിച്ചത്. ഏഴിനാണ് എറണാകുളത്ത് വച്ച് അസുഖം ബാധിച്ചത്. ഛത്തീസ്ഗഡില്‍ ജലഅതോറിറ്റി ജീവനക്കാരനായിരുന്നു ഭാസ്‌കരന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."