സമ്പൂര്‍ണ വൈദ്യുതീകരണ സംസ്ഥാനം: പ്രഖ്യാപനം ഇന്ന്
തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ വൈദ്യുതീകരണത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന്. നവകേരളം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് വൈകിട്ട് 3.30ന് കോഴിക്കോട് ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപനം നിര്‍വഹിക്കും. എല്ലാ വീടുകളും വൈദ്യുതീകരിക്കുക എന്ന ലക്ഷ്യം നേടുന്ന ആദ്യ സംസ്ഥാനമാവുകയാണ് കേരളം.
മന്ത്രി എം.എം മണി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ വൈദ്യുതി സുരക്ഷാ കാംപയിന്‍ പ്രഖ്യാപനം നടത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്വിച്ച് ഓണ്‍ കര്‍മവും മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഇലെറ്റര്‍ പ്രഖ്യാപനവും നിര്‍വഹിക്കും.
മലബാര്‍ മേഖലയിലെ ആദ്യത്തെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പാര്‍ക്കായ കോഴിക്കോട് ഗവ. സൈബര്‍ പാര്‍ക്കിന്റെ പ്രഥമ ഐ.ടി കെട്ടിടമായ 'സഹ്യ' വൈകിട്ട് 4.30ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. രാമനാട്ടുകര-തൊണ്ടയാട് ബൈപാസിനോട് ചേര്‍ന്ന് 43.5 ഏക്കറിലെ ഗവ. സൈബര്‍ പാര്‍ക്കില്‍ 2.88 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലാണ് 'സഹ്യ'യുടെ നിര്‍മാണം പൂര്‍ത്തീകരിച്ചത്.
പത്തനംതിട്ടയില്‍ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വരട്ടാര്‍ പുനരുജ്ജീവന പദ്ധതി മന്ത്രി ടി.എം തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. മലപ്പുറം തിരൂര്‍ തുഞ്ചന്‍പറമ്പില്‍ നിര്‍മിക്കുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെ ശിലാസ്ഥാപനം ഇന്ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ തുഞ്ചന്‍ സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ എം.ടി.വാസുദേവന്‍ നായര്‍ ആമുഖപ്രഭാഷണം നടത്തും. തുഞ്ചന്‍ സ്മാരക പ്രസിദ്ധീകരണ വിഭാഗത്തിന്റെ ഉദ്ഘാടനം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിവഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."