ക്ഷേത്രങ്ങളിലെ ആക്രമണത്തിന് പിന്നില്‍ ക്രിമിനലുകളെന്ന് ദേവസ്വം മന്ത്രി
കൊച്ചി: ശബരിമല സ്ത്രീ പ്രവേശനത്തിന്റെ പേരില്‍ ക്ഷേത്രങ്ങളില്‍ ക്രിമിനലുകള്‍ കടന്നുകൂടി ആക്രമണം നടത്തുകയാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കഴിഞ്ഞ ദിവസം പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തിലും ചെറിയനാട് ക്ഷേത്രത്തിലും ഉണ്ടായ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ക്രിമിനലുകളാണ്.
ഇത്തരം നീക്കങ്ങളെ അംഗീകരിക്കാനാകില്ല. സംസ്ഥാനത്തെ ശാന്തമായ അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണിത്. ഇതിന് ബി.ജെ.പിയും ആര്‍.എസ്.എസും കോണ്‍ഗ്രസും കൂട്ടുനില്‍ക്കുകയാണെന്നും മന്ത്രി ആരോപിച്ചു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കടകംപള്ളി സുരേന്ദ്രന്‍.
വിധിയുടെ മറവില്‍ സംസ്ഥാനത്ത് ബി.ജെ.പി, ആര്‍.എസ്.എസ്, കോണ്‍ഗ്രസ് നടത്തിവരുന്ന വ്യാജപ്രചാരണങ്ങള്‍ അവസാനിപ്പിക്കണം. സര്‍ക്കാര്‍ എന്തോ പാതകം ചെയ്‌തെന്ന തരത്തില്‍ തെറ്റായ കാര്യങ്ങള്‍ പറഞ്ഞു പരത്തുകയാണിവര്‍. 2007 ല്‍ സുപ്രിംകോടതിയില്‍ അന്നത്തെ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം പരിഗണിച്ചാണ് ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ഇപ്പോള്‍ വിധി ഉണ്ടായിരിക്കുന്നത്. ശബരിമലയിലെ വസ്തുതകള്‍ ബോധ്യപ്പെടുത്തുന്നതിന് പര്യാപ്തമായ കമ്മിഷനെ നിയമിക്കണമെന്നാണ് അന്നത്തെ സത്യവാങ്മൂലത്തിലുള്ളത്. അതില്‍ ഒരു വരി കൂട്ടിച്ചേര്‍ക്കുക മാത്രമേ ഈ സര്‍ക്കാര്‍ ചെയ്തിട്ടുള്ളു. ഭരണഘടനാ ബെഞ്ച് പുറപ്പെടുവിക്കുന്ന വിധികള്‍ നടപ്പാക്കാന്‍ ഭരണഘടന അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന് ബാധ്യതയുണ്ട്. ആ കടമ നിര്‍വഹിക്കും. ശബരിമലയിലേക്ക് സ്ത്രീകളെ ക്ഷണിക്കുകയല്ല പകരം വിധിയുടെ പശ്ചാത്തലത്തില്‍ വരുന്ന സ്ത്രീകള്‍ക്ക് സംരക്ഷണവും സുരക്ഷിതത്വവും ഒരുക്കികൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."