ജയം കൈവിട്ടു
കൊച്ചി: സ്വന്തം തട്ടകത്തിലെ ആദ്യപോരാട്ടത്തില്‍ കേരളത്തിന്റെ മഞ്ഞപ്പടയ്ക്ക് മുംബൈ സിറ്റി എഫ്.സിയോട് സമനില. ആദ്യപകുതിയില്‍ നേടിയ ഒരു ഗോളിന്റെ ലീഡില്‍ വിജയപ്രതീക്ഷയിലായിരുന്ന ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍മുഖത്തേക്ക് രണ്ടാം പകുതിയുടെ അവസാനം മുംബൈ എഫ്.സി അപ്രതീക്ഷിത ആക്രമണം നടത്തിയതോടെ മുന്‍ പോരാട്ടങ്ങളിലെ പോലെ സമനിലയില്‍ തന്നെ കേരളത്തിന്റെ കൊമ്പന്മാര്‍ക്ക് കളം വിടേണ്ടിവന്നു. കളിയുടെ ആദ്യാവസാനം വരെ ലീഡ് നിലനിര്‍ത്തിപ്പോന്ന ബ്ലാസ്റ്റേഴ്‌സിനെ ഇഞ്ചുറി ടൈമില്‍ പ്രഞ്ജല്‍ ഭൂമിജുവിന്റെ തകര്‍പ്പന്‍ ഷോട്ട് സമനിലയിലേക്ക് നയിച്ചു. സഞ്ചുവിന്റെ പാസിലാണ് ഭൂമിജും ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷകളെ തകര്‍ത്തത്. അതോടെ സ്‌കോര്‍ 1-1 . പകരക്കാരായി ഇറങ്ങിയവരായിരുന്നു മുംബൈയുടെ രക്ഷകരായി മാറിയത്്. ബ്ലാസ്റ്റേഴ്‌സിന്റെ അംബാസിഡറായ മോഹന്‍ലാല്‍ പ്രളയത്തില്‍ രക്ഷകരായ മത്സ്യത്തൊഴിലാളികളെ ആദരിച്ചുകൊണ്ടാണ് കൊച്ചിയിലെ പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
കളം നിറഞ്ഞാടി ആദ്യാവസാനം വരെ മുംബൈ എഫ്.സിയെ നിലംതൊടിക്കാതെ കഴിഞ്ഞ സീസണില്‍ എടുത്ത മികവ് ഇത്തവണയും കേരള ബ്ലാസ്റ്റേഴ്‌സ് നിലനിര്‍ത്തി. കളിയുടെ തുടക്കം മുതല്‍ മഞ്ഞപ്പടയുടെ മേധാവിത്വമായിരുന്നു കളിയില്‍ ഉടനീളം. ആദ്യ മിനുട്ടുകളില്‍ തന്നെ ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റനിര നിരവധി തവണ മുംബൈ പ്രതിരോധം തകര്‍ത്തു മുന്നേറി. മൂന്നാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്‌സിന്റെ നര്‍സാരിക്ക് സുവര്‍ണാവസരം ലഭിച്ചെങ്കിലും ഷോട്ട് മുംബൈ ഗോളി അമരീന്ദര്‍സിങ് നിഷ്ഫലമാക്കി. 13-ാം മിനുട്ടില്‍ സ്ലാവിസ സ്‌റ്റൊയനോവിച്ച്, പൊപ്ലാട്‌നിക് സഖ്യം നല്ലൊരു മുന്നേറ്റം എതിര്‍ ബോക്‌സിലേക്ക് മെനഞ്ഞു. മുന്നേറ്റത്തിനൊടുവില്‍ പന്ത് ലഭിച്ച പൊപ്ലാന്‍ടിക്കിന്റെ ഷോട്ട് ലൂസിയാന്‍ ഗോയിന്‍ കോര്‍ണര്‍ വഴങ്ങി രക്ഷപ്പെടുത്തി. 17-ാം മിനുട്ടില്‍ മുംബൈ പ്രത്യാക്രമണത്തിന് തയാറായെങ്കിലും അഡ്വാന്‍ഡ് ചെയ്ത് കയറിവന്ന ബ്ലാസ്റ്റേഴ്‌സ് ഗോളി ധീരജ് സിങ് ഹെഡ്ഡ് ചെയ്ത് അപകടം ഒഴിവാക്കി. 24-ാം മിനുട്ടില്‍ ഗ്യാലറി തിങ്ങിനിറഞ്ഞ മഞ്ഞപ്പടയെ ആവേശത്തിലാഴ്ത്തി ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഗോള്‍ പിറന്നു. സുന്ദരമായ മുന്നേറ്റത്തിനൊടുവില്‍ ക്രാമറിച്ച് നല്‍കിയ ബാക്ക് ഹീല്‍ പാസ് ദംഗലിന്റെ കാലുകളിലേക്ക്. ദുംഗല്‍ ഷോട്ട് എടുക്കാതെ പന്ത് ആരാലും മാര്‍ക്ക് ചെയ്യപ്പെടാതിരുന്ന ഹാളിചരണ്‍ നര്‍സാരിക്ക് നല്‍കി. പന്ത് കിട്ടിയ നര്‍സാരി ഇടംകാലുകൊണ്ട് പായിച്ച ഷോട്ടിന് മുന്നില്‍ മുംബൈ ഗോളി അമരീന്ദര്‍ സിങ് നിസാഹയനായിരുന്നു. ലീഡ് വഴങ്ങിയതോടെ മുംബൈ സിറ്റി താരങ്ങള്‍ മുന്നേറ്റത്തിന് കരുത്തുകൂട്ടാന്‍ ശ്രമിച്ചെങ്കിലും ജിങ്കനും നെമന്‍ജ പെസിച്ചും മുഹമ്മദ് റാകിപും ലാല്‍റുവാത്താരയും അടങ്ങിയ പ്രതിരോധം അവയെല്ലാം വിഫലമാക്കി. തുടര്‍ന്നും ബ്ലാസ്റ്റേഴ്‌സ് അതിവേഗ മുന്നേറ്റങ്ങളുമായി കളം നിറഞ്ഞെങ്കിലും മുംബൈ സിറ്റി കടുത്ത പ്രതിരോധം ഉയര്‍ത്തിയതോടെ ലീഡ് ഉയര്‍ത്താന്‍ ആദ്യപകുതിയില്‍ ആതിഥേയര്‍ക്കായില്ല.
പകരക്കാര്‍ മുംബൈയുടെ
രക്ഷകരായി
54ാം മിനുട്ടില്‍ ദുംഗലിനെ തിരിച്ചുവിളിച്ച് ഡേവിഡ് ജെയിംസ് മഞ്ഞപ്പടയുടെ പ്രിയതാരം സി.കെ വിനീതിനെ കളത്തിലിറക്കി. 57ാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഒരു മുന്നേറ്റം കോര്‍ണറിന് വഴങ്ങി മുംബൈ സിറ്റി താരം രക്ഷപ്പെടുത്തി. 61ാം മിനുട്ടില്‍ പൊപ്ലാട്‌നിക്കിന് പകരം കറേജ് പെക്കൂസണെ ബ്ലാസ്റ്റേഴ്‌സ് കോച്ച് കളത്തിലിറക്കി. മൂന്നുമിനുട്ടിനുശേഷം മക്കാഡോവെ പിന്‍വലിച്ച് മിറാബാജയെ മുംബൈ സിറ്റിയും മൈതാനത്തിറക്കി. 69ാം മിനുട്ടില്‍ മുംബൈ സിറ്റിയുടെ സൗവിക് ഘോഷിന്റെ നല്ലൊരു ഷോട്ട് നേരിയ വ്യത്യാസത്തിന് പുറത്തേക്കു പറന്നപ്പോള്‍ ആരാധകര്‍ ആശ്വാസമായി.
70ാം മിനിറ്റില്‍ സഹലിന് പകരം കിസിറോണ്‍ കിസിറ്റോ ബ്ലാസ്‌റ്റേഴ്‌സിനും തൊട്ടുപിന്നാലെ റയിനര്‍ ഫെര്‍ണാണ്ടസിന് പകരം ഭുമിജും കളത്തിലെത്തി. 81ാം മിനിറ്റില്‍ ഇസോകോയ്ക്ക് പകരം സഞ്ജു പ്രധാനെ മുംബൈ കളത്തിലിറക്കിയതിന് ഫലമുണ്ടായി. അധികസമയം മൂന്നാം മിനിട്ടില്‍ സഞ്ജുവിന്റെ പാസ് മുംബൈയ്ക്ക് കച്ചിതുരമ്പായി മാറി. പകരക്കാരനായി ഇറങ്ങിയ ഭൂമിജ് അത് ഗോളാക്കി മാറ്റി. ഒക്ടോബര്‍ 20ന് കൊച്ചിയില്‍ ദല്‍ഹി ഡൈനാമോസിനെതിരേയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത പോരാട്ടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."