ഗാന്ധിയും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവും ഓക്‌സ്ഫഡില്‍ നിര്‍ബന്ധ പഠനവിഷയം
ലണ്ടന്‍: മഹാത്മാ ഗാന്ധിയും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവും ഇനിമുതല്‍ ഓക്‌സ്ഫഡ് സര്‍വകലാശാലാ ചരിത്രവിദ്യാര്‍ഥികള്‍ക്ക് നിര്‍ബന്ധ പഠനവിഷയം. ഇന്ത്യന്‍, ഏഷ്യന്‍, മധ്യേഷ്യന്‍ രാജ്യങ്ങളുടെ ചരിത്രം കൂടി ഉള്‍പ്പെടുത്തി പാഠ്യപദ്ധതി കൂടുതല്‍ വിശാലമാക്കാന്‍ സര്‍വകലാശാലാ അക്കാദമിക വിഭാഗം തീരുമാനിക്കുകയായിരുന്നു.
ഓക്‌സ്ഫഡ് ചരിത്ര ബിരുദ പാഠ്യപദ്ധതിയിലാണ് പുതിയ മാറ്റങ്ങള്‍ നടപ്പാക്കിയത്.
മഹാത്മാ ഗാന്ധി, മാര്‍ട്ടിന്‍ ലൂതര്‍ കിങ് എന്നിവരെ ഉയര്‍ത്തിക്കാണിച്ചു കൊണ്ടുള്ള പുതിയ നിര്‍ബന്ധിത വിഷയത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം, 1960കളിലെ പൗരാവകാശ പ്രസ്ഥാനം തുടങ്ങിയവയും പാഠഭാഗമാകുന്നു.
നേരത്തെ ബ്രിട്ടീഷ്, പടിഞ്ഞാറന്‍ രാഷ്ട്രങ്ങളുടെ ചരിത്രം മാത്രമാണ് ലോകത്തെ പ്രമുഖ സര്‍വകലാശാലയുടെ പാഠ്യപദ്ധതിയിലുണ്ടായിരുന്നത്. ഇതിനെതിരേ വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. 'എന്റെ പാഠ്യപദ്ധതി എന്തു കൊണ്ട് വെള്ളക്കാരന്റേതാകുന്നു?' എന്ന പേരില്‍ ചരിത്ര പാഠ്യപദ്ധതി അപകോളനീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ വിവിധ തലങ്ങളില്‍ പ്രക്ഷോഭങ്ങള്‍ നടത്തിവരികയായിരുന്നു. ഇതേതുടര്‍ന്നാണ് കറുത്ത വംശജരുടെയും മൂന്നാംലോക രാജ്യങ്ങളുടെയും ചരിത്രം കൂടി ഉള്‍പ്പെടുത്തി പാഠ്യപദ്ധതി വിപുലീകരിച്ചത്. ചരിത്ര പഠനത്തില്‍ വൈവിധ്യം ആവശ്യമാണെന്ന ആലോചനയുടെ ഭാഗമായാണ് പാഠ്യപദ്ധതിയില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നതെന്നും ഇതിനു മുന്നോടിയായി വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തിയിരുന്നുവെന്നും ഓക്‌സ്ഫഡ് ചരിത്രവിഭാഗം തലവന്‍ മാര്‍ട്ടിന്‍ കോണ്‍വേ പറഞ്ഞു.
വിദ്യാര്‍ഥി സമരങ്ങളുടെ പശ്ചാത്തലത്തില്‍ മറ്റു ബ്രിട്ടീഷ് സര്‍വകലാശാലകളും പാഠ്യപദ്ധതി വിപുലീകരണത്തെ കുറിച്ച് ആലോചിക്കുന്നുണ്ട്. കറുത്ത വംശജരുടെ ചരിത്രത്തെ കുറിച്ചുള്ള പുതിയ പാഠഭാഗത്തിന്റെ പണിപ്പുരയിലാണെന്ന് ലീഡ്‌സ് സര്‍വകലാശാലാ ചരിത്ര വിഭാഗം പ്രൊഫസര്‍ റാഫേല്‍ ഹാലെറ്റ് അറിയിച്ചു. പടിഞ്ഞാറന്‍-മേധാവിത്വ രീതിയിലുള്ള ചരിത്രഭാഷ്യം തന്നെ തിരുത്തുന്നതിന്റെ ഭാഗമായാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷ് സാമ്രാജ്യത്തെ കുറിച്ചുള്ള ചരിത്രത്തിന്റെ പാഠ്യരീതി മാറ്റുകയാണെന്ന് കാംബ്രിജ് സര്‍വകലാശാലാ പ്രൊഫസര്‍ സര്‍ റിച്ചാര്‍ഡ് ഇവാന്‍സ് അറിയിച്ചു.
ലണ്ടനിലെ സ്‌കൂള്‍ ഓഫ് ഓറിയന്റല്‍ ആന്‍ഡ് ആഫ്രിക്കന്‍ സ്റ്റഡീസ്(സൊയാസ്) വിദ്യാര്‍ഥി യൂനിയനാണ് ചരിത്ര പാഠ്യപദ്ധതി അപകോളനീകരിക്കണമെന്ന ആവശ്യവുമായി ആദ്യമായി കാംപയിന്‍ ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."