കണ്ണൂരില്‍ വിദേശ വിമാന കമ്പനികളുടെ സര്‍വിസ് ഉടനുണ്ടാവില്ല
കണ്ണൂര്‍: ഏയ്റോഡ്രോം ലൈസന്‍സ് ലഭിച്ചെങ്കിലും കണ്ണൂര്‍ വിമാനത്താവളത്തില്‍ വിദേശ വിമാനക്കമ്പനികള്‍ക്ക് സര്‍വിസ് നടത്താന്‍ അനുമതി നേടിയെടുക്കല്‍ പ്രധാന കടമ്പ. വിദേശ വിമാനങ്ങള്‍ക്ക് പുതിയ വിമാനത്താവളങ്ങളില്‍ അനുമതി നല്‍കേണ്ടെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടാണു ഡിസംബര്‍ ഒന്പതിനു പ്രവര്‍ത്തനം തുടങ്ങുന്ന കണ്ണൂരിനു കുരുക്കാകുന്നത്.
ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കൊത്ത, ബംഗളൂരു, ഹൈദരാബാദ് വിമാനത്താവളങ്ങളെ ഹബ്ബുകളാക്കി മാറ്റി അവിടങ്ങളില്‍നിന്നു മാത്രം രാജ്യാന്തര വിമാന സര്‍വിസുകള്‍ നടത്താന്‍ ആലോചിക്കുന്ന കരടുരേഖ നേരത്തെ കേന്ദ്രം പുറത്തിറക്കിയിരുന്നു.
എന്നാല്‍ എതിര്‍പ്പ് രൂക്ഷമായതിനെ തുടര്‍ന്ന് ഈ നീക്കം ഉപേക്ഷിച്ചു. 2016 ലെ കേന്ദ്ര വ്യോമയാന നയത്തിലും വിദേശ വിമാനങ്ങളെ നിയന്ത്രിക്കുന്നതിനെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നില്ല.
കണ്ണൂരില്‍ വിദേശ വിമാനക്കമ്പനികള്‍ക്ക് സര്‍വിസ് നടത്താന്‍ അനുമതി നല്‍കണമെന്ന് ദിവസങ്ങള്‍ക്കു മുന്‍പ് ഡല്‍ഹിയില്‍ കൂടിക്കാഴ്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മുഖ്യമന്ത്രി പിണറായി വിജയന് ആവശ്യപ്പെട്ടിരുന്നു. ഇതു പരിഗണിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കിയെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല.
റണ്‍വേ 4000 മീറ്ററായി ഉയര്‍ത്തുമ്പോള്‍ ഡല്‍ഹി, ബംഗളൂരു, ഹൈദരാബാദ് വിമാനത്താവളങ്ങള്‍ക്കൊപ്പം കണ്ണൂരും ഇടംപിടിക്കും. തീരുമാനം കേന്ദ്രം പുനഃപരിശോധിച്ചില്ലെങ്കില്‍ കണ്ണൂരിന്റെ സമീപ വിമാനത്താവളമായ മംഗളൂരുവിനെ പോലെ ഇന്ത്യന്‍ കമ്പനികള്‍ക്ക് മാത്രമേ കണ്ണൂരില്‍നിന്ന് രാജ്യാന്തര സര്‍വിസ് നടത്താനാകൂ.
11 വിദേശ വിമാനക്കമ്പനികള്‍ കണ്ണൂരില്‍നിന്ന് സര്‍വിസ് നടത്താന്‍ ഇതിനകം കിയാല്‍ അധികൃതരെ സന്നദ്ധത അറിയിച്ചിട്ടുണ്ട്. എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ളൈ ദുബൈ, എയര്‍ അറേബ്യ, ഒമാന്‍ എയര്‍, ഖത്തര്‍ എയര്‍വേയ്സ്, ഗള്‍ഫ് എയര്‍, സഊദിയ, സില്‍ക്ക് എയര്‍, എയര്‍ ഏഷ്യ, മലിന്‍ഡോ എയര്‍ എന്നീ കമ്പനികളാണു കണ്ണൂരില്‍നിന്നു സര്‍വിസ് നടത്താന്‍ താല്പര്യം പ്രകടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."