ജമാഅത്തെ ഇസ്ലാമി: ശൈഖ് മുഹമ്മദിനെ സെക്രട്ടറിയായി തരംതാഴ്ത്തി
കോഴിക്കോട്: ജമാഅത്തെ ഇസ്ലാമി സംസ്ഥാന ഘടകത്തിന് പുതിയ സെക്രട്ടറിമാരെ പ്രഖ്യാപിച്ചു. മുതിര്‍ന്ന നേതാവായ ശൈഖ് മുഹമ്മദ് കാരക്കുന്ന് ഉള്‍പ്പെടെ അഞ്ചുപേരെയാണ് സെക്രട്ടറിമാരായി നിശ്ചയിച്ചത്. സംഘടനക്കുള്ളിലെ വിഭാഗീയതയുടെ ഭാഗമായാണ് ശൈഖ് മുഹമ്മദിനെ താരതമ്യേന പ്രാധാന്യം കുറഞ്ഞ സെക്രട്ടറിയായി തരംതാഴ്ത്തിയത്. 1982 മുതല്‍ ജമാഅത്തെ ഇസ്ലാമിയുടെ നേതൃരംഗത്തുള്ള അദ്ദേഹം കാലാവധി പൂര്‍ത്തിയാക്കിയ കമ്മിറ്റിയില്‍ അസി.അമീറായിരുന്നു. മുന്‍ ജനറല്‍ സെക്രട്ടറി എം.കെ മുഹമ്മദലിയെയും സെക്രട്ടറിമാരില്‍ ഒരാളാക്കി തരംതാഴ്ത്തി.
പി.വി റഹ്മാബി, ശിഹാബ് പൂക്കോട്ടൂര്‍, കളത്തില്‍ ഫാറൂഖ് എന്നിവരാണ് മറ്റു സെക്രട്ടറിമാര്‍. ഡോ.കൂട്ടില്‍ മുഹമ്മദലി (ഐ.പി.എച്ച് ഡയരക്ടര്‍), ഡോ. ആര് യൂസുഫ് (വിദ്യാഭ്യാസ വകുപ്പ് ഡയരക്ടര്‍), ടി. മുഹമ്മദ് വേളം (സെന്റര്‍ ഫോര്‍ സ്റ്റഡി ആന്‍ഡ് റിസര്‍ച്ച് സെല്‍ ഡയരക്ടര്‍), എന്‍.എം അബ്ദുറഹ്മാന്, സാദിഖ് ഉളിയില്‍ (അസി.സെക്രട്ടറിമാര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍. സംസ്ഥാന അമീര്‍ എം.ഐ അബ്ദുല്‍ അസീസാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്.
സംസ്ഥാന കൂടിയാലോചന സമിതിയായ ശൂറയും കഴിഞ്ഞ മാസം നിലവില്‍ വന്നതിന് പിന്നാലെ അസി. അമീറായി പി. മുജീബ്റഹ്മാനെയും ജനറല്‍ സെക്രട്ടറിയായി വി.ടി അബ്ദുല്ലക്കോയ തങ്ങളെയും നിയമിച്ചിരുന്നു. നേതൃത്വത്തിനെതിരേ സാമ്പത്തിക ക്രമക്കേട് ആരോപണം ഉന്നയിച്ച ശൂറ അംഗമായുന്ന ഖാലിദ് മൂസ നദ്വിയെ പുറത്താക്കിയതോടെ സംഘടനക്കുള്ളില്‍ രൂപപ്പെട്ട അഭിപ്രായ വ്യത്യാസം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."