വികസനം സര്‍വതല സ്പര്‍ശിയാകണം: മുഖ്യമന്ത്രി
പാലക്കാട്: സാമൂഹ്യനീതിയിലധിഷ്ഠിതമായതും സര്‍വതല സ്പര്‍ശിയായതുമായ വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
എല്ലാ വിഭാഗം ജനങ്ങളും വികസനത്തിന്റെ സ്പര്‍ശം അറിയണമെന്നും അതിന് ഉതകുന്ന വിധത്തിലാണ് സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള പര്യടനത്തിന്റെ ഭാഗമായി പാലക്കാട് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഹരിതകേരളം, ആര്‍ദ്രം, ലൈഫ്, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്നീ നാല് മിഷനുകളിലൂടെ സമൂഹത്തിലെ എല്ലാ മേഖലയിലും വികസനം എത്തിക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. ഹരിതകേരളം മിഷനിലൂടെ ഉറവിട മാലിന്യ സംസ്‌കരണ മേഖലയില്‍ വലിയ മാറ്റം സൃഷ്ടിക്കാന്‍ സാധിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ വിദ്യാഭ്യാസ മേഖലയിലെ കൊഴിഞ്ഞ്‌പോക്ക് തടയാനും ഗ്രാമ പ്രദേശങ്ങളില്‍ ഉള്‍പ്പെടെ ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കാനും സാധിച്ചു.
ആര്‍ദ്രം മിഷന്റെ ഭാഗമായി ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് ആവിഷ്‌കരിച്ചത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളജുകളില്‍ വരെ മികച്ച സേവനങ്ങള്‍ ഉറപ്പാക്കി.
ഇതിലൂടെ കൊവിഡ് മഹാമാരിയെ അതിജീവിക്കുവാന്‍ സംസ്ഥാനത്തിന് സാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടിയുടെ ഭാഗമായി ജില്ലയില്‍ പാലക്കാട് ഗവ.മെഡിക്കല്‍ കോളജ് ഒ.പി, ശബരി ആശ്രമം, ഒളപ്പമണ്ണ സാംസ്‌കാരിക നിലയം, ഇന്ദുചൂഡന്‍ സ്മാരകം, ബ്രഹ്മാനന്ദ ശിവയോഗി സ്മാരകം എന്നിവയുടെ ഉദ്ഘാടനവും വരും ദിവസങ്ങളില്‍ നടക്കും. വികസന പാതയില്‍ ഇനിയും മുന്നോട്ടു പോകേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍, ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി എന്നിവര്‍ സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."