ശുചീകരണക്കാരുടെ കണ്ണില്‍ പെടാതെ നഗരമധ്യത്തിലെ മാലിന്യക്കൂമ്പാരം
കൊട്ടാരക്കര: ഗാന്ധിജയന്തി ദിനത്തില്‍ മഹാശുചീകരണം നടത്തിയവര്‍ കണ്ടില്ല നഗര ഹൃദയത്തിലെ ഈ മാലിന്യക്കൂമ്പാരം. നഗരമാലിന്യം കുന്നുകൂടി ദുഷിച്ചു നാറുകയാണ്. ജനത്തിരക്കേറിയ കൊട്ടാരക്കര കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റ് പരിസരത്താണ് ഈ മാലിന്യ നിക്ഷേപ കേന്ദ്രം.
സ്റ്റാന്റിന്റെ പ്രവേശന കവാടത്തിനരുകിലും ഇതിനോടു ചേര്‍ന്നുള്ള ഉപയോഗശൂന്യമായ സ്വകാര്യ പുരയിടത്തിലുമാണ് മാലിന്യം കുന്നുകൂടി കിടക്കുന്നത്. ഹോട്ടലുകളില്‍ നിന്നും ബേക്കറികളില്‍ നിന്നും മറ്റു വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുമുള്ള പ്ലാസ്റ്റിക് മാലിന്യമുള്‍പ്പെടെയാണ് ഇവിടെ കുന്നുകൂടികിടക്കുന്നത്. വര്‍ഷങ്ങളായി കെട്ടിക്കിട ക്കുന്ന മാലിന്യം അഴുകി ദുഷിച്ചു നാറുന്നു. മൂക്കുപൊത്താതെ സ്റ്റാന്റില്‍ പ്രവേശിക്കുവാന്‍ കഴിയാത്ത സ്ഥിതിയാണ്. രാത്രി കാലത്തും പുലര്‍ച്ചെയുമാണ് ഇവിടെ മാലിന്യം കൊണ്ടുവന്നു തള്ളുന്നത്. പ്രവേശന കവാടത്തിലെ മാലിന്യ നിക്ഷേപ സ്ഥലത്ത് മലമൂത്രവിസര്‍ജ്ജനവും നടന്നു വരുന്നുണ്ട്. പതിനഞ്ചോളം സെക്യൂരിറ്റി ജീവനക്കാര്‍ സ്റ്റാന്റിലുണ്ടെങ്കിലും മാലിന്യ നിക്ഷേപം തടയാന്‍ നടപടി സ്വീകരിക്കുന്നില്ല. ഉയര്‍ന്ന ഉദ്യോഗസ്ഥരും ജാഗ്രത കാട്ടുന്നില്ല.ഗാന്ധിജയന്തി ദിനത്തില്‍ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിലായിരുന്നു മഹാ ശുചീകരണ യജ്ഞം. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കുടുംബശ്രീ പ്രവര്‍ത്തകരും തൊഴിലുറപ്പുകാരുമെല്ലാം പങ്കാളികളായിരുന്നു. പ്രധാനസ്ഥലത്തെ ഈ മാലിന്യക്കൂമ്പാരം ഇവര്‍ക്കാര്‍ക്കും കാണാന്‍ കഴിഞ്ഞില്ലല്ലോ എന്നാണ് ഇപ്പോള്‍ ജനങ്ങള്‍ പരിഹസിക്കുന്നത്. സര്‍ക്കാര്‍ ഉത്തരവ് പ്രഹസനമാക്കിയെന്നും കുറ്റപ്പെടുത്തലുണ്ട്. ദിനംപ്രതി ആയിരക്കണക്കിനാളുകള്‍ വന്നു പോകുന്ന സ്റ്റാന്റിലെ ഈ മാലിന്യ നിക്ഷേപം പൊതുജനാരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്നും ആശങ്കയുയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."