വിദ്യാഭ്യാസ മികവുകളും സര്‍ക്കാര്‍ സര്‍വിസുകളും പഠിക്കാന്‍ ബീഹാര്‍ സംഘം തൃക്കരിപ്പൂരില്‍
തൃക്കരിപ്പൂര്‍: വിദ്യാഭ്യാസ മികവുകളും സര്‍ക്കാര്‍ സര്‍വിസുകളും പഠിക്കാന്‍ ബീഹാര്‍ സംഘം തൃക്കരിപ്പൂരിലും പരിസര പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തിലും സന്ദര്‍ശനം നടത്തി. ബീഹാര്‍ കിഷന്‍ഗഞ്ച് ജില്ലയില്‍ ജില്ലാപഞ്ചായത്തില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് സംഘം തൃക്കരിപ്പൂരിലെത്തിയത്. കേരളത്തിലെ വിദ്യാഭ്യാസ പുരോഗതി ബീഹാറുമായി തട്ടിച്ചുനോക്കുമ്പോള്‍ ബീഹാര്‍ പതിറ്റാണ്ടുകള്‍ക്ക് പിന്നിലാണെന്ന് സംഘം വിലയിരുത്തി.
സ്‌കൂള്‍ അധ്യാപകരും രക്ഷിതാക്കളും സര്‍ക്കാര്‍ സംവിധാനങ്ങളും ഒന്നിക്കുന്നതും ഓരോ പ്രദേശത്തുകാരുടെ സഹകരണവും സ്‌കൂളില്‍ കുട്ടികള്‍ക്കാവശ്യമായ ഭൗതിക സാഹചര്യം ഒരുക്കുന്നതും വിദ്യാഭ്യാസ പുരോഗതിക്ക് കാരണമെന്ന് മനസിലാക്കുന്നതായി സംഘം അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ സഹായങ്ങള്‍ ഏതുതരത്തിലാണ് അവകാശികള്‍ക്കുകിട്ടുന്നതെന്നും അതിനു വേണ്ടി പൊതുജനം എന്തൊക്കെ ചെയ്യുന്നുവെന്നും ചോദിച്ച് മനസിലാക്കി.
കിഷന്‍ഗഞ്ച് ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സിക്കന്തര്‍ ഹയാത്ത്, സര്‍വര്‍ ആലം, അഫ്‌സാര്‍ ആലം സിദ്ദീഖി, ഇംറാന്‍ ആലം, വിദ്യാഭ്യാസ പ്രവര്‍ത്തകരായ ഡോ. ഇഫ്ത്തിഖാര്‍ അഹ്‌സം, ഗുലാം മുസ്തഫ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. തൃക്കരിപ്പൂര്‍, ചന്തേര, ഉദിനൂര്‍, തങ്കയം എന്നിവിടങ്ങളിലെ വിവിധ മഹല്ല് സംവിധാനം, സ്‌കൂളുകള്‍, മദ്‌റസകള്‍, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വിവിധ സന്നദ്ധ സംഘടനാ പ്രവര്‍ത്തന സംവിധാനങ്ങള്‍ എന്നിവ സംഘം സന്ദര്‍ശിക്കുകയും പഞ്ചായത്ത് അധികൃതര്‍, സ്‌കൂള്‍ കുട്ടികള്‍, മാനേജ്‌മെന്റ് പ്രതിനിധികള്‍, മഹല്ല് ജമാഅത്ത് ഭാരവാഹികള്‍, അധ്യാപകര്‍ എന്നിവരുമായി ചര്‍ച്ച നടത്തുകയും ചെയ്തു. സംഘം ഇന്ന് മറ്റു ജില്ലകളിലേക്കു തിരിക്കും. ദാറുല്‍ ഹുദായുടെ ഹാദിയ, ഹുദവി അസോസിയേഷന്‍, പ്രയാണ്‍ ഫൗണ്ടേഷന്‍ എന്നിവരുടെ അതിഥികളായാണ് ബീഹാര്‍ സംഘം കേരളത്തിലെത്തിയത്.
സയ്യിദ് ടി.കെ പൂക്കോയതങ്ങള്‍ ചന്തേര, ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍, സി.ടി അബ്ദുല്‍ ഖാദര്‍, സഈദ് ഹുദവി ആനക്കര എന്നിവര്‍ സംഘത്തിനു വിവിധ സ്ഥാപനങ്ങള്‍ പരിചയപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."