ചോമ്പാല്‍ തുറമുഖത്തെ പ്രവേശന നിരക്ക് കുത്തനെ കൂട്ടി; പ്രതിഷേധം ശക്തം
വടകര: ചോമ്പാല്‍ മത്സ്യബന്ധന തുറമുഖത്തില്‍ വാഹനങ്ങള്‍ പ്രവേശിക്കുന്നതിനുള്ള നിരക്ക് കുത്തനെ കൂട്ടി. മോട്ടോര്‍ ബൈക്കിന് നിലവിലുള്ള അഞ്ചു രൂപ 25 രൂപയാക്കിയും പാസഞ്ചര്‍ ഓട്ടോ 20 രൂപയില്‍നിന്നു 40 രൂപയും ഗുഡ്‌സ് ഓട്ടോ 40 എന്നത് 60 രൂപയും പിക്കപ്പിന് 70 എന്നത് 100 രൂപയും ലോറി 100 രൂപയില്‍നിന്നു 200 രൂപയാക്കിയുമാണ് വര്‍ധിപ്പിച്ചത്.
സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ് ഈ മാസം ഒന്നാം തിയതി മുതല്‍ വാഹന പ്രവേശന നിരക്ക് വര്‍ധിപ്പിച്ചത്. നൂറു മുതല്‍ മുന്നൂറ് ശതമാനം വരെയാണ് വര്‍ധനവ്. കഴിഞ്ഞ രണ്ടു ദിവസമായി ഇതിനെതിരേ ശക്തമായ പ്രതിഷേധ പ്രകടനവും യോഗങ്ങളുമാണ് നടക്കുന്നത്. സംയുക്ത മത്സ്യ വില്‍പന തൊഴിലാളികളാണ് നിരക്ക് വര്‍ധനവിനെതിരേ സംഘടിച്ചത്. നിരക്ക് വര്‍ധിപ്പിക്കുമ്പോഴും ഹാര്‍ബറിലെ അടിസ്ഥാന സൗകര്യങ്ങള്‍ കൂട്ടുന്നില്ലന്നാണ് മത്സ്യത്തൊഴിലാളികളുടെ മറ്റൊരു പരാതി. വലിയ ലോറികളും അവരുടെ ബോക്‌സുകളും കൊണ്ട് ഹാര്‍ബര്‍ നിറയുമ്പോള്‍ ബൈക്ക്, ഗുഡ്‌സ് ഓട്ടോ പോലുള്ള ചെറിയ വാഹനങ്ങള്‍ക്ക് ഇടംനല്‍കാതെ തഴയപ്പെടുകയാണ്. ഇന്നലെ മുതല്‍ പ്രവേശന ഫീസ് നല്‍കാതെ സമരം ശക്തമാക്കുമെന്ന് സമരസമിതി ഭാരവാഹികള്‍ പറഞ്ഞു. സമരസമിതി രൂപീകരിച്ചതിന് ശേഷം ബഹുജന പ്രകടനവും പ്രതിഷേധ യോഗവും നടത്തി. വര്‍ധിപ്പിച്ച നിരക്ക് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അസിസ്റ്റന്റ് എന്‍ജിനീയര്‍ക്ക് നിവേദനവും നല്‍കി. സമരസമിതി ഭാരവാഹികള്‍: ഷംസീര്‍ ചോമ്പാല (ചെയര്‍മാന്‍), രാജേഷ് മാട്ടു (കണ്‍വീനര്‍), മജീദ് സി, (ട്രഷറര്‍), അഷ്‌റഫ് വി.എം (കോഡിനേറ്റര്‍).
അതേസമയം നിരക്ക് വര്‍ധനവ് നേരത്തെ തന്നെ നിലവിലുണ്ടായിരുന്നെങ്കിലും കുറഞ്ഞ നിരക്ക് മാത്രം ഈടാക്കുകയായിരുന്നുവെന്നാണ് കരാറെടുത്തവര്‍ പറയുന്നത്. ഇതിനാലാണ് ഇപ്പോള്‍ വരുത്തിയത് വലിയ വര്‍ധനവായി തോന്നുന്നതെന്നും ഇവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."