കൗണ്‍സില്‍ യോഗത്തിലും ബ്രൂവറി; എക്‌സൈസ് മന്ത്രിക്കെതിരേ മുദ്രാവാക്യവുമായി പ്രതിപക്ഷം
കോഴിക്കോട്: ബ്രൂവറി അനുവദിച്ചതിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ടുവന്ന അടിയന്തിര പ്രമേയത്തിന് മേയര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ബഹളം. മുസ്്‌ലിം ലീഗിലെ കെ.ടി ബീരാന്‍കോയ കൊണ്ടുവന്ന അടിയന്തിര പ്രമേയത്തിനാണ് അവതരണാനുമതി നിഷേധിച്ചത്. തുടര്‍ന്ന് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ എക്‌സൈസ് മന്ത്രിക്കെതിരേ സഭയില്‍ മുദ്രാവാക്യം വിളിച്ചു.
അതേ സമയം ഇന്ധന വിലകുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാവണമെന്നാവശ്യപ്പെട്ട് കൊണ്ട് ബി.ജെ.പി അംഗങ്ങള്‍ കൊണ്ടുവന്ന അടിയന്തിര പ്രമേയത്തിന് മേയര്‍ അനുമതി നല്‍കി. കേന്ദ്രസര്‍ക്കാരും ഇന്ധനകമ്പനികളും ചേര്‍ന്ന് രണ്ടര രൂപ കുറച്ച സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരും വില കുറയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നമ്പിടി നാരായണനാണ് അടിയന്തിരപ്രമേയം കൊണ്ടുവന്നത്.
സി.പി.എം കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ കെ.വി ബാബുരാജ് ഉള്‍പ്പെടെയുള്ള സി.പി.എം കൗണ്‍സിലര്‍മാര്‍ പ്രമേയത്തെ എതിര്‍ത്തു. മുസ്‌ലിം ലീഗ് കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ സി. അബ്ദുറഹിമാന്‍ പ്രമേയത്തെ പിന്തുണയ്ക്കണമെന്ന് അഭിപ്രായപ്പെട്ടു. എന്നാല്‍ പ്രമേയത്തെ തള്ളിക്കളയണമെന്നായിരുന്നു പ്രതിപക്ഷ നേതാവ് കോണ്‍ഗ്രസ്സിലെ അഡ്വ. പി.എം സുരേഷ്ബാബുവിന്റെ അഭിപ്രായം. ചര്‍ച്ചയ്‌ക്കൊടുവില്‍ പ്രമേയം വോട്ടിനിട്ടു. കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ്, ബി.ജെ.പി അംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചെങ്കിലും സി.പി.എം, ജനതാ ദള്‍ കൗണ്‍സിലര്‍മാര്‍ എതിര്‍ത്തു വോട്ടുചെയ്തതോടെ പ്രമേയം പാസ്സാക്കാനായില്ല. പ്രമേയം വോട്ടിനിടുന്ന സമയത്ത് അഡ്വ. പി.എം. സുരേഷ്ബാബു സഭയിലുണ്ടായിരുന്നുമില്ല.
തെരുവുനായ ശല്യത്തിന് പരിഹാരമായി പൂളക്കടവില്‍ തുടങ്ങുന്ന തെരുവുനായ വന്ധ്യംകരണ കേന്ദ്രം നവംബര്‍ അവസാന വാരം പ്രവര്‍ത്തനം തുടങ്ങാന്‍ യോഗത്തില്‍ തീരുമാനമായി. നഗരത്തില്‍ വര്‍ധിച്ചുവരുന്ന തെരുവുനായ ശല്യം പരിഹരിക്കാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കൗണ്‍സിലര്‍ നവ്യ ഹരിദാസ് കൊണ്ടു വന്ന ശ്രദ്ധക്ഷണിക്കലിന് മറുപടിയായാണ് വികസന സ്ഥിരം സമിതി ചെയര്‍മാന്‍ പി.സി രാജന്‍ ഇക്കാര്യം സഭയെ അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."