ഗോവധം: ഓര്‍ഡിനന്‍സിന് കര്‍ണാടക മന്ത്രിസഭയുടെ അംഗീകാരം
ബംഗളൂരു: കര്‍ണാടകയില്‍ പ്രതിപക്ഷ എതിര്‍പ്പ് അവഗണിച്ച് വിവാദമായ ഗോവധ നിരോധന ബില്ല് ഓര്‍ഡിനന്‍സായി ഇറക്കി സര്‍ക്കാര്‍.
ഓര്‍ഡിനന്‍സിന് ഇന്നലെ ചേര്‍ന്ന മന്ത്രിസഭ അംഗീകാരം നല്‍കി. ബില്ലിന് നേരത്തെ കര്‍ണാടക നിയമസഭ അംഗീകാരം നല്‍കിയിരുന്നു. ശബ്ദവോട്ടോടെയായിരുന്നു അംഗീകാരം. എന്നാല്‍, പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള ഉപരിസഭയായ ലെജിസ്ലേറ്റിവ് കൗണ്‍സിലില്‍ ബില്ല് അവതരിപ്പിച്ചിരുന്നില്ല. ഇതിനിടെയാണ് ഇന്നലെ ധൃതിപിടിച്ച് ബില്ല് ഓര്‍ഡിനന്‍സായി ഇറക്കിയത്.
അതേസമയം, സംസ്ഥാനത്ത് ബീഫ് ഉപയോഗത്തിന് തടസമില്ലെന്ന് നിയമമന്ത്രി ജെ.സി മധുസ്വാമി പറഞ്ഞു. ബീഫ് ഉപയോഗിക്കാനായി നിലവിലുള്ള അറവുശാലകള്‍ പ്രവര്‍ത്തിപ്പിക്കാമെന്നും അദ്ദേഹം അറിയിച്ചു. ഓര്‍ഡിനന്‍സ് ഇന്നോ നാളെയോ ഗവര്‍ണര്‍ക്ക് അയച്ചുകൊടുക്കുമെന്നും മന്ത്രി അറിയിച്ചു. പശു, കിടാവ്, കറവയുള്ള മറ്റു കന്നുകാലികള്‍ എന്നിവയുടെ കശാപ്പ് പൂര്‍ണമായും നിരോധിക്കുന്ന വിധത്തിലായിരുന്നു നേരത്തെ സഭയില്‍ അവതരിപ്പിച്ച ബില്ല്. ഇതുപ്രകാരം നിയമം ലംഘിക്കുന്നവര്‍ക്ക് ഏഴു വര്‍ഷം വരെ തടവും അഞ്ചു ലക്ഷം രൂപ വരെ പിഴയും ലഭിക്കും. തെറ്റ് ആവര്‍ത്തിച്ചാല്‍ 10 ലക്ഷം രൂപ വരെ പിഴ ചുമത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."