വെള്ളത്തിലായി മെഗാ ടൂറിസം സര്‍ക്യൂട്ട് പദ്ധതി ഒരു ഉത്തരവ് മതി കരകയറാന്‍
ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ ഒരു ഉത്തരവില്‍ കരയണയാന്‍ കാത്ത് കോടികളുടെ ടൂറിസം പദ്ധതി. 52.25 കോടിയുടെ ആലപ്പുഴ മെഗാ ടൂറിസം സര്‍ക്യൂട്ട് പദ്ധതിയാണ് തദ്ദേശ, തുറമുഖ വകുപ്പുകളുടെ ചവുപ്പുനാടയില്‍ കുരുങ്ങി കിടക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ തീരദേശ പരിപാലന നിയമത്തില്‍ ഇളവുനല്‍കിയിട്ടും ടൂറിസം വികസനത്തിന പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ സര്‍ക്കാരിന് മടി.
സംസ്ഥാന മന്ത്രിസഭയിലെ പ്രധാനവകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മൂന്നുമന്ത്രിമാര്‍ ഉള്ള ജില്ലയിലാണ് കോടികളുടെ പദ്ധതി തീരമണയാതെ ചുവപ്പുനാടയില്‍ കുരുങ്ങിയത്. 2014 ല്‍ ആണ് പദ്ധതിക്ക് ഭരണാനുമതി ലഭിച്ചത്. മൂന്നു വര്‍ഷം കൊണ്ടു നടപ്പാക്കാന്‍ ലക്ഷ്യമിട്ട പദ്ധതിയില്‍ നിര്‍മിച്ച അടിസ്ഥാന സൗകര്യങ്ങളൊന്നും അഞ്ചുവര്‍ഷം കഴിയുമ്പോഴും ഉപയോഗപ്പെടുത്തിയിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ 47.63 കോടിയും സംസ്ഥാന വിഹിതമായി 4.62 കോടിയുമാണ് പദ്ധതിക്ക് അനുവദിച്ചത്. അരൂര്‍ മുതല്‍ കായംകുളം വരെ മെഗാ കായല്‍ ടൂറിസം പദ്ധതി നടപ്പാക്കാനായിരുന്നു ലക്ഷ്യം.
13 കോടിയുടെ ഏഴ് ഹൗസ് ബോട്ട് ടെര്‍മിനലുകള്‍. 13 കോടി ചെലവില്‍ രണ്ട് രാത്രികാല ഹാള്‍ട്ട് ടെര്‍മിനലുകള്‍. നാല് മൈക്രോ ഡെസ്റ്റിനേഷനുകളുടെ വികസനത്തിന് 5.54 കോടി. രണ്ട് ബീച്ചുകളുടെ വികസനത്തിന് 2.62 കോടി. ടൂറിസം സര്‍ക്യൂട്ട് കേന്ദ്രമായ ആലപ്പുഴ നഗരത്തിന്റെ വികസനത്തിന് 12.14 കോടി. പദ്ധതി പ്രദേശത്തെ പാരിസ്ഥിതിക വികസന പ്രവര്‍ത്തനങ്ങള്‍ക്കും സംരക്ഷണത്തിനും 1.40 കോടി എന്നിങ്ങനെയാണ് തുക വകയിരുത്തിയത്. 1.50 കോടി മുടക്കി മൂന്നു വര്‍ഷം മുന്‍പ് നിര്‍മാണം പൂര്‍ത്തിയാക്കിയ തണ്ണീര്‍മുക്കം ഹൗസ്‌ബോട്ട് ലാന്റിങ് ടെര്‍മിനല്‍ ഇപ്പോഴും അടഞ്ഞു കിടക്കുകയാണ്. തീരദേശ പരിപാലന നിയമത്തിന്റെ ലംഘനം ചൂണ്ടിക്കാട്ടി തണ്ണീര്‍മുക്കം പഞ്ചായത്ത് അനുമതി നിഷേധിച്ചതാണ് ഹൗസ് ബോട്ട് ലാന്റിങ് ടെര്‍മിനലിന് വിനയായത്.
2015 ല്‍ ഉദ്ഘാടനം ചെയ്ത അര്‍ത്തുങ്കല്‍ ബീച്ച് ടൂറിസം പദ്ധതിയും നാശത്തിന്റെ വക്കിലാണ്. ഇവിടെയുള്ള നിര്‍മാണവും അനധികൃതമെന്ന് പഞ്ചായത്ത് വിധി എഴുതി. നാല് വര്‍ഷമായിട്ടും ഇവിടെ വൈദ്യുതി പോലും ലഭ്യമാക്കിയിട്ടില്ല.
21 പദ്ധതികളായിരുന്നു മെഗാ ടൂറിസം സര്‍ക്യൂട്ട് പദ്ധതിയില്‍ നടപ്പാക്കിയത്. ഇവയില്‍ ഭൂരിപക്ഷം പദ്ധതികള്‍ക്കും വിനയായത് തീരദേശ പരിപാലന നിയമവും. ടൂറിസം പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ തീരദേശ പരിപാലന നിയമത്തില്‍ ഇളവുകള്‍ നല്‍കിയെങ്കിലും അംഗീകരിക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് തയാറല്ല. മറ്റു സംസ്ഥാനങ്ങളെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ ഇളവ് പ്രയോജനപ്പെടുത്തിയപ്പോഴാണ് കേരളം മുഖംതിരിച്ചു നില്‍ക്കുന്നത്. ടൂറിസം വകുപ്പ് പദ്ധതികള്‍ക്ക് ഇളവ് ആവശ്യപ്പെട്ട് തദ്ദേശ, തുറമുഖ വകുപ്പുകളെ പലതവണ സമീപിച്ചെങ്കിലും അനുകൂല സമീപനമുണ്ടായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."