എയര്‍ ആംബുലന്‍സില്‍ എത്തിച്ചു; ഫ്രോസണ്‍ എലിഫന്റ് ട്രങ്ക് ശസ്ത്രക്രിയയിലൂടെ പുതുജീവന്‍
കൊച്ചി: ശ്രീലങ്കയില്‍നിന്നു കടുത്ത നെഞ്ചുവേദനയും അനിയന്ത്രിതമായ രക്തസമ്മര്‍ദവുമായി എയര്‍ ആംബുലന്‍സില്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ എത്തിച്ച രോഗിയുടെ ജീവന്‍ ഫ്രോസണ്‍ എലിഫന്റ് ട്രങ്ക് (എഫ്.ഇ.ടി) സ്റ്റെന്റ് ഗ്രാഫ്റ്റ് ഉപയോഗിച്ചുള്ള അപൂര്‍വവും അതിസങ്കീര്‍ണവുമായ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചു. ശ്രീലങ്കയിലെ കൊളംബോ സ്വദേശി ഷെയ്ന്‍ ബെര്‍ണാഡ് ക്രോണര്‍ എന്ന 59 കാരനിലാണ് സങ്കീര്‍ണ ശസ്ത്രക്രിയ നടത്തിയത്.
ശ്രീലങ്കയിലെ പ്രാദേശിക ആശുപത്രിയില്‍ ചികിത്സ തേടിയ ഇദ്ദേഹത്തിന്റെ രക്തസമ്മര്‍ദം അനിയന്ത്രിതമായി തുടരുകയും ജീവനുതന്നെ ഭീഷണിയാകുകയും ചെയ്ത സാഹചര്യത്തിലാണ് ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ കണ്‍സള്‍ട്ടന്റ് ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജസിറ്റ് ഡോ. രോഹിത് നായര്‍ക്കു രോഗിയുടെ സി.ടി സ്‌കാന്‍ റിപ്പോര്‍ട്ട് ഉള്‍പ്പെടെ അയച്ചുനല്‍കിയത്. സി.ടി സ്‌കാന്‍ റിപ്പോര്‍ട്ട് പരിശോധിച്ച ഡോക്ടര്‍മാര്‍ രോഗിയുടെ ശരീരത്തിലെ ഏറ്റവും വലിയ രക്തധമനിയായ അയോട്ടയുടെ ആന്തരിക പാളിയില്‍ മുറിവുണ്ടാകുന്ന അയോട്ടിക് ഡിസെക്ഷന്‍ എന്ന ഗുരുതരാവസ്ഥയാണെന്ന് സ്ഥിരീകരിച്ചു. ഈ മുറിവുകള്‍ രോഗിയുടെ ഹൃദയത്തിലേക്കുള്ള രക്തധമനിയിലേക്ക് വ്യാപിക്കുന്നതായും കണ്ടെത്തി.
തുടര്‍ന്ന് എയര്‍ ആംബുലന്‍സില്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ എത്തിച്ച രോഗിയെ വീണ്ടും സി.ടി സ്‌കാനിനു വിധേയമാക്കിപ്പോള്‍ വലത്തെ വൃക്കയിലേക്കും കുടലിലേക്കുമുള്ള രക്തയോട്ടത്തിനു ഭീഷണിയായി തൊറാസിക് അയോട്ടയിലെ യഥാര്‍ഥ രക്തനാളിയെ ദുര്‍ബലമാക്കികൊണ്ട് മറ്റൊരു നാളി വികസിച്ചു വരുന്നതായി കണ്ടെത്തി. വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ അടിയന്തര യോഗം ചേര്‍ന്ന് രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ ഫ്രോസണ്‍ എലിഫന്റ് ട്രങ്ക് (എഫ്.ഇ.ടി) സ്റ്റെന്റ് ഗ്രാഫ്റ്റ് ഉപയോഗിച്ചുള്ള പ്രക്രിയ മാത്രമാണ് പോംവഴിയെന്നു വിലയിരുത്തി.രോഗിയുടെ ശരീരം പൂര്‍ണമായും ശീതീകരിച്ചാണ് (ഹൈപ്പോതെര്‍മിയ ടെക്‌നിക്ക്) 14 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ നടത്തിയത്. സി.ടി.വി.എസ് സര്‍ജന്‍മാരായ ഡോ. മനോജ് നായര്‍, ഡോ. ജോര്‍ജ് വര്‍ഗീസ് കുര്യന്‍ എന്നിവരെ കൂടാതെ ഡോ. രോഹിത് നായര്‍, ഡോ. സുരേഷ് ജി. നായര്‍, ഡോ. ജോയെല്‍, ഡോ. അനുപമ എന്നിവര്‍ അടങ്ങുന്ന മെഡിക്കല്‍ സംഘമാണ് ശസ്ത്രക്രിയ ചെയ്തത്. ശസ്ത്രക്രിയയ്ക്കു ശേഷം രോഗിയുടെ പ്രധാന അവയവങ്ങളെല്ലാം തന്നെ ശരിയായി പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നു.
ഇത്തരം സങ്കീര്‍ണ കേസുകളുടെ ചികിത്സയില്‍ ഫ്രോസണ്‍ എലിഫന്റ് ട്രങ്ക് പ്രക്രിയ വലിയ മുന്നേറ്റമാണെന്ന് പ്രക്രിയയ്ക്കു നേതൃത്വം നല്‍കിയ ഡോ. മനോജ് നായര്‍ പറഞ്ഞു. മുന്‍കാലങ്ങളില്‍ ഹെമിആര്‍ച്ച് റീപ്ലേസ്‌മെന്റ് എന്ന പ്രക്രിയയിലൂടെയാണ് ഇത്തരം കേസുകള്‍ ചികിത്സിച്ചിരുന്നത്. ഇത് ഏറെ സങ്കീര്‍ണവും മരണസാധ്യത കൂടുതലുള്ളതുമാണെന്നും ഡോ. മനോജ് നായര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."