സമര വിജയങ്ങളുടെ പടന്നക്കാട്
നീലേശ്വരം: പടന്നക്കാടിന് പറയാനുള്ളത് സമര വിജയങ്ങളുടെ ചരിത്രം മാത്രം. 30 ഓളം വര്‍ഷങ്ങള്‍ക്ക് മുന്‍പ് താപനിലയത്തിനെതിരേ നടന്ന സമരം മുതല്‍ ഏറ്റവും അവസാനം ബീവറേജ് മദ്യവില്പനശാലയ്‌ക്കെതിരേ നടന്ന സമരം വരെ അക്കൂട്ടത്തില്‍ പെടുന്നു. പടന്നക്കാട്, ഒഴിഞ്ഞവളപ്പ് തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളുടെ സംഘടിത ശക്തിയാണ് എല്ലാക്കാലത്തും സമരങ്ങള്‍ വിജയിക്കുന്നതിന് കാരണമായത്.
പടന്നക്കാട് ഒഴിഞ്ഞവളപ്പില്‍ താപനിലയം നിര്‍മിക്കുന്നതിനെതിരെ നടന്ന സമരമായിരുന്നു ഒന്നാമത്തേത്. അന്ന് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഇതിനെതിരെ സമര രംഗത്തു വന്നു. മാസങ്ങള്‍ നീണ്ട സമരത്തിനൊടുവില്‍ ജനങ്ങളുടെ മുന്നില്‍ അധികൃതര്‍ മുട്ടുമടക്കി . വര്‍ഷങ്ങള്‍ക്കു ശേഷം ഒഴിഞ്ഞവളപ്പില്‍ തന്നെ ടവര്‍ നിര്‍മിക്കാനായി സ്വകാര്യ മൊബൈല്‍ കമ്പനി രംഗത്തു വന്നു. ടവര്‍ നിര്‍മിക്കുന്നതിന്റെ ഭാഗമായി അവര്‍ കോണ്‍ക്രീറ്റ് അടിത്തറയും നിര്‍മ്മിച്ചു. അപ്പോഴേക്കും പ്രദേശവാസികളുടെ സംഘടിത വീര്യം ഉണര്‍ന്നു.
ഒരു മാസക്കാലം ഈ സമരം നീണ്ടു. ഇതിനിടയില്‍ നിരവധി തവണ സമരക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും തങ്ങളുടെ തീരുമാനത്തില്‍ നിന്നും അവര്‍ പിന്‍മാറിയില്ല. ഒടുവില്‍ ടവര്‍ നിര്‍മാണം വേണ്ടെന്നു വച്ച് കമ്പനി തിരിച്ചുപോയി.
ഇപ്പോഴും സമര വിജയത്തിന്റെ സ്മാരകമെന്നപോലെ പാതി നിര്‍മിച്ച ടവറിന്റെ അടിത്തറ ഒഴിഞ്ഞവളപ്പിലുണ്ട്. 121 ദിവസം നീണ്ടു നിന്ന ബീവറേജ് വിരുദ്ധ സമരമാണ് അവസാനത്തേത്. കാഞ്ഞങ്ങാട് പ്രവര്‍ത്തിച്ചിരുന്ന ബീവറേജിന്റെ മദ്യവില്പനശാല പടന്നക്കാട് മേല്‍പ്പാലത്തിന് സമീപമുള്ള കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കാന്‍ അധികൃതര്‍ ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. ഇതിനെതിരെ സ്ത്രീകളുടേയും കുട്ടികളുടേയും നേതൃത്വത്തിലാണ് നാലു മാസക്കാലം നീണ്ടുനിന്ന സമരം നടത്തിയത്. പുരുഷന്മാരും വിവിധ സംഘടനകളും ഇവര്‍ക്ക് പിന്തുണയുമായി ഉണ്ടായിരുന്നു.
ഒടുവില്‍ ഇവിടെ മദ്യവില്പനശാല സ്ഥാപിക്കില്ലെന്ന എക്‌സ്സൈസ് കമ്മീഷണറുടെ അറിയിപ്പ് വന്നതോടെ ഈ ഐതിഹാസിക സമരവും വിജയം കണ്ടു. ജില്ലയില്‍ മറ്റു പലയിടങ്ങളിലും മാസങ്ങളായി മദ്യശാലകള്‍ സ്ഥാപിക്കുന്നതിനെതിരെ സമരം നടക്കുമ്പോള്‍ തന്നെയാണ് പടന്നക്കാട്ടുകാരുടെ ഈ സമര വിജയം. ജാതിമത രാഷ്ട്രീയ ഭേദമന്യേ ജനങ്ങള്‍ കൈകോര്‍ക്കുന്നതാണ് ഇവിടത്തെ സമര വിജയങ്ങള്‍ക്ക് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."