കണ്ണൂര്‍ പി.വി.സിക്ക് രണ്ടാഴ്ചകൂടി പദവിയില്‍ തുടരാം
പുറത്താക്കിയ നടപടിക്ക് താല്‍ക്കാലിക സ്റ്റേ
കണ്ണൂര്‍ /കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ സ്ഥാനത്തു നിന്ന് നീക്കം ചെയ്ത ഡോ. പി.ടി രവീന്ദ്രന് രണ്ടാഴ്ച കൂടി പദവിയില്‍ തുടരാന്‍ ഹൈക്കോടതിയുടെ അനുമതി. വൈസ് ചാന്‍സലറുടെ നിര്‍ദേശ പ്രകാരം തന്നെ പദവിയില്‍ നിന്ന് നീക്കിയത് ചോദ്യം ചെയ്ത് ഡോ. പി.ടി രവീന്ദ്രന് നല്കിയ ഉപഹരജിയിലാണ് ജസ്റ്റിസ് പി.വി ആശയുടെ ഇടക്കാല ഉത്തരവ്. വ്യാഴാഴ്ച രാത്രിയാണു പി.വി.സിയെ പുറത്താക്കി വൈസ് ചാന്‍ലര്‍ ഡോ. ഗോപിനാഥ് ഇ മെയിലിലൂടെ ഉത്തരവിറക്കിയത്. രാത്രി ഒന്‍പതോടെയാണു രവീന്ദ്രന് മെയിലില്‍ ഉത്തരവ് ലഭിച്ചത്. ഈ ഉത്തരവ് രണ്ടാഴ്ചത്തേക്കാണു ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജഡ്ജി ജസ്റ്റിസ് ആശ ഇന്നലെ സ്റ്റേ ചെയ്തത്. ഓഗസ്റ്റ് ആറിനു വാദം കേള്‍ക്കാനും കോടതി ഉത്തരവിട്ടു. രവീന്ദ്രന് അഡ്വ. ഗോപാലകൃഷ്ണക്കുറുപ്പ് മുഖേന നല്കിയ ഹരജിയിലാണ് ഉത്തരവ്.
യു.ജി.സി റെഗുലേഷന് പ്രകാരം സ്ഥാനത്തു തുടരാന്‍ പി.വി.സിക്ക് അര്‍ഹതയില്ലെന്ന കാരണം പറഞ്ഞാണു വി.സി പുറത്താക്കല്‍ ഉത്തരവിറക്കിയത്. തന്നെ പുറത്താക്കാന്‍ നീക്കം നടക്കുന്നുവെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം പി.വി.സി ഹൈക്കോടതിയെ സമീപിച്ചിരുന്നു. വി.സിയെയും സിന്‍ഡിക്കേറ്റിനെയും എതിര്‍കക്ഷികളാക്കിയായിരുന്നു ഹരജി. ഇതു നിലവിലിരിക്കെയാണ് ഉപഹരജിയുമായി വീണ്ടും കോടതിയെ സമീപിച്ചത്.
യു.ജി.സിയുടെ 2010ലെ റെഗുലേഷന് പ്രകാരം പി.വി.സി സര്‍വകലാശാലയിലെ പ്രൊഫസറായിരിക്കണം. ഡോ. പി.ടി രവീന്ദ്രന് കഴിഞ്ഞ ഏപ്രില്‍ 30നു വിരമിച്ചു. എന്നാല്‍ വി.സിയുടെ കാലാവധി കഴിയുമ്പോഴാണു നിയമന കാലാവധി തീരുന്നതെന്ന യു.ജി.സി ചട്ടം വ്യാഖ്യാനിച്ച് സിന്ഡിക്കേറ്റാണു പി.വി.സിയെ തുടരാന്‍ അനുവദിച്ചത്. എന്നാല്‍ പി.വി.സി സ്ഥാനത്തു നിന്ന് ഒഴിയണമെന്ന നിലപാടായിരുന്നു സിന്‍ഡിക്കേറ്റ് യോഗത്തിലടക്കം വി.സിക്കുണ്ടായിരുന്നത്. എന്നാല്‍ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ പി.വി.സിക്കൊപ്പമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."