കര്‍ഷക പ്രക്ഷോഭത്തിന്റെ ചൂടില്‍ അടിപതറി ബി.ജെ.പി; ഹരിയാന തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടി
ചണ്ഡിഗഡ്: കര്‍ഷക പ്രതിഷേധങ്ങള്‍ക്കിടെ ഹരിയാനയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജെപിക്കും ജെജെപിക്കും തിരിച്ചടി. കഴിഞ്ഞ തവണ ബി.ജെ.പി തൂത്തുവാരിയ തെരഞ്ഞെടുപ്പില്‍ ഇത്തവണ കോണ്‍ഗ്രസ് മുന്നേറ്റമാണ് കാണിക്കുന്നത്. അംബാല, പഞ്ച്കുള, സോണിപത് മുനിസിപ്പല്‍ കോര്‍പറേഷനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഒരിടത്ത് മാത്രമാണ് ബി.ജെ.പിക്ക് ജയിക്കാനായത്.
കോണ്‍ഗ്രസും ഹരിയാന ജന്‍ ചേതന പാര്‍ട്ടിയും നല്ല മുന്നേറ്റമാണ് കാഴ്ച വെച്ചത്. സോനിപതും അംബാലയും അവര്‍ പിടിച്ചെടുത്തു.
പഞ്ച്കുളയിലാണ് ബി.ജെ.പി ജയിച്ചത്. മുന്‍ കേന്ദ്രമന്ത്രി വിനോദ് ശര്‍മയുടെ ഭാര്യ ശക്തിറാണി ശര്‍മയാണ് അംബാലയില്‍ വിജയിച്ചത്. സോണിപതില്‍ 14000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജയിച്ചത്. കര്‍ഷകസമരം നടക്കുന്ന സിംഘുവിന് തൊട്ടടുത്തുള്ള സോനിപത്തില്‍ 13818 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസിന്റെ നിഖില്‍ മദാന് ജയിച്ചത്. നിഖിലിന് 72,118 വോട്ടു കിട്ടിയപ്പോള്‍ ബിജെപിയുടെ ലളിത് ബത്രയ്ക്ക് 58,300 വോട്ടു മാത്രമാണ് ലഭിച്ചത്. സോനിപത്തിലെ ആദ്യ കോണ്‍ഗ്രസ് മേയറാണ് നിഖില്‍ മദാന്.
അംബാലയില്‍ ശക്തിറാണി 8084 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. കോണ്‍ഗ്രസ് ഇവിടെ നാലാമതായി. ബിജെപിയാണ് രണ്ടാമത്. പഞ്ച്കുളയില്‍ ബിജെപിയുടെ കുല്ഭൂഷണ് ഗോയല്‍ കോണ്‍ഗ്രസിന്റെ ഉപീന്ദര്‍ കൗറിനെ 2057 വോട്ടിനാണ് തോല്‍പ്പിച്ചത്. പഞ്ച്കുളയില്‍ 1333 നോട്ട വോട്ടുകള്‍ രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."