രണ്ടാം വിവാഹം എതിര്‍ത്ത രാഖിയുടെ രണ്ട് കൈകളും അഖിലേഷ് കൂട്ടിപ്പിടിച്ചു: രാഹുല്‍ കയര്‍ കഴുത്തില്‍ കുരുക്കി, നിലവിളിക്കാന്‍ ശ്രമിച്ചെങ്കിലും ഒന്നും പുറം ലോകം അറിഞ്ഞില്ല, നാടു നടുങ്ങിയ ആ കൊലപാതകം നടപ്പാക്കിയതിങ്ങനെ
തിരുവനന്തപുരം: വെള്ളറട അമ്പൂരിയില്‍ യുവതിയെ കൊന്ന് കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊല്ലപ്പെട്ട രാഖിയും കാമുകനും മുഖ്യപ്രതിയുമായ അഖിലേഷും വിവാഹിതരായിരുന്നുവെന്ന് പൊലിസ്. ഫെബ്രുവരിയില്‍ എറണാകുളത്തെ ക്ഷേത്രത്തില്‍ വച്ചാണ് ഇരുവരും വിവാഹിതരായതെന്ന് മൂന്നാം പ്രതി ആദര്‍ശിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലിസ് പറയുന്നു.
അതേസമയം കാമുകനും മുഖ്യപ്രതിയുമായ അമ്പൂരി തട്ടാരുമുക്ക് സ്വദേശി അഖിലേഷ് നായരുടെ അനിയനും രണ്ടാം പ്രതിയുമായ രാഹുല്‍ കീഴടങ്ങിയെന്ന് പിതാവ് വെളിപ്പെടുത്തി. നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി ഓഫിസിലാണ് ഇയാള്‍ കീഴടങ്ങിയതെന്നും പിതാവ് മണിയന്‍ പറഞ്ഞു. എന്നാല്‍ രാഹുല്‍ കീഴടങ്ങിയിട്ടില്ലെന്നും അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമമാണ് ബന്ധുക്കളുടേതെന്നും പൊലിസ് വ്യക്തമാക്കി. പ്രതികള്‍ ഇപ്പോഴും ഒളിവിലാണെന്നും ഇവരെ പിടികൂടിയിട്ടില്ലെന്നും പൊലിസ് വ്യക്തമാക്കി. അന്വേഷണം വഴിതെറ്റിക്കാന്‍ നേരത്തെയും പ്രതികള്‍ ശ്രമിച്ചിരുന്നതായും പൊലിസ് പറഞ്ഞു.
അതിനിടെ കൊല്ലപ്പട്ട രാഖി നെയ്യാറ്റിന്‍കര ബസ് സ്റ്റേഷന് സമീപത്ത് കൂടി നടന്ന് പോകുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലിസിന് ലഭിച്ചു. 21ന് എറണാകുളത്തേക്കെന്നും പറഞ്ഞ് ഇറങ്ങിയ രാഖി അഖിലേഷിനെ കാണാന്‍ പോകുന്ന ദൃശ്യങ്ങളാണ് പൊലിസിന് ലഭിച്ചത്. ദൃശ്യങ്ങളില്‍ കാണുന്നത് രാഖി തന്നെയാണെന്ന് അച്ഛന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
നെയ്യാറ്റിന്‍കരയില്‍ നിന്നും രാഖിയെ കൂടെക്കൂട്ടിയ അഖിലേഷ് യാത്രാ മധ്യേ തന്റെ വിവാഹം മുടക്കാനുള്ള ശ്രമത്തില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കൂട്ടാക്കാതിരുന്ന രാഖിയെ സന്ധ്യയോടെ സുഹൃത്തിന്റെ കാറില്‍ വീടിന് സമീപമെത്തിച്ചു. കാര്‍ നിര്‍ത്തിയശേഷം ഡ്രൈവിങ് സീറ്റില്‍ ഇരിക്കുകയായിരുന്ന അഖിലേഷ് രാഖിയുടെ രണ്ട് കൈകളും കൂട്ടിപ്പിടിച്ചു. ഈ സമയം പിന്‍സീറ്റില്‍ ഇരിക്കുകയായിരുന്ന സഹോദരന്‍ രാഹുല്‍ കയര്‍ കഴുത്തില്‍ കുരുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കഴുത്തില്‍ കുരുക്ക് മുറുകിയപ്പോള്‍ നിലവിളിക്കാനും ബഹളം വയ്ക്കാനും ശ്രമിച്ചെങ്കിലും കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് അഖിലേഷ് എന്‍ജിന്‍ ഇരപ്പിച്ചതിനാല്‍ നിലവിളിയും ബഹളവുമൊന്നും പുറം ലോകം അറിഞ്ഞില്ല.
നഗ്നയാക്കിയ നിലയില്‍ അഖിലേഷിന്റെ പറമ്പില്‍ മൃതദേഹം മറവ് ചെയ്ത സംഘം രാത്രിതന്നെ അവിടെ നിന്ന് പോയി. ഏതാനും ദിവസത്തിനുശേഷം അവധികഴിഞ്ഞ് ഡല്‍ഹിയിലേക്ക് അഖിലേഷ് തിരികെ മടങ്ങി. ഇതിനിടെ മകളെ കാണാനില്ലെന്ന് കാണിച്ച് രാഖിയുടെ അച്ഛന്‍ നല്‍കിയ പരാതിയില്‍ പൊലിസ് നടത്തിയ അന്വേഷണമാണ് നാടിനെ ഞെട്ടിച്ച കൊലപാതകത്തിന്റെ ചുരുളഴിക്കുന്നത്. അഖിലേഷുമായുള്ള ബന്ധത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടിട്ടും കൂട്ടാക്കാതിരുന്ന രാഖിയെ പ്രതികള്‍ കൊലപ്പെടുത്തിയതാണെന്ന് പൊലിസ് കണ്ടെത്തി. സൈനികനായ അഖിലേഷിനെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യാനുള്ള ശ്രമവും പൊലിസ് ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."