സി.പി.എമ്മിന് മറുപടിയുമായി സി.പി.ഐ നേതൃത്വം
കൊച്ചി: ഇടത് ഐക്യത്തിന്റെ പ്രാധാന്യം കാനം രാജേന്ദ്രനെയും സി.പി.ഐയെയും പഠിപ്പിക്കാന്‍ സി.പി.എം മെനക്കെടേണ്ടതില്ലെന്ന് സി.പി.ഐ ജില്ല എക്‌സിക്യൂട്ടിവ് യോഗം വ്യക്തമാക്കി. ഇതോടെ ജില്ലയിലെ ഇടതുചേരിയില്‍ സമീപക്കാലത്തുണ്ടായ സി.പി.ഐ, സി.പി.എം പോര് രൂക്ഷമായി. കഴിഞ്ഞ ദിവസം സി.പി.എം ഇറക്കിയ പത്രപ്രസ്താവനയാണ് സി.പി.ഐയെ ചൊടിപ്പിച്ചത്.
പാര്‍ട്ടിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് കഴിഞ്ഞദിവസം അഞ്ഞൂറോളം സി.പി.എം പ്രവര്‍ത്തകര്‍ സി.പി.ഐയില്‍ ചേര്‍ന്നിരുന്നു. ഇതോടനുബന്ധിച്ച് ഉദയംപേരൂരില്‍ നടന്ന സി.പി.ഐ ലയന സമ്മേളനം സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഇതില്‍ ക്ഷുഭിതരായ സി.പി.എം ജില്ലാ നേതൃത്വം കാനം രാജേന്ദ്രനെ അതിരൂക്ഷമായി വിമര്‍ശിച്ച് പ്രസ്തവാന ഇറക്കിയിരുന്നു.
വര്‍ഗശത്രുക്കളെ പാര്‍ട്ടിയിലെടുത്ത് ഇടത് ഐക്യത്തിന് വിളളല്‍ വീഴ്ത്തിയെന്നാണ് കാനത്തിനെതിരേ സി.പി.എം എറണാകുളം ജില്ലാ കമ്മിറ്റി പരസ്യ വിമര്‍ശനം നടത്തിയത്. ഇടത് പക്ഷ ഐക്യം ഇന്ത്യയില്‍ കെട്ടിപടുക്കാന്‍ മുഖ്യമന്ത്രി പദം വരെ ഉപേക്ഷിച്ച പാര്‍ട്ടിയാണ് സി.പി.എം എന്ന് തിരിച്ചടിച്ചാണ് ഇന്നലെ ജില്ലാ നേതൃത്വം സി.പി.എമ്മിനെതിരെ പരസ്യമായി രംഗത്തുവന്നത്. സി.പി.എം വിടുന്നവര്‍ കോണ്‍ഗ്രസിലോ ബി.ജെ.പിയിലോ ചേര്‍ന്നാല്‍ പ്രതിഷേധിക്കാത്തവര്‍ ഇപ്പോള്‍ സി.പി.ഐയെ പ്രതിക്കൂട്ടിലാക്കാന്‍ ഇറങ്ങി തിരിച്ചതിന്റെ പൊരുള്‍ അറിയില്ല. മുഖം വികൃതമായതിന് കണ്ണാടി പൊട്ടിച്ചിട്ട് കാര്യമില്ല പകരം മുഖം വൃത്തിയായി സൂക്ഷിക്കുന്നതാണ് ഉചിതം.
2001 ല്‍ സി.പി.ഐ വിട്ടവര്‍ സി.പി.എമ്മിലും സി.ഐ.ടിയുവിലും ചേര്‍ന്നിരുന്നു. സി.പി.എം കൊലക്കത്തിക്ക് ഇരയായ സുഭാഷിന്റെ സ്മരണാര്‍ഥം പാര്‍ട്ടി നിര്‍മിച്ച് ഓഫിസും സി.പി.എം പിടിച്ചെടുത്തു. കോടതി വിധി അനുകൂലമായി വന്നിട്ടും ഓഫിസ് തിരിച്ചു തരാന്‍ സി.പി.എം തയ്യാറായില്ല. ഇത്തരം പ്രവര്‍ത്തികള്‍ കൈമുതലായുളളവര്‍ സി.പി.ഐ യെ ഭരിക്കാന്‍ വരേണ്ടെന്നും പത്രക്കുറിപ്പില്‍ താക്കീത് ചെയ്യുന്നുണ്ട്. നിയമ വാഴ്ചയും ഐക്യവും അംഗീകരിക്കുന്നവരാണെങ്കില്‍ പാര്‍ട്ടി ഓഫിസും സ്മാരക മന്ദിരവും വിട്ടുനല്‍കി മാതൃക കാട്ടുകയാണ് വേണ്ടതെന്നും യോഗം വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."