ലഷ്കര്‍ ഭീകരന് മുന്ന ലഹോരിയെ ഏറ്റുമുട്ടലില്‍ വധിച്ചു
ശ്രീനഗര്‍: ദക്ഷിണ കശ്മിരിലെ ഷോപ്പിയാനില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ജെയ്ഷെ മുഹമ്മദ് ഭീകരനും പാക് സ്വദേശിയുമായ മുന്ന ലഹോരി അടക്കം രണ്ടുപേര്‍ കൊല്ലപ്പെട്ടു. മുന്നാഭായി, ഛോട്ടാ ബുര്‍മി എന്നീ പേരുകളില്‍ അറിയപ്പെടുന്ന മുന്ന ലഹോരി കശ്മിരില്‍ നടന്ന നിരവധി ആക്രമണങ്ങളുടെ സൂത്രധാരനാണെന്ന് സൈന്യം അറിയിച്ചു.
മുന്ന ലഹോരിക്കൊപ്പം കൊല്ലപ്പെട്ടത് സീനത്തുല്‍ ഇസ്ലാം എന്ന കശ്മിരി സ്വദേശിയാണെന്നും സൈന്യം വ്യക്തമാക്കി.
ദക്ഷിണ കശ്മിരില്‍ നിരവധി ആക്രമണങ്ങള്‍ക്കാണ് മുന്ന നേതൃത്വം നല്‍കിയത്. പാക് സ്വദേശിയും ജെയ്ഷെ കമാന്‍ഡറുമായ ഇസ്മാഈലിനൊപ്പമാണ് ഇയാള്‍ ആക്രമണം നടത്തിയിരുന്നത്. തദ്ദേശീയരായ ഭീകരരുടെ സഹായത്തോടെയാണ് ദക്ഷിണ കശ്മിരില്‍ ഇവര്‍ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. യുവാക്കളെ ഭീകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യാനും ഇയാള്‍ ശ്രമിച്ചിരുന്നു.
വെള്ളിയാഴ്ച രാത്രി തുടങ്ങിയ ഏറ്റുമുട്ടലിനൊടുവില്‍ ഇന്നലെ രാവിലെയാണ് ഭീകരരെ വധിക്കാനായതെന്ന് പൊലിസ് അറിയിച്ചു. ഷോപ്പിയാനിലെ ബന്ദെ മൊഹല്ല ബോണ്ബസാര് മേഖലയില്‍ മുന്ന ലഹോരിയും സംഘവും ഒളിവില്‍ കഴിയുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് സുരക്ഷാ സൈന്യം പ്രദേശം വളഞ്ഞ് ആക്രമണം നടത്തിയത്.
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് 19കാരനായ മുന്ന ലഹോരിയെന്ന മുന്നാ ഭായി അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."