യുവതിയുടെ മരണം: ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരേ ഗാര്‍ഹിക പീഡനത്തിന് കേസെടുത്തു
തൃപ്രങ്ങോട്: ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് തറയമ്പാട്ടില് നിയസ് (26), നിയാസിന്റെ മാതാവ് നടുവില്‍ പറമ്പില്‍ സൈനബ (47) എന്നിവര്‍ക്കെതിരേ ഗാര്‍ഹിക പീഡനത്തിന് തിരൂര്‍ പൊലിസ് കേസെടുത്തു.
യുവതിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് പൊലിസ് നടപടി. തിരുന്നാവായ താഴത്തറ സ്വദേശി പറമ്പില്‍ ഷറഫുദ്ധീന്റെ മകളും പൊയിലിശ്ശേരി തറയമ്പാട്ടില് നിയാസിന്റെ ഭാര്യയുമായ ഹഫ്സത്ത് (21)നെ ഇന്നലെയാണ് തൂങ്ങിമരിച്ച നിലയില്‍ ഭര്‍തൃവീട്ടിലെ മുറിയില്‍ കണ്ടെത്തിയത്. മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. തിരൂര്‍ എസ്.ഐ സുമേഷ് സുധാകറിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം വാതില്‍ ചവിട്ടി പൊളിച്ചാണ് മുറിക്കകത്ത് പ്രവേശിച്ചത്. വിവാഹത്തിന് മുന്‍പ് പഠിച്ചു കൊണ്ടിരുന്ന ഹഫ്സത്തിനെ കല്യാണത്തിന് ശേഷം പഠിപ്പിക്കാതിരുന്നത് മാനസികമായി തളര്‍ത്തിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഏഴ് മാസം മുന്‍പാണ് ഹഫ്സത്തും നിയാസും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. ഗള്‍ഫിലായിരുന്ന നിയാസ് രണ്ടാഴ്ച മുന്‍പാണ് നാട്ടിലെത്തിയത്. ഹഫ്സത്തിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ താഴത്തറ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."