എല്‍.ഡി.എഫ് പറഞ്ഞത് കേട്ടിരുന്നുവെങ്കില്‍ മാണിക്ക് ആഗ്രഹിച്ച പദവിയില്‍ ഇരിക്കാമായിരുന്നു: മന്ത്രി സുധാകരന്‍
തൊടുപുഴ: യു.ഡി.എഫ് ഭരണത്തിന്റെ അവസാനഘട്ടത്തില്‍ എല്‍.ഡി.എഫ് പറഞ്ഞത് കേട്ടിരുന്നുവെങ്കില്‍ കെ. എം മാണിക്ക് ഇപ്പോഴത്തെ ഗതി വരില്ലായിരുന്നുവെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. മൂന്നാര്‍ - കുമളി സംസ്ഥാന പാതയിലെ കല്ലാര്‍ പാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
താന്‍ 2012 ല്‍ നിയമസഭയില്‍ നടത്തിയ പ്രസംഗം മുഖവിലക്കെടുത്തിരുന്നുവെങ്കില്‍ അദ്ദേഹത്തിന് ആഗ്രഹിച്ച പദവിയില്‍ ഇരിക്കാമായിരുന്നു. എല്‍.ഡി.എഫ് ഒരിക്കലും മാണിയെ മുന്നണിയിലേക്ക് ക്ഷണിച്ചിട്ടില്ല.
എന്നാല്‍ മാണിയോട് വ്യക്തിപരമായ പരിഗണന എന്നും എല്‍.ഡി.എഫിനുണ്ട്. മഹിജ വിഷയത്തില്‍ പൊലിസ് സ്വീകരിച്ച നടപടിയില്‍ തെറ്റൊന്നുമില്ല.സമരം നടത്താനെത്തിയവര്‍ ഉച്ചത്തില്‍ അലറിക്കൊണ്ട് കുതിച്ചപ്പോള്‍ ചക്കവെട്ടിയിട്ടപോലെ നിലത്തേക്ക് വീണ ഇവരെ വനിതാ പൊലിസുകാര്‍ പിടിച്ച് ഉയര്‍ത്തുക മാത്രമാണ് ചെയ്തത്. ആ സമയം പൊലിസിന്റെ ഇടപെടല്‍ ഉണ്ടായില്ലായിരുന്നുവെങ്കില്‍ അവിടെ ലാത്തിച്ചാര്‍ജും വെടിവയ്പും ഉണ്ടായേനെ. വികസനകാര്യങ്ങളില്‍ മോദിയുടെ സര്‍ക്കാര്‍ മുന്നിലാണ്.
യു.പി.എ കേന്ദ്രം ഭരിച്ചിരുന്ന കാലത്ത് പദ്ധതികള്‍ക്കായി അയക്കുന്ന കത്തിന് മറുപടിപോലും ലഭിക്കുമായിരുന്നില്ല. പൊതുമരാമത്ത് വകുപ്പിന്റെതടക്കം ഇപ്പോഴത്തെ സര്‍ക്കാര്‍ സമര്‍പ്പിക്കുന്ന വികസന പദ്ധതികളോട് സര്‍ക്കാര്‍ അനുഭാവ പൂര്‍ണമായ നിലപാടാണ് സ്വീകരിക്കുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങളായ സ്വച്ഭാരത് മിഷനും സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതിയും ആദ്യം നടപ്പാക്കിയത് പിണറായി സര്‍ക്കാരാണ്.
എന്നാല്‍ ഇതൊന്നും കാണാതെ ചില മാധ്യമങ്ങള്‍ സര്‍ക്കാരിനെ അതിരുകടന്ന് ആക്രമിക്കുകയാണ്. മാധ്യമങ്ങള്‍ അവസരവാദ സമീപനം തുടര്‍ന്നാല്‍ വിശ്വാസ്യത നഷ്ടപ്പെടുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. വൈദ്യുതി മന്ത്രി എം.എം മണി അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."