ജലനിരപ്പില്‍ കുറവ്; പാലക്കുഴി തിണ്ടില്ലം മിനി ജലവൈദ്യുത പദ്ധതിയെ ബാധിക്കുമോയെന്ന് ആശങ്ക
വടക്കഞ്ചേരി: പ്രളയത്തിനുശേഷം ജലനിരപ്പിലുണ്ടാകുന്ന അസാധാരണ കുറവ് പാലക്കുഴി തിണ്ടില്ലംപോലെയുള്ള മിനി ജലവൈദ്യുതപദ്ധതിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുമോയെന്ന് ആശങ്ക ഉയരുന്നു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് പാലക്കുഴി തോട്ടിലെ വെള്ളത്തിന്റെ ഒഴുക്ക് വളരെ കുറഞ്ഞ സ്ഥിതിയിലാണിപ്പോള്‍.
തുലാമഴ തുണച്ചില്ലെങ്കില്‍ അത് പദ്ധതിപ്രവര്‍ത്തനത്തിന്റെ ഭാവിക്കും മങ്ങലേല്‍പിക്കും. എന്തായാലും പദ്ധതിക്കായുള്ള നിര്‍മാണപ്രവൃത്തികള്‍ ഇപ്പോള്‍ നടന്നുവരികയാണ്. പെന്‍സ്റ്റോക്ക് പൈപ്പുകള്‍ക്കുള്ള ചാല്‍ നിര്‍മാണവും തടണയുടെ പ്രാഥമിക പണികളുമാണ് നടക്കുന്നത്. വെള്ളച്ചാട്ടത്തിനു മുകളില്‍ തോടിനു കുറുകേ 72 മീറ്റര്‍ നീളത്തിലും അഞ്ചുമീറ്റര്‍ ഉയരത്തിലുമാണ് തടയണ നിര്‍മിക്കുന്നത്. തടയണയില്‍നിന്നുള്ള വെള്ളം 294 മീറ്റര്‍ നീളത്തില്‍ ലോപ്രഷര്‍ പൈപ്പിലൂടെയും പിന്നീട് 222 മീറ്റര്‍ താഴേയ്ക്ക് 438 മീറ്റര്‍ നീളത്തില്‍ പെന്‍സ്റ്റോക്ക് പൈപ്പുവഴി കൊണ്ടുവന്ന് രണ്ടു പെല്‍റ്റന്‍ വീല്‍ ടര്‍ബൈന്‍ കറക്കി രണ്ട് അഞ്ഞൂറുകിലോ വാട്ട് ശേഷിയുള്ള ആള്‍ട്ടര്‍നേറ്റര്‍ പ്രവര്‍ത്തിപ്പിച്ച് വൈദ്യുതി ഉത്പാദനം നടത്താനാണ് പദ്ധതി.
ഇവിടെ ഉദ്പാദിപ്പിക്കുന്ന വൈദ്യുതി ബോര്‍ഡിന് നല്കും. 110 കെ.വി. വടക്കഞ്ചേരി സബ് സ്‌റ്റേഷനിലേക്കാണ് വൈദ്യുതി എത്തിക്കുക. പദ്ധതിക്കായി നാലര ഏക്കറോളം ഭൂമിയാണ് കര്‍ഷകരില്‍നിന്നും ഏറ്റെടുത്തിട്ടുള്ളത്. പദ്ധതിക്കായി വെള്ളം സംഭരിച്ചുനിര്‍ത്തുന്നതിനായി സമീപത്തെ നിര്‍ണാംകുഴി തോമസ് വേറെ നാലര ഏക്കറോളം ഭൂമി സൗജന്യമായി നല്കിയിട്ടുമുണ്ട്. രണ്ടുവര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തീകരിച്ച് കമ്മീഷന്‍ ചെയ്യാനാണ് ലക്ഷ്യം വച്ചിട്ടുള്ളത്. 2017 ഡിസംബര്‍ 21നാണ് പദ്ധതിയുടെ നിര്‍മാണോദ്ഘാടനം വകുപ്പുമന്ത്രി എം.എം.മണി നിര്‍വഹിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."