മഴ 'കൊതിപ്പിച്ച് ' പിന്‍വാങ്ങി; ജലശേഖരം 21% മാത്രം
തൊടുപുഴ: ഏറെ കാത്തിരിപ്പിനു ശേഷം ശക്തിപ്രാപിച്ച കാലവര്‍ഷം കൊതിപ്പിച്ച് പിന്‍വാങ്ങി. കുറ്റ്യാടിയില്‍ പെയ്ത നാല് മി.മീ നാമമാത്ര മഴ മാറ്റിനിര്‍ത്തിയാല്‍ സംസ്ഥാനത്തെ അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശങ്ങളില്‍ ഇന്നലെ ഒരുതുള്ളി മഴ പെയ്തില്ല.
ശരാശരി 40 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള പ്രതിദിന നീരൊഴുക്ക് ഒരുമാസത്തേക്കെങ്കിലും പ്രതീക്ഷിച്ച വൈദ്യുതി ബോര്‍ഡിന് കനത്ത നിരാശ സമ്മാനിച്ച് നീരൊഴുക്കിന്റെ തോത് കുത്തനെ കുറയുകയാണ്. 17.2 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം മാത്രമാണ് ഇന്നലെ എല്ലാ സംഭരണികളിലുമായി ഒഴുകിയെത്തിയത്. ഈ നില തുടര്‍ന്നാല്‍ രണ്ടു ദിവസത്തിനുള്ളില്‍ നീരൊഴുക്ക് പൂര്‍ണമായും നിലയ്ക്കും.
852.806 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളമാണ് എല്ലാ സംഭരണികളിലുമായി നിലവിലുള്ളത്. അതായത് മൊത്തം സംഭരണശേഷിയുടെ 21 ശതമാനം. കഴിഞ്ഞ വര്‍ഷം ഇതേദിവസം 3648.75 ദശലക്ഷം യൂനിറ്റിനുള്ള വെള്ളമുണ്ടായിരുന്നു, സംഭരണശേഷിയുടെ 88 ശതമാനം.
പ്രളയ സൂചനകള്‍ ശക്തമായ നാളുകളായിരുന്നു കഴിഞ്ഞ വര്‍ഷം ഇതേസമയം. കഴിഞ്ഞ വര്‍ഷം ജൂലൈ 28നാണ് ഇടുക്കി പദ്ധതിയുടെ ചെറുതോണി അണക്കെട്ട് തുറക്കുന്നതിന്റെ ഭാഗമായുള്ള ഓറഞ്ച് അലര്‍ട്ട് പ്രഖാപിച്ചത്. ഈ സമയം 2392.9 അടിയായിരുന്നു ഇടുക്കിയിലെ ജലനിരപ്പ്. 31ന് ജലനിരപ്പ് 2395 അടിയെത്തി.
പിന്നീട് മഴയ്ക്ക് അല്‍പം ശമനം വരുകയും മൂലമറ്റം പവര്‍ഹൗസില്‍ ഉല്‍പാദനം പൂര്‍ണതോതിലാക്കുകയും ചെയ്തതോടെ ജലനിരപ്പ് ഉയരുന്നതിന്റെ തോത് കുറഞ്ഞു. നാലു ദിവസത്തിനു ശേഷം വീണ്ടും മഴ കനക്കുകയും ഓഗസ്റ്റ് ഒന്‍പതിന് ഉച്ചയ്ക്ക് 12.42ന് ചെറുതോണി അണക്കെട്ടിന്റെ മൂന്നാം ഷട്ടര്‍ ഉയര്‍ത്തി 50 ക്യുമെക്‌സ് വെള്ളം തുറന്നുവിടുകയായിരുന്നു.
2399.04 അടിയായിരുന്നു അണക്കെട്ടിലെ ജലനിരപ്പ്. 26 വര്‍ഷത്തിനു ശേഷം തുറന്ന ചെറുതോണി അണക്കെട്ടില്‍നിന്ന് ആദ്യം ചെറിയ തോതില്‍ വെള്ളം ഒഴുക്കുകയും പിന്നീട് മഴയും ഉരുള്‍പൊട്ടലും മൂലം നീരൊഴുക്ക് അതിശക്തമായതോടെ 10ന് ഉച്ചയ്ക്ക് 1.30 ഓടെ അഞ്ച് ഷട്ടറുകളും ഉയര്‍ത്തുകയുമായിരുന്നു.
നിലവില്‍ സംഭരണശേഷിയുടെ 20.1 ശതമാനം വെള്ളമാണ് ഇടുക്കി അണക്കെട്ടിലുള്ളത്. ഇന്നലെ രാവിലെ ഏഴിന് രേഖപ്പെടുത്തിയ കണക്ക് പ്രകാരം 2315.6 അടിയാണ് ജലനിരപ്പ്.
മറ്റു പ്രധാന പദ്ധതികളിലെ ഇന്നലത്തെ ജലനിരപ്പ് ഇങ്ങനെയാണ്. പമ്പ 17 ശതമാനം, കക്കി 12, ഷോളയാര്‍ 25, ഇടമലയാര്‍ 19, കുണ്ടള 17, മാട്ടുപ്പെട്ടി 11, കുറ്റ്യാടി 50, തരിയോട് 38, ആനയിറങ്കല്‍ 4, പൊന്മുടി 30, നേര്യമംഗലം (കല്ലാര്‍കുട്ടി) 53, പെരിങ്ങല്‍കുത്ത് 59 ശതമാനം. 66.04 ദശലക്ഷം യൂനിറ്റായിരുന്നു സംസ്ഥാനത്തെ ഇന്നലത്തെ വൈദ്യുതി ഉപഭോഗം.
ഇതില്‍ 11.206 ദശലക്ഷം യൂനിറ്റ് ആഭ്യന്തര ഉല്‍പാദനവും 54.83 ദശലക്ഷം യൂനിറ്റ് പുറത്തുനിന്ന് എത്തിച്ചതുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."