മുസഫര്‍നഗറും സഹാറന്‍പൂറും; കലാപങ്ങളിലെ രാഷ്ട്രീയ ലാഭം
ഉത്തരേന്ത്യ പൊതുവെ അസ്വാസ്ഥ്യത്തിന്റെ പിടിയില്‍ അമര്‍ന്നിരിക്കുകയാണ്, പ്രത്യേകിച്ച് ഉത്തര്‍പ്രദേശ്. 2013 ലെ മുസഫര്‍നഗര്‍ കലാപം ഉത്തര്‍പ്രദേശിനെ പിടിച്ചുലച്ചതായിരുന്നു. ഇപ്പോള്‍ യു.പിയില്‍നിന്നു കേട്ടുകൊണ്ടിരിക്കുന്ന വാര്‍ത്തകളും ആശ്വാസകരമല്ല. മുസഫര്‍നഗറില്‍നിന്ന് ഒന്നരമണിക്കൂര്‍ മാത്രം യാത്രാദൂരമുള്ള സഹാറന്‍പൂരില്‍ ജാതീയതയുടെയും വര്‍ഗീയതയുടെയും പേരിലുള്ള കലാപങ്ങളുടെ വിത്തുവിതച്ചിരിക്കുകയാണ്. താല്‍ക്കാലിക രാഷ്ട്രീയനേട്ടങ്ങള്‍ ആരുണ്ടാക്കിയാലും ഈ പ്രദേശത്തെ പിന്നാക്ക,ന്യൂനവിഭാഗങ്ങള്‍ക്കായിരിക്കും കലാപത്തിന്റെ ആത്യന്തികക്കെടുതി കാലങ്ങളോളം അനുഭവിക്കേണ്ടിവരികയെന്നത് എല്ലാവര്‍ക്കുമറിയാം.
നാല്‍പതു ശതമാനത്തോളം മുസ്‌ലിംകളും ഇരുപത്തിരണ്ടു ശതമാനം ദലിതരുമുള്ള ജില്ലയാണു സഹാറന്‍പൂര്‍. ജാതിയുടെയും മതത്തിന്റെയും ഈ കണക്കുതന്നെയാണ് ഏതുനിമിഷവും പ്രശ്‌നങ്ങള്‍ കത്തിപ്പടരാനുള്ള സാധ്യത നിലനിര്‍ത്തുന്നതും. രണ്ടാഴ്ചയിലധികമായി സഹാറന്‍പൂര്‍ തിളച്ചുനില്‍ക്കുകയാണ്. ദലിത്-ഠാക്കൂര്‍ വിഭാഗങ്ങള്‍ക്കിടയിലെ തര്‍ക്കങ്ങളാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങളുടെ കാരണം.
മെയ് അഞ്ചിന് സവര്‍ണവിഭാഗമായ ഠാക്കൂറുകളുടെ നേതൃത്വത്തില്‍ രജപുത്രരാജാവുമായി ബന്ധപ്പെട്ട ആഘോഷപരിപാടി നടന്നിരുന്നു. ആഘോഷത്തിലെ പാട്ടിന്റെ ശബ്ദം കുറയ്ക്കാന്‍ ദലിത് യുവാക്കള്‍ ആവശ്യപ്പെട്ടതോടെയാണു സംഘര്‍ഷത്തിനു തുടക്കമായത്. ഠാക്കൂറുകളുടെ ആഘോഷം ദലിതര്‍ തടഞ്ഞുവെന്ന പ്രചാരണമുണ്ടായി. ഒരു ഠാക്കൂര്‍ യുവാവിനെ ദലിതുകള്‍ കൊന്നുവെന്ന കിംവദന്തിയുമുണ്ടായി.
അതോടെ ഠാക്കൂറുകള്‍ വിളയാട്ടമാരംഭിച്ചു. നൂറിലേറെ ദലിതരെ തല്ലിച്ചതച്ചു. ദലിതരുടെ അമ്പതോളം വീടുകള്‍ കലാപകാരികള്‍ അഗ്നിക്കിരയാക്കി. പലര്‍ക്കും നാടുവിടേണ്ടി വന്നു. കലാപം പലയിടങ്ങളിലേയ്ക്കും വ്യാപിച്ചു.
ഇത് ഓര്‍ക്കാപ്പുറത്തുണ്ടായ സംഭവമല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇരു വിഭാഗങ്ങള്‍ക്കുമിടയില്‍ കാലങ്ങളായി നിലനില്‍ക്കുന്ന വൈരം കത്തിപ്പടരാന്‍ പ്രസ്തുത സംഭവം നിമിത്തമായെന്നു മാത്രം. ദിവസങ്ങള്‍ക്കുമുമ്പ് ഡോ.ബി.ആര്‍ അംബേദ്കറുടെ ജന്മദിനത്തില്‍ ബി.ജെ.പി നടത്തിയ റാലിയിലും നേരിയ സംഘര്‍ഷമുണ്ടായിരുന്നു. ദലിത്ഗ്രാമങ്ങളിലൂടെ സവര്‍ണര്‍ നടത്തിയ അംബേദ്കര്‍ അനുസ്മരണം ഗ്രാമീണരായ ദലിതരെ പ്രകോപിപ്പിച്ചതായിരുന്നു കാരണം.
വിവിധ സമുദായ-ജാതി വിഭാഗങ്ങള്‍ ജീവിക്കുന്ന സഹാറന്‍പൂരില്‍ നേരത്തെ പലപ്പോഴും സംഘര്‍ഷങ്ങളുണ്ടായിട്ടുണ്ട്. 2014 ജൂലൈയില്‍ സ്വത്തുതര്‍ക്കത്തന്റെ പേരില്‍ മുസ്‌ലിം, സിഖ് വിഭാഗങ്ങള്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്നു മൂന്നു പേരാണു മരിച്ചത്. അമ്പതിലേറെപ്പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.
മുസഫര്‍നഗറിനെയും സഹാറന്‍പൂരിനെയും പോലെ ഇത്രയധികം കലാപം നടക്കുന്ന പ്രദേശങ്ങള്‍ ഉത്തര്‍പ്രദേശില്‍ വേറെ കാണില്ല. 2010നും 2016നുമിടയ്ക്ക് 544 ലേറെ ചെറുതും വലുതുമായ കലാപങ്ങള്‍ നടന്നു. ആ കാലപങ്ങള്‍ക്കു പിന്നിലെ രാഷ്ട്രീയലാഭം കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് അധികാരത്തിലേറാനുള്ള കുറുക്കുവഴിയായി.
കലാപങ്ങളിലൂടെ വര്‍ഗീയധ്രുവീകരണം നടത്തി അധികാരം നേടിയെടുക്കുന്ന രാഷ്ട്രീയകുതന്ത്രങ്ങള്‍ ആ മണ്ണില്‍ നന്നായി ചെലവാകുമെന്നു കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പു കാലത്തു തെളിഞ്ഞതാണ്. അതുകൊണ്ടുതന്നെ, നിസ്സാരകാര്യങ്ങള്‍ മൂലം ഉടലെടുക്കുന്ന ചെറുസംഘര്‍ഷങ്ങള്‍പോലും നിയന്ത്രിക്കാനോ മുളയിലെ നുള്ളാനോ അധികാരികള്‍ മെനക്കെടാറില്ല.
ഇത്തവണ സംഘര്‍ഷം ഉടലെടുത്തപ്പോള്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആദ്യംതന്നെ പ്രശ്‌നങ്ങള്‍ നിയന്ത്രണത്തിലാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ നിലനിര്‍ത്തുന്നതിന്റെ ഭാഗമായിരുന്നു. അതേസമയം, ഈ നയമാറ്റതന്ത്രം ഉള്‍ക്കൊള്ളാത്ത ചില മുന്‍ഉദ്യോഗസ്ഥര്‍ക്കു നല്ല പണിയും കിട്ടി.
സുബാഷ് ചന്ദ്ര ദുബെയാണു യോഗിയുടെ ആദ്യത്തെ ഇര. 2013ലെ മുസഫര്‍ നഗര്‍ കലാപകാലത്ത് ജില്ലയിലെ പൊലിസ് സൂപ്രണ്ടായിരുന്നു ഇയാള്‍. അറുപതുപേരുടെ ജീവനെടുത്ത കലാപത്തെ നിയന്ത്രിക്കാനുള്ള ഒരു ശ്രമവും പൊലിസ് മേധാവിയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്ന കാരണത്താലാണ് അന്നു ദുബെ ശിക്ഷിക്കപ്പെട്ടത്. അന്വേഷണച്ചുമതലയുണ്ടായിരുന്ന വിഷ്ണുകാന്ത് സാഹി ഇക്കാര്യം ശരിവയ്ക്കുകയും ചെയ്തു.
ആരോപിതരായ മറ്റു നാല്‍പതു പൊലിസ് ഉദ്യോഗസ്ഥരെ വെറുതെ വിട്ടപ്പോഴും ദുബെയ്ക്കു നേരിയ ആനുകൂല്യംപോലും കിട്ടാതിരുന്നത് ആ പൊലിസ് ഉദ്യോഗസ്ഥന്റെ റോള്‍ എത്രത്തോളമായിരുന്നുവെന്നു വ്യക്തമാക്കുന്നുണ്ട്. സഹാറന്‍പൂര്‍ കലാപം നിയന്ത്രിക്കുന്നതില്‍ വീഴ്ച വരുത്തിയതില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടവരില്‍ ഒന്നാമത്തെയാളും ദുബെ ആയിരുന്നു.
ദലിതര്‍ക്കെതിരേ നടക്കുന്ന ക്രൂരമായ ആക്രമണങ്ങളില്‍ ശക്തമായ പ്രതിഷേധം അറിയിച്ച് ബി.എസ്.പി നേതാവ് മായാവതി നടത്തിയ റാലിയില്‍ പങ്കെടുത്തു ട്രക്കില്‍ മടങ്ങുന്നവര്‍ക്കു നേരെ ഠാക്കൂര്‍ വിഭാഗം ആക്രമണം നടത്തുകയായിരുന്നു. നേരത്തേ രജപുത്രവീടുകള്‍ക്കു നേരെ ദലിതരും ആക്രമണം നടത്തിയതായി പറയപ്പെടുന്നു.
അക്രമത്തിനിരയായവരെ ആശ്വസിപ്പിക്കാന്‍ ബി.എസ്.പി നേതാവ് മായാവതി എത്തി. മായാവതിയുടെ സന്ദര്‍ശനമാണു പ്രശ്‌നങ്ങള്‍ കൂടുതലായി വഷളാക്കിയതെന്നാണു ബി.ജെ.പി പറയുന്നത്. എന്നാല്‍, പ്രദേശം കൂടുതല്‍ അസ്വസ്ഥമായിക്കൊണ്ടിരിക്കുകയാണെന്നു സര്‍ക്കാര്‍ നീക്കത്തില്‍നിന്നു തന്നെ വ്യക്തമാകുന്നുണ്ട്. ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതു സംഘര്‍ഷസാധ്യതയുടെ ഗൗരവമാണു ബോധ്യപ്പെടുത്തുന്നത്.
സമൂഹമാധ്യമങ്ങള്‍ക്കും ഇവിടെ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. വാട്‌സ് ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ ഇപ്പോള്‍ ഈ പ്രദേശത്തു ലഭ്യമല്ല.
ഈ പ്രദേശത്തെ ഒറ്റപ്പെടുത്താനേ ഇതു സഹായിക്കൂവെന്ന ആരോപണവും ശക്തമാണ്. സഹാറന്‍പൂരിലെ വാര്‍ത്തകള്‍ പുറംലോകത്ത് എത്താതിരിക്കുന്നത് യോഗിസര്‍ക്കാരിന്റെ അജന്‍ഡയുടെ ഭാഗമായിരിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."