പെന്ഷന്; കെ.എസ്.ആര്.ടി.സി വീണ്ടും വായ്പയെടുക്കുന്നു
കൊല്ലം: കെ.എസ്.ആര്.ടി.സിയില്‍ പെന്ഷന് നല്‍കുന്നതിനായി സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകളില്‍നിന്നു വീണ്ടും വായ്പയെടുക്കുന്നു. കോട്ടയം, മലപ്പുറം ജില്ലകളിലെ 50 പ്രാഥമിക സഹകരണ ബാങ്കുകളില്‍നിന്നായി 59 കോടി രൂപയാണ് ഇപ്പോള്‍ വാങ്ങുന്നത്.
50 ബാങ്കുകള്‍ക്കു നിശ്ചയിച്ച തുക നല്‍കുന്നതിന് അനുമതി നല്കി സഹകരണ സംഘം രജിസ്ട്രാര്‍ ഉത്തരവിറക്കുകയും ചെയ്തിട്ടുണ്ട്. 2018 ജൂലൈ വരെയുള്ള പെന്ഷന് വിതരണം ചെയ്യുന്നതിനായാണ് വായ്പയെടുക്കുന്നത്.
വായ്പ നല്‍കുന്നതിനായി സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന്റെ കാലാവധി സര്‍ക്കാര്‍ നീട്ടിയതോടെ സന്നദ്ധതയുള്ള ബാങ്കുകളെക്കൂടി ചേര്‍ക്കുകയാണ് ചെയ്യുന്നത്. സഹകരണ ബാങ്കുകള്‍ നല്കുന്ന വായ്പയ്ക്കു പത്തു ശതമാനം പലിശ നല്‍കുമെന്നാണ് സര്‍ക്കാരിന്റെ ഉറപ്പ്.
മലപ്പുറം, കോട്ടയം ജില്ലകളിലെ സഹകരണ സംഘം രജിസ്ട്രാര്‍മാര്‍ സമര്‍പ്പിച്ച പട്ടികയനുസരിച്ചാണ് 50 ബാങ്കുകളെ ഇപ്പോള്‍ ഉള്‍പ്പെടുത്തിയത്. ഓരോ ജില്ലയിലെയും പെന്‍ഷന്‍കാരുടെ പട്ടിക കെ.എസ്.ആര്.ടി.സി തയാറാക്കി സഹകരണ സംഘം രജിസ്ട്രാര്‍മാര്‍ക്കു നല്‍കുന്നതിനനുസരിച്ച് തുക സംസ്ഥാന സഹകരണ ബാങ്ക് കൈമാറും.
പെന്ഷന് വിതരണം കൃത്യസമയത്തു പൂര്‍ത്തിയാക്കുന്നുണ്ടെന്നു സംസ്ഥാന സഹകരണ ബാങ്ക് ഉറപ്പിക്കണമെന്നും സഹകരണ സംഘം രജിസ്ട്രാര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."