ആര്‍.എസ്.എസ് ശ്രമം കലാപത്തിന്
തിരുവനന്തപുരം: കോടതിവിധി നടപ്പാക്കാന്‍ ബാധ്യസ്ഥരായ സര്‍ക്കാരിനെതിരേ ഒരു വിഭാഗത്തെ സംഘടിപ്പിച്ച് സംഘര്‍ഷമുണ്ടാക്കാന്‍ ആര്‍.എസ്.എസ് ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്രമസമാധാന പ്രശ്‌നമുണ്ടായാല്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. തെറ്റിദ്ധാരണകള്‍ തിരുത്താന്‍ ആരുമായും ചര്‍ച്ചക്ക് തയാറാണ്. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ് തന്ത്രി ഉള്‍പ്പെടെയുള്ളവരുടെ യോഗം വിളിച്ചത്. പങ്കെടുക്കില്ലെന്ന നിലപാട് ശരിയോ തെറ്റോ എന്ന് അവര്‍ തന്നെ തീരുമാനിക്കട്ടെ. തുല്യതയാണ് സര്‍ക്കാര്‍ നിലപാട്.
വിശ്വാസികളുമായി ഏറ്റുമുട്ടുക എന്നതു സര്‍ക്കാര്‍ നയമല്ല. എന്നാല്‍, രാഷ്ട്രീയപ്രേരിതമായി സംഘര്‍ഷം ഉണ്ടാക്കുന്നവര്‍ക്ക് മുന്നില്‍ കീഴടങ്ങില്ല. നാടിന്റെ ഒരുമ തകര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ട്. പ്രളയകാലത്ത് കണ്ട മതേതര ഐക്യമാണ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. മന്നത്ത് പത്മനാഭന്റെ നവോത്ഥാന ഇടപെടല്‍ ഈ ഘട്ടത്തില്‍ ശ്രദ്ധിക്കേണ്ടതാണ്. സമുദായത്തിനുള്ളിലെ അനാചാരങ്ങള്‍ക്കെതിരേ മന്നത്ത് പത്മനാഭന്‍ പോരാടി. സാമൂഹിക പരിഷ്‌കരണങ്ങളിലൂടെയാണ് കേരളം മുന്നേറിയത്. ആചാരങ്ങളില്‍ ഇടപെടേണ്ടെന്ന ധാരണ ആദ്യകാലങ്ങളില്‍ ഉണ്ടായിരുന്നു. അതുമാറി ഇടപെടണമെന്ന തീരുമാനം ദേശീയ പ്രസ്ഥാനങ്ങളെടുത്തു. അതിന്റെ ഫലമാണ് വൈക്കം സത്യഗ്രഹം ഉള്‍പ്പെടെയുള്ളവ. നവോത്ഥാന പ്രസ്ഥാനങ്ങള്‍ സ്ത്രീകളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കി.
ശബരിമല വിധിക്കു കാരണം എല്‍.ഡി.എഫ് സര്‍ക്കാരല്ല. കേരളത്തിന്റെ ചരിത്രംകൂടി വിലയിരുത്തിവേണം വിധിയെ കാണാന്‍. സര്‍ക്കാര്‍ നിലപാടല്ല സുപ്രിംകോടതി വിധിയിലേക്ക് എത്തിച്ചത്. ശബരിമലയില്‍ മാസപൂജകള്‍ക്കു പ്രായവ്യത്യാസമില്ലാതെ സ്ത്രീകള്‍ വരാറുണ്ടായിരുന്നു. ഹൈക്കോടതിയിലെ കേസില്‍ ഈ വാദം ഉയര്‍ന്നിരുന്നു. ശബരിമലയില്‍ സ്ത്രീകള്‍ക്ക് ആവശ്യമായ സുരക്ഷ ഒരുക്കും. സാമൂഹ്യ പരിഷ്‌കരണ സമരങ്ങളില്‍ പങ്കെടുത്ത പ്രധാന സംഘടനകളെല്ലാം ശബരിമല വിഷയത്തില്‍ ഇപ്പോഴുണ്ടായിരിക്കുന്ന വിവാദത്തെക്കുറിച്ച് ചിന്തിക്കണം. ശബരിമല വിഷയത്തില്‍ യു.ഡി.എഫിന്റെ നയമല്ല എല്‍.ഡി.എഫിന്. സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്നാണ് എല്‍.ഡി.എഫ് നിലപാട്. സാമൂഹ്യ പരിഷ്‌കരണത്തില്‍ ചില ഇടപെടല്‍ വരുമ്പോള്‍ എല്ലാവരും അണിനിരക്കണമെന്നില്ല. ആണ്‍കുഞ്ഞുണ്ടാകാന്‍ പെണ്‍കുഞ്ഞുങ്ങളെ മുതലക്ക് എറിഞ്ഞുകൊടുക്കുന്ന ആചാരമുണ്ടായിരുന്നു. 1886ല്‍ ഇതു നിരോധിച്ചു. എന്നാല്‍, സ്ത്രീകള്‍ വീണ്ടും എറിഞ്ഞു. അവസാനം മുതലകളെ സര്‍ക്കാര്‍ കൊന്നു തുടങ്ങി. മാറുമറയ്ക്കല്‍ സമരമാണ് മറ്റൊരു ഉദാഹരണം. കാലത്തിന് അനുസരിച്ച് മാറ്റം ആവശ്യമാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."