നെടുങ്കണ്ടം കസ്റ്റഡി മരണം: റീ പോസ്റ്റുമോര്‍ട്ടത്തില്‍ പുറത്തുവന്നത് നിര്‍ണായക വിവരങ്ങള്‍
കോട്ടയം: നെടുങ്കണ്ടം കസ്റ്റഡിക്കൊലപാതകത്തില്‍ നടത്തിയ റീ പോസ്റ്റുമോര്‍ട്ടത്തില്‍ നിര്‍ണായകവിവരങ്ങള്‍ പുറത്തുവന്നു. നേരത്തേ കണ്ടെത്താത്ത കൂടുതല്‍ പരുക്കുകളാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ പുറത്തെടുത്ത രാജ്കുമാറിന്റെ മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്കാശുപത്രിയിലെത്തിച്ചാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്.
പാലക്കാട്ടു നിന്നുള്ള ഡോ.പി.ബി ഗുജ്‌റാള്‍, കോഴിക്കോട്ട് നിന്നുള്ള ഡോ.കെ പ്രസന്നന്‍, ഡോ. എ.കെ ഉന്മേഷ് എന്നിവരടങ്ങിയ സംഘമാണ് റീപോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. കാലുകള്‍ ബലമായി അകത്തിയതിന്റെയും നെഞ്ചിന്റെയും തുടയുടെയും വയറിന്റെയും പിന്നിലും പരുക്കുകളുണ്ട്. ഇത് മരണകാരണമായേക്കാമെന്ന് റീപോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്. രാജ്കുമാറിന് കസ്റ്റഡിയിലോ പുറത്തോ ഏറ്റ മര്‍ദനം അതുകൊണ്ടുതന്നെ മരണകാരണമായേക്കാമെന്നും റീ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ന്യൂമോണിയ കാരണമാണ് മരണമെന്നാണ് നേരത്തേ കണ്ടെത്തിയിരുന്നത്. ദേഹത്ത് ആന്തരിക മുറിവുകളുണ്ടായിരുന്നെന്നും ഗുരുതരമായ അണുബാധ ഇവയ്ക്ക് ബാധിച്ചതിന് ശേഷം ന്യുമോണിയ കൂടി ബാധിച്ചതാണ് മരണകാരണമെന്നുമായിരുന്നു നേരത്തേയുള്ള കണ്ടെത്തല്‍. എന്നാല്‍ അന്ന് കണ്ടെത്താതിരുന്ന മുറിവുകളും പരുക്കുകളും കൂടിയാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.
രാജ്കുമാറിന്റെ ആന്തരിക അവയവങ്ങള്‍ പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. ഇതിനി വിദഗ്ധ പരിശോധനയ്ക്കായി അയക്കും. രാജ്കുമാറിന് ന്യുമോണിയ ബാധ എത്രത്തോളമുണ്ടായിരുന്നെന്ന് സ്ഥിരീകരിക്കണമെങ്കില്‍ അന്തിമ റിപ്പോര്‍ട്ട് വരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."