എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ രാവിലെ നടത്തണം: ശുപാര്‍ശയുമായി ബാലാവകാശ കമ്മിഷന്‍
തിരുവനന്തപുരം: എസ്.എസ്.എല്‍.സി, പ്ലസ് ടു വര്‍ഷാവസാന പരീക്ഷകള്‍ അടുത്ത വര്‍ഷം മുതല്‍ രാവിലെ നടത്തുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ബാലാവകാശ കമ്മിഷന്‍ നിര്‍ദേശിച്ചു.
മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ കാലാവസ്ഥ കണക്കിലെടുത്ത് ഒന്നു മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകളിലെ വാര്‍ഷിക പരീക്ഷകള്‍ എല്ലാം ഉച്ചയ്ക്ക് മുന്‍പ് പൂര്‍ത്തിയാക്കുന്ന കാര്യം പരിഗണിക്കണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു.
ഇതിന് കഴിയാത്ത സാഹചര്യം ഉണ്ടായാല്‍ രാവിലെയും വൈകുന്നേരവുമായി പരീക്ഷ നടത്തണം. കമ്മിഷന്‍ ചെയര്‍മാന്‍ പി.സുരേഷ്, അംഗം ഫാ.ഫിലിപ്പ് പരക്കാട്ട് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചിന്റേതാണ് ശുപാര്‍ശ.
പരീക്ഷാഹാളില്‍ ആവശ്യത്തിന് ഫാനുകളും ചൂട് കുറയ്ക്കാനുള്ള സംവിധാനങ്ങളും വെളിച്ചം, ശുദ്ധമായ കുടിവെള്ളം എന്നിവയും സജ്ജീകരിക്കുന്നതിന് സര്‍ക്കാര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കണം. പരീക്ഷയ്ക്ക് മുന്‍പോ ശേഷമോ കുട്ടികള്‍ക്ക് നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന സാഹചര്യം ഇല്ലെന്ന് അധികൃതര്‍ ഉറപ്പുവരുത്തണമെന്നും കമ്മിഷന്‍ വ്യക്തമാക്കി. പത്തുവര്‍ഷത്തെ പഠനത്തിന്റെയും പരിശീലനത്തിന്റെയും മികവ് തെളിയിക്കപ്പെടേണ്ടത് പത്താം ക്ലാസ് പരീക്ഷയില്‍ ആയതിനാല്‍ അത് എഴുതുന്നതിന് കുട്ടിക്ക് അവസരം ഒരുക്കിക്കൊടുക്കേണ്ടത് വിദ്യാഭ്യാസ വകുപ്പിന്റെ കടമയാണെന്ന് കമ്മിഷന്‍ വ്യക്തമാക്കി.
നിര്‍ഭാഗ്യവശാല്‍ വാര്‍ഷികപരീക്ഷകള്‍ നടത്തുന്നത് കേരളത്തില്‍ അതികഠിന ചൂട് അനുഭവപ്പെടുന്ന മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ്. ഒരോവര്‍ഷവും ചൂട് ഏറുന്ന സാഹചര്യം കണക്കിലെടുത്ത് ദുരന്ത നിവാരണ അതോറിറ്റി തൊഴിലെടുക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ കാര്യം ഇവിടെ പരിഗണനാര്‍ഹമാണെന്നും കമ്മിഷന്‍ നിരീക്ഷിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."