കിളിമാനൂരില്‍ കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ചു: ഒരാള്‍ മരിച്ചു; നാലു പേര്‍ക്ക് പരുക്ക്
കിളിമാനൂര്‍: നെഞ്ചുവേദനയുള്ള രോഗിയുമായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോവുകയായിരുന്ന കാറും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന രോഗി മരിച്ചു. ഒപ്പം സഞ്ചരിച്ചിരുന്ന രോഗിയുടെ ഭാര്യക്കും രണ്ട് മക്കള്‍ക്കും കാറിന്റെ ഡ്രൈവര്‍ക്കും ഗുരുതരമായി പരുക്കേറ്റു.
അഞ്ചല്‍, ആലഞ്ചേരി, പിള്ളവീട്ടില്‍, മുരളീധരന്‍ (48) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ ഷൈലജ (42) മക്കളായ അഖില്‍ (23), അരുണ്‍ (22) കാറിന്റെ ഡ്രൈവര്‍ അഞ്ചല്‍ വസന്ത വിലാസത്തില്‍ ഓമനക്കുട്ടന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്.
പരുക്കേറ്റ എല്ലാവരെയും വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം നാലര മണിയോടെ സംസ്ഥാന പാതയില്‍ കിളിമാനൂരിന് സമീപം മണലയത്ത് പച്ചയിലായിരുന്നു അപകടം. അഞ്ചലില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കാറും എതിര്‍ ദിശയില്‍ പത്തനാപുരത്തേക്ക് പോവുകയായിരുന്ന ബസും ഇടിക്കുകയായിരുന്നു. ബസ് ഡ്രൈവറുടെ അശ്രദ്ധയും അമിത വേഗവുമാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
വളവില്‍ കയറ്റം തുടങ്ങുന്ന വളവില്‍ ലോഡുമായി പോവുകയായിരുന്ന മിനി ടെമ്പോയെ മറികടന്ന് ബസ് വെട്ടി ഒഴിക്കുമ്പോള്‍ കാര്‍ ബസിന്റെ മധ്യഭാഗത്ത് ഇടിക്കുകയും ബസിന്റെ ഇടതു വശത്ത് ഉണ്ടായിരുന്ന മിനി ടെമ്പോ ബസിലിടിച്ച് മറിയുകയും ചെയ്തു.
അപകടത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു. ഒരു മണിക്കൂര്‍ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. മൃതദേഹം ഗോകുലം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. കിളിമാനൂര്‍ പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."