വിഴിഞ്ഞം: ജുഡീഷ്യല്‍ അന്വേഷണത്തിന് മന്ത്രിസഭാ തീരുമാനം,റിട്ട. ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ അന്വേഷിക്കും
തിരുവനന്തപുരം: സി.എ.ജി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വിഴിഞ്ഞം കരാറിനെ പറ്റി ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ തീരുമാനം. റിട്ട. ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ അന്വേഷിക്കും. ഇന്നുനടന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഒപ്പുവെച്ച കരാറിനെ കുറിച്ച് സിഎജി റിപ്പോര്‍ട്ടില്‍ രൂക്ഷവിമര്‍ശനം ഉണ്ടായതോടെയാണ് പിണറായി സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് തീരുമാനിച്ചത്.
വിഴിഞ്ഞം പദ്ധതി കരാര്‍ സംബന്ധിച്ച സി.എ.ജി റിപ്പോര്‍ട്ട് അതീവ ഗൗരവമുള്ളതാണെന്നും ജുഡീഷ്യല്‍ അന്വേഷണം പരിഗണനയിലാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പറഞ്ഞിരുന്നു.
വിഴിഞ്ഞം രാജ്യാന്തര തുറമുഖ കരാറിലെ പല വ്യവസ്ഥകളും സംസ്ഥാന താല്‍പര്യങ്ങള്‍ക്കു വിരുദ്ധമാണെന്നായിരുന്നു കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട്. പദ്ധതിയില്‍ ക്രമക്കേടുകളും പാഴ്‌ചെലവുകളും ഉണ്ടായെന്നും സി.എ.ജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പദ്ധതി വിഹിതത്തിന്റെ 33 ശതമാനം മാത്രം മുടക്കിയ അദാനി ഗ്രൂപ്പിന് ഒന്നരലക്ഷം കോടി രൂപ ലഭിക്കും. അതേസമയം പദ്ധതിവിഹിതത്തിന്റെ 67 ശതമാനവും മുടക്കുന്ന സംസ്ഥാന സര്‍ക്കാരിനാകട്ടെ 13,948 കോടി രൂപ മാത്രമായിരിക്കും ലഭിക്കുക. പദ്ധതിയുടെ രൂപരേഖ തയാറാക്കുന്നതില്‍ ഉള്‍പ്പെടെ ക്രമക്കേട് നടന്നിട്ടുണ്ട്.
പൊതു-സ്വകാര്യ പദ്ധതികളിലെ നിര്‍മാണ-നടത്തിപ്പു കാലാവധി 30 വര്‍ഷമായി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ടെങ്കിലും വിഴിഞ്ഞം കരാറില്‍ 40 വര്‍ഷമാക്കി ഉയര്‍ത്തി. ഇതുമൂലം, കരാറുകാരായ അദാനി പോര്‍ട്‌സിന് 29,217 കോടി രൂപയുടെ അധിക വരുമാനം ലഭിക്കും.
10 വര്‍ഷത്തിനു പകരം 20 വര്‍ഷം കൂടി കാലാവധി അനുവദിക്കാമെന്ന വ്യവസ്ഥയും ചട്ടവിരുദ്ധമാണ്. ഇങ്ങനെ ചെയ്താല്‍ 61,095 കോടി രൂപയുടെ അധിക വരുമാനം കരാറുകാര്‍ക്കു കിട്ടുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."