വധശിക്ഷ നല്‍കില്ലെങ്കില്‍ ഇരകളെ സഹായിക്കാമെന്ന് സെപ്റ്റംബര്‍ 11 ആക്രമണ സൂത്രധാരന്‍
ന്യൂയോര്‍ക്ക്: 2001 സെപ്റ്റംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ സഊദിയുടെ പങ്കിനെകുറിച്ച് വെളിപ്പെടുത്തി ഇരകളുടെ കുടുംബങ്ങളെ സഹായിക്കാന്‍ സന്നദ്ധനാണെന്ന് ആക്രമണത്തിന്റെ സൂത്രധാരനായ ഖാലിദ് ഷെയ്ഖ് മുഹമ്മദ്. വധശിക്ഷ റദ്ദാക്കിയാലേ കാര്യങ്ങള്‍ തുറന്നു പറയുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. നഷ്ടപരിഹാരം തേടുന്ന വ്യക്തികളെയും ബിസിനസ് സ്ഥാപനങ്ങളെയും പ്രതിനിധീകരിക്കുന്ന അഭിഭാഷകര്‍ വെള്ളിയാഴ്ച വൈകി മാന്‍ഹട്ടനിലെ യു.എസ് ഡിസ്ട്രിക്റ്റ് കോടതിയില്‍ സമര്‍പ്പിച്ച കത്തിലാണ് ഖാലിദിന്റെ വാഗ്ദാനമുള്ളത്.
2001ലെ ആക്രമണത്തില്‍ പങ്കുണ്ടെന്ന വാദം സഊദി സര്‍ക്കാര്‍ നിഷേധിച്ചിരുന്നു. വിദേശികളായ അക്രമികള്‍ നാലു യു.എസ് വിമാനങ്ങള്‍ റാഞ്ചി നടത്തിയ ആക്രമണത്തില്‍ 3000 പേര്‍ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്ക്. 6,000 പേര്‍ക്ക് പരുക്കേറ്റു. ഉസാമ ബിന്‍ ലാദന്റെ അല്‍ഖാഇദയാണ് ആക്രമണത്തിന് പിന്നിലെന്നായിരുന്നു യു.എസ് പ്രഖ്യാപിച്ചത്. 1941ലെ പേള്‍ ഹാര്‍ബര്‍ ആക്രമണത്തിനു ശേഷം അമേരിക്കയെ നടുക്കിയ സംഭവമായിരുന്നു ഇത്.
വാഷിംഗ്ടണ്‍ ഡി.സി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സഊദി സര്‍ക്കാരിന്റെ അഭിഭാഷകന്‍ മൈക്കല്‍ കെല്ലോഗ് ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചു. കത്തിനെക്കുറിച്ച് വാള്‍സ്ട്രീറ്റ് ജേണല്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കത്തില്‍ പറയുന്നതനുസരിച്ച് കസ്റ്റഡിയിലുള്ള അഞ്ച് സാക്ഷികള്‍ക്കായി വാദികളുടെ അഭിഭാഷകര്‍ ബന്ധപ്പെട്ടിട്ടുണ്ട്.
ക്യൂബയിലെ തടങ്കല്‍പ്പാളയമായ ഗ്വാണ്ടനാമോ ജയിലിലാണ് മുഹമ്മദ് ഉള്‍പ്പെടെ മൂന്നുപേരെ പാര്‍പ്പിച്ചിരിക്കുന്നതെന്നും രണ്ടുപേര്‍ കൊളറാഡോയിലെ ഫ്‌ളോറന്‍സിലുള്ള സൂപ്പര്‍മാക്‌സ് ജയിലിലാണെന്നും അഭിഭാഷകര്‍ പറഞ്ഞു. സത്യവാങ്മൂലം നല്‍കാന്‍ മുഹമ്മദ് ഇപ്പോള്‍ സമ്മതിച്ചെന്നുവരില്ല, പക്ഷെ ആ സ്ഥിതി മാറിയേക്കാം എന്ന് കത്തില്‍ പറയുന്നുണ്ട്.
സെപ്റ്റംബര്‍ 11 ആക്രമണത്തിലെ പങ്കു പരിഗണിച്ച് സഊദിക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കാനുള്ള പുതിയ ബില്‍ അമേരിക്കന്‍ കോണ്‍ഗ്രസ് 2016ല്‍ പാസാക്കിയിരുന്നു.
അമേരിക്കന്‍ സെനറ്റും പ്രതിനിധിസഭയും വന്‍ ഭൂരിപക്ഷത്തോടെയാണ് 'ജസ്റ്റിസ് എഗെയിന്‍സ്റ്റ് സ്‌പോണ്‍സേഴ്‌സ് ഓഫ് ടെററിസം ആക്ട്' എന്ന നിയമം പാസാക്കിയത്. അന്നത്തെ അമേരിക്കന്‍ പ്രസിഡന്റിന്റെയും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരുടെയും എതിര്‍പ്പുകളെ മറികടന്നുകൊണ്ടായിരുന്നു അത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."