ബസില്‍ മോഷണം നടത്തിയ തമിഴ് സ്ത്രീ പിടിയില്‍
ചാലക്കുടി: ബസില്‍ മോഷണം നടത്തിയ തമിഴ് യുവതിയെ ചാലക്കുടി സബ് ഇന്‍സ്‌പെക്ടര്‍ ജയേഷ്ബാലന്‍ അറസ്റ്റു ചെയ്തു. തമിഴ്‌നാട് മധുര ജില്ലയിലെ മേലൂര്‍ സ്വദേശി ഭരതിന്റെ ഭാര്യ എസക്കി (32) എന്ന യുവതിയാണ് പിടിയിലായത്.
ഇന്നലെ രാവിലെ തൃശൂരില്‍നിന്നും ചാലക്കുടിയിലേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസിലെ യാത്രക്കാരിയായ വനിതയുടെ പഴ്‌സാണു മോഷ്ടിക്കപ്പെട്ടത്.
ഇവരുടെ ഹാന്‍ഡ്ബാഗില്‍നിന്നും നാലായിരത്തോളം രൂപയും വിവിധ തിരിച്ചറിയല്‍ കാര്‍ഡുകളുമടങ്ങിയ പഴ്‌സാണ് മോഷണം പോയത്. ചാലക്കുടിയിലെത്തി ബസില്‍ നിന്നിറങ്ങാന്‍ നേരം ബാഗ് തുറന്നുകിടക്കുന്നത് കണ്ട യുവതി പരിശോധിച്ചപ്പോഴാണ് പഴ്‌സ് നഷ്ടപ്പെട്ട കാര്യം അറിഞ്ഞത്.
ഉടന്‍ സ്റ്റേഷനിലെത്തി പരാതി നല്‍കി. പിന്നീട് ചാലക്കുടി എസ്.എച്ച്.ഒ ഇന്‍സ്‌പെക്ടര്‍ ജെ. മാത്യുവിന്റെ നേതൃത്വത്തില്‍ എസ്.ഐയും സംഘവും ഇവരെ തിരഞ്ഞു പുറത്തിറങ്ങിയ സമയത്ത് യുവതിയെപ്പറ്റി സൂചന നല്‍കി ദേവഗംഗയെന്ന ഒരു വിദ്യാര്‍ഥി ഫോണ്‍ വിളിക്കുകയായിരുന്നു.
പിന്നീട് മൂന്നുസംഘമായി തിരിഞ്ഞ് വിദ്യാര്‍ഥിനി നല്‍കിയ സൂചനപ്രകാരമുള്ള തമിഴ് സ്ത്രീയെ ചാലക്കുടിയിലും പരിസരത്തുമുള്ള ബസ് സ്റ്റാന്‍ഡുകളും ബസ് സ്റ്റോപ്പുകളും കേന്ദ്രീകരിച്ച് അരിച്ചുപെറുക്കി അന്വേഷിക്കവേയാണ് കൂടപ്പുഴ ഭാഗത്തെ ബസ് സ്റ്റോപ്പില്‍ സംശയാസ്പദമായ രീതിയില്‍ തമിഴ് സ്ത്രീയെ കണ്ടത്. ചോദ്യം ചെയ്തപ്പോള്‍ വ്യക്തമായ മറുപടി ലഭിക്കാതായതോടെ സ്റ്റേഷനിലെത്തിച്ച് വിശദമായ ചോദ്യംചെയ്തതോടെ മോഷ്ടിച്ചതായി സമ്മതിക്കുകയും വസ്ത്രത്തിനുള്ളിലൊളിപ്പിച്ച പഴ്‌സ് പൊലിസിനെ ഏല്‍പിക്കുകയുമായിരുന്നു.
അന്വേഷണ സംഘത്തില്‍ എ.എസ്.ഐ സി.വി ഡേവിസ്, സീനിയര്‍ സി.പി.ഒ മുഹമ്മദ് റാഷി, പൊലിസുകാരായ രാജേഷ്ചന്ദ്രന്‍, വി ദീപു, പി.വി രൂപേഷ് , ആന്റോ ജോസഫ്, വനിതാ സീനീയര്‍ സി.പി.ഒ ഷീബാ അശോകന്‍, വനിതാ സി.പി.ഒ മീരാമാത്യു എന്നിവരുമുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ സ്ത്രീയെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."