HOME
DETAILS

മുത്വലാഖ് നിയമം: ഏകസിവില്‍ക്കോഡിലേക്കുള്ള വഴി

  
backup
July 31 2019 | 18:07 PM

triple-talaq-heads-to-unique-civil-code-says-elemaram-kareem-465465

 

മുസ്‌ലിം വനിതാ ( വിവാഹത്തിലുള്ള അവകാശങ്ങളുടെ സംരക്ഷണം)(മുത്വലാഖ്) ഓര്‍ഡിനന്‍സ് പല തവണ കൊണ്ടുവന്നതും തുടര്‍ന്ന് പുതിയ ബില്‍ അവതരിപ്പിച്ചതും നിയമനിര്‍മാണത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്കും കൃത്യമായി സ്ഥാപിക്കപ്പെട്ട ഭരണഘടനാപ്രകാരമുള്ള മുന്‍ഗണന, നടപടിക്രമങ്ങള്‍ക്ക് എതിരാണ്. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായുള്ള ഗൂഢ ലക്ഷ്യത്തോടെ അവതരിപ്പിച്ച ഒര്‍ഡിനന്‍സും ബില്ലും യഥാര്‍ഥ മാര്‍ഗത്തിലൂടെയല്ല കൊണ്ടുവന്നത്. നിയമനിര്‍മാണം ആവശ്യകതകളുടെ അടിസ്ഥാനത്തിലും ഒരു ഓര്‍ഡിനന്‍സ് രൂപപ്പെടുത്തേണ്ടത് അടിയന്തര പ്രാധാന്യത്തിലുമാവണം.


ബഹുമാനപ്പെട്ട സുപ്രിം കോടതി മുത്വലാഖിനെ അസാധുവാക്കിയതിനാല്‍ ഈ കേസില്‍ അത്തരം ആവശ്യങ്ങളൊന്നുമില്ല. നമുക്കെല്ലാം അറിയുന്നത് പോലെ സുപ്രിം കോടതി ഉത്തരവ് ഈ നാടിന്റെ നിയമമാണ്. മുത്വലാഖ് നിയമവിരുദ്ധമാണെന്ന് സുപ്രിം കോടതി വിധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കില്‍ അത് നിലവിലെ നിയമങ്ങളാല്‍ തന്നെ നിയമവിരുദ്ധമാണെന്നാണ് കണക്കാക്കേണ്ടത്. അപ്പോള്‍ ഇത്തരത്തിലൊരു ബില്‍ അവതരിപ്പിക്കേണ്ടതിന്റെ ആവശ്യമെന്താണ്. നമ്മുടെ സമൂഹത്തില്‍ ഏകീകൃത സിവില്‍ക്കോഡിന്റെ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കുക എന്ന ഈ സര്‍ക്കാരിന്റെ രഹസ്യ അജണ്ട മാത്രമാണിത്.


മാധ്യമങ്ങളിലും ജനപ്രിയ ഭാവനകളിലും ദേശീയ ചര്‍ച്ചകളിലും നയരൂപീകരണം നടത്തുന്നവരുടെ മനസില്‍ പോലും ഏതാണ്ട് പൂര്‍ണമായും അവരുടെ മത സ്വത്വത്തിന്റെ കാഴ്ചപ്പാടിലൂടെയാണ് മുസ്‌ലിം സ്ത്രീകളെ നിര്‍വചിക്കപ്പെടുന്നത്. മുസ്‌ലിം സ്ത്രീകളുടെ വ്യക്തി നിയമങ്ങള്‍, ഗാര്‍ഹിക ഇടങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങല്‍ ഉയര്‍ത്തികൊണ്ടുവരാനാണ് ഭരണകൂടങ്ങളും വനിതാ സംഘടനകളും ശ്രമിച്ചത്. അതിനാല്‍ മുസ്‌ലിമെന്ന നിലയിലും സ്ത്രീയെന്ന നിലയിലും പുരോഗതിയുടെ കാര്യത്തില്‍ അവര്‍ തീര്‍ച്ചയായും പിന്തള്ളപ്പെട്ടു. കണക്കുകള്‍ പ്രകാരം മുസ്‌ലിം സ്ത്രീകളുടെ ജോലി പങ്കാളിത്ത അനുപാതം 14.1 ശതമാനമാണ്. അത് എല്ലാ സാമൂഹിക മത സമുദായങ്ങളിലും വച്ച് ഏറ്റവും കുറവാണ്. 50.1 ശതമാനമാണ് മുസ്‌ലിം വനിതാ സാക്ഷരതാ നിരക്ക്. അതും മറ്റെല്ലാ സമുദായങ്ങളേക്കാളും കുറവാണ്. അവരുടെ സ്‌കൂള്‍ വിദ്യാഭ്യാസ പൂര്‍ത്തീകരണ നിരക്ക് എസ്.സി, എസ്.ടി സമുദായക്കാരേക്കാള്‍ കുറവാണ്.


മുത്വലാഖ് ബില്ലുമായി ബന്ധപ്പെട്ട് എന്റെ ആദ്യത്തെ എതിര്‍പ്പ് ഈ നിയമം അടിസ്ഥാനപരമായി തന്നെ വിവേചനപരമാണെന്നാണ്. ക്രിമിനല്‍ നടപടി ചട്ടം പ്രകാരമാണ് മുത്വലാഖിലെ കേസുകളെ കൈകാര്യം ചെയ്യുന്നത്. മറ്റെല്ലാ മതങ്ങളിലുംസിവില്‍ നടപടി ചട്ടങ്ങള്‍ പ്രകാരമാണ് വിവാഹ നിയമങ്ങള്‍ കൈകാര്യം ചെയ്യുന്നതും അവയുടെ ലംഘനങ്ങള്‍ക്കുള്ള ശിക്ഷകള്‍ നിര്‍ണയിക്കുന്നതുമെന്നത് ശ്രദ്ധിക്കേണ്ടതാണ്.


മൂന്നു തവണ ഒരുമിച്ച് ത്വലാഖ് ചൊല്ലുന്ന, രാജ്യത്തെ മുസ്‌ലിം സമുദായത്തിനിടയില്‍ തുടരുന്ന മുത്വലാഖ് എന്ന ആചാരം 2017 ഓഗസ്റ്റ് 22ലെ സൈറാ ബാനുവും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള കേസില്‍ 3:2 ഭൂരിപക്ഷ വിധിയില്‍ റദ്ദാക്കിയിരുന്നു. വിവാഹം പുനഃസ്ഥാപിക്കാന്‍ സ്ത്രീക്ക് അവസരമില്ലാത്ത, പുരുഷന്റെ പക്ഷത്തുനിന്നുള്ള ഏകപക്ഷീയമായ പ്രവൃത്തിയാണ് പെട്ടെന്നുള്ള മുത്വലാഖ് എന്ന കാരണത്താല്‍ അത് അസാധുവാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നും വിവേചനപൂര്‍ണവും ഇസ്‌ലാം വിരുദ്ധവുമാണെന്നും സുപ്രിം കോടതി വിധിയില്‍ പറയുന്നു. പക്ഷേ ഈ ബില്ലിലും 2017ലും 2018ലും ബി.ജെ.പി കൊണ്ടുവന്ന ബില്ലുകളിലെ ലക്ഷ്യങ്ങളും കാരണങ്ങളും പറയുന്ന പ്രസ്താവനയില്‍ സുപ്രിംകോടതി വിധി പ്രകാരമാണിതെന്ന് ആവര്‍ത്തിച്ച് പറയുന്നത് കണ്ട് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. എന്നാല്‍ 300 പേജ് വരുന്ന വിധിപ്രസ്താവത്തില്‍ ഒരിടത്തും മുത്വലാഖിനെ ക്രിമിനല്‍ വല്‍ക്കരിക്കണമെന്ന് കോടതി പറയുന്നില്ല.


ഈ ഓര്‍ഡിനന്‍സും ബില്ലും ഒരു സിവില്‍ നിയമത്തെ ക്രിമിനല്‍ വല്‍ക്കരിക്കുകയാണ്. അവിടെയാണ് എന്റെ ശക്തമായ എതിര്‍പ്പ്. ഹിന്ദു മതത്തിലും ഹിന്ദു സിവില്‍ നിയമത്തിലും ഇങ്ങനെയില്ല. ക്രിസ്ത്യന്‍ നിയമത്തില്‍ പോലും ഇങ്ങനെയില്ല. എന്തിനാണ് മുസ്‌ലിം മതത്തിലെ ഒരു സിവില്‍ നിയമത്തെ സര്‍ക്കാര്‍ ക്രിമിനല്‍ വല്‍ക്കരിക്കുന്നത്?. അതാണ് ബഹുമാനപ്പെട്ട മന്ത്രിയോട് ഞാന്‍ ചോദിക്കാന്‍ താല്‍പര്യപ്പെടുന്ന സുപ്രധാന ചോദ്യം.


ഭരണഘടനയുടെ 141ാം അനുഛേദം പ്രകാരം സുപ്രിംകോടതിയുടെ ഉത്തരവ് നാടിന്റെ നിയമമാണ്.സുപ്രിം കോടതി വിധിക്കു ശേഷവും മുത്വലാഖ് നടന്നാലോ സ്ത്രീകള്‍ക്കെതിരായ അതിക്രമമുണ്ടായാലോ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 498 എ വകുപ്പും സ്ത്രീകളെ ഗാര്‍ഹിക അതിക്രമങ്ങളില്‍ നിന്ന് സംരക്ഷിക്കുന്ന 2005ലെ നിയമം ഉള്ളതിനാലും അവിടെ പുതിയ ക്രിമിനല്‍ വകുപ്പിന്റെ ആവശ്യമില്ല, ഈ രണ്ട് നിയമങ്ങളും ഭര്‍ത്താവിനെ വിചാരണ ചെയ്യുന്നതിന് അനുമതി നല്‍കുന്നു. അപ്പോള്‍ സര്‍ക്കാര്‍ എന്തിനാണ് മുത്വലാഖിനെ ക്രിമിനല്‍ വല്‍ക്കരിക്കുന്ന പുതിയ നിയമനിര്‍മാണം കൊണ്ടുവരാന്‍ തിടുക്കം കാണിക്കുന്നത്?


ഞാന്‍ ഈ ബില്ലിലെ വകുപ്പുകള്‍ പരിശോധിച്ചപ്പോള്‍, അതിലെ എല്ലാ ക്ലോസുകളും, എടുത്ത് പറഞ്ഞാല്‍ ക്ലോസ് 3, ക്ലോസ് 5,6 എന്നിവ പരസ്പര വിരുദ്ധമാണ്. എന്തുകൊണ്ടാണ് ഞാന്‍ അങ്ങനെ പറയുന്നുവെന്നതിന്റെ വസ്തുതകള്‍ നല്‍കാം. മുത്വലാഖ് ചൊല്ലിയാല്‍ അത് അസാധുവും നിയമവിരുദ്ധവുമാണെന്നാണ് ക്ലോസ് മൂന്ന്. മുത്വലാഖ് ചൊല്ലിയാല്‍ ഭാര്യക്ക് ജീവനാംശം കിട്ടാന്‍ അര്‍ഹതയുണ്ടെന്നാണ് അഞ്ചാം ക്ലോസ് പറയുന്നത്. അത് എങ്ങനെ സാധ്യമാവും? ഭാര്യാഭര്‍തൃ ബന്ധം നിലനില്‍ക്കുന്നുണ്ട്, വിവാഹ ബന്ധം അവസാനിച്ചിട്ടില്ല. വിവാഹബന്ധം നിലനില്‍ക്കുന്നുവെന്നതിനാല്‍ ക്ലോസ് 5ന്റെ ലക്ഷ്യം എന്താണ്.


ബഹുമാനപ്പെട്ട മന്ത്രിയില്‍ നിന്ന് എനിക്ക് ഒരു വിശദീകരണം വേണം. ഉപജീവനം എന്നതിന്റെ അര്‍ഥമെന്താണ്? ഇന്ന് ഉപജീവനം എന്നതിന് നിര്‍വചനമില്ല. നിങ്ങള്‍ ഓക്‌സ്ഫഡ് നിഘണ്ഡു നോക്കിയാല്‍ അതില്‍ കാണാം ഒരാള്‍ക്ക് ജീവനോടെയിരിക്കാന്‍ വേണ്ട ഏറ്റവും കുറഞ്ഞ വിഭവങ്ങള്‍ എന്ന നിര്‍വചനം. 2005ലെ ഗാര്‍ഹിക പീഡനം തടയല്‍ നിയമം പ്രകാരമുള്ള സ്ത്രീകള്‍ക്കുള്ള വലിയ അവകാശങ്ങളെ സ്ത്രീ ശാക്തീകരണത്തിന്റെ പേരില്‍ അട്ടിമറിക്കാന്‍ ഭര്‍ത്താവിന് അവകാശം നല്‍കുകയാണിവിടെ.
അതും കഴിഞ്ഞാല്‍, ബഹുമാനപ്പെട്ട മന്ത്രിയുടെ നിര്‍ദേശങ്ങളോട് ഞാന്‍ യോജിക്കുകയാണെങ്കില്‍ പോലും മറ്റൊരു പ്രശ്‌നം നിലനില്‍ക്കുന്നു. മൂന്ന് വര്‍ഷം ഭര്‍ത്താവ് ജയിലിലായാല്‍ എങ്ങനെയാണ് ബന്ധം വേര്‍പെടുത്തപ്പെട്ട ഭാര്യക്ക് ജീവനാംശം നല്‍കുക? ഭര്‍ത്താവ് ജയിലില്‍ കഴിയുമ്പോള്‍ ഭാര്യക്ക് ജീവനാംശം നല്‍കണമെന്ന് നിയമപ്രകാരം ഏതെങ്കിലും മജിസ്‌ട്രേറ്റോ കോടതിയോ ഉത്തരവ് നല്‍കുമോ? ബഹുമാനപ്പെട്ട മന്ത്രി, ഈ ചോദ്യത്തിന് ദയവായി ഉത്തരം നല്‍കുക.


ക്ലോസ് ആറ് പറയുന്നത് മുത്വലാഖ് നടന്നാല്‍ കുട്ടിയുടെ സംരക്ഷണ ചുമതല അമ്മയ്ക്കാണെന്നാണ്. ഇവിടെയും ഭാര്യാ ഭര്‍തൃബന്ധവും വിവാഹിതരെന്ന അവസ്ഥയും നിലനില്‍ക്കുന്നു. അപ്പോള്‍ അവര്‍ക്കെങ്ങനെ പറയാനാവും കുട്ടിയുടെ കൈവശാവകാശം മാതാവിനാണെന്ന്? വിവാഹമോചനം നടന്നിട്ടില്ല, വിവാഹ ബന്ധം നിലനില്‍ക്കുന്നു എന്ന അവസ്ഥയില്‍ ഭാര്യാ ഭര്‍തൃ ബന്ധം നിലനില്‍ക്കുന്നു. എങ്ങനെയാണ് ക്ലോസ് ആറ് അവിടെ വരിക? ക്ലോസ് 3,5,6 എന്നിവ പരസ്പര വിരുദ്ധമാണെന്നാണ് ഞാന്‍ ചൂണ്ടിക്കാട്ടുന്നത്. അതിനാല്‍ അവ ഭരണഘടനാ വിരുദ്ധമാണ്. ഈ നിയമം നിയമത്തിന്റെയും കോടതിയുടെയും പരിഗണനകള്‍ക്കനുസരിച്ചല്ലാത്തതിനാല്‍ അത് സാധുവാകുന്നതുമല്ല.


കടുത്ത ജാമ്യ വ്യവസ്ഥകളും മറ്റു വകുപ്പുകളും മനുഷ്യാവകാശം ലംഘിക്കുന്നതാണ്. ബില്ലിലെ ക്ലോസ് ഏഴ് പ്രകാരം വിവാഹമോചനം ചെയ്യപ്പെട്ട ഭാര്യയെ കേട്ട ശേഷം മാത്രമേ ഭര്‍ത്താവിന് ജാമ്യം നല്‍കാവൂ എന്ന് പറയുന്നു. സ്ത്രീയുടെ മൊഴി എടുക്കുന്നത് വൈകിയാല്‍ അയാള്‍ക്ക് ജാമ്യം വൈകുകയോ ജാമ്യം ലഭിക്കാതിരിക്കുകയോ ചെയ്യും. ഈ നിയമം മുസ്‌ലിം സ്ത്രീയെ ശക്തിപ്പെടുത്താനല്ല, മുസ്‌ലിം പുരുഷനെ ശിക്ഷിക്കാനാണ്. ഭര്‍ത്താവിനെ ജാമ്യമില്ലാതെ മൂന്ന് വര്‍ഷം ജയിലില്‍ ഇടാനുള്ള അനിയന്ത്രിതമായ അധികാരം ഭരണകൂടത്തിന് നല്‍കുന്നുവെന്നതിനാല്‍ നിയമത്തിന്റെ ദുരുപയോഗവും മനുഷ്യാവകാശ ലംഘനവും വ്യാപകമായുണ്ടാവുമെന്ന് ഞാന്‍ ഭയക്കുന്നു.


ഏകപക്ഷീയവും പെട്ടെന്നുള്ളതുമായ മുത്വലാഖിനെതിരായ മുസ്‌ലിം സ്ത്രീകളുടെ ആവശ്യങ്ങളെ സി.പി.ഐ (എം) പിന്തുണയ്ക്കുന്നു. ഈ പ്രത്യേക ആചാരം ഭൂരിപക്ഷം ഇസ്‌ലാമിക രാജ്യങ്ങളിലും അനുവദനീയമല്ല. ഈ ആവശ്യത്തെ അംഗീകരിക്കുന്നത് അത് ബാധിക്കപ്പെട്ട സ്ത്രീകള്‍ക്ക് ആശ്വാസം നല്‍കും. അതേ സമയം തന്നെ ഭൂരിപക്ഷ സമുദായത്തിന്റേതുള്‍പ്പെടെ എല്ലാ വ്യക്തി നിയമങ്ങള്‍ക്കും പരിഷ്‌കരണം ആവശ്യമാണെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു.

ഈ സന്ദര്‍ഭത്തില്‍, ഹിന്ദു സ്ത്രീകള്‍ക്കായുള്ള വ്യക്തിനിയമങ്ങള്‍ നേരത്തേ തന്നെ പരിഷ്‌കരിക്കപ്പെട്ടതാണെന്ന സര്‍ക്കാര്‍ വക്താക്കള്‍ നടത്തിയ അവകാശവാദങ്ങള്‍ വെളിവാക്കുന്നത് അവരുടെ താല്‍പര്യം സ്ത്രീകളുടെ തുല്യത ഉറപ്പിക്കലല്ല, ന്യൂനപക്ഷ സമുദായങ്ങളെ പ്രത്യേകിച്ച് മുസ്‌ലിം സമുദായത്തെ ലക്ഷ്യം വയ്ക്കലാണെന്നതാണ്. ഇപ്പോഴും ദത്തെടുക്കല്‍, സ്വത്തവകാശം, സ്വന്തം ജീവിത പങ്കാളിയെ കണ്ടെത്തല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ ഹിന്ദു സ്ത്രീകള്‍ക്ക് വിവേചനമുണ്ട്. ഏകീകരിക്കല്‍ തുല്യതയ്ക്കുള്ള ഉറപ്പല്ല.


ഭരണഘടനയിലെ, മത സ്വാതന്ത്ര്യത്തിനുള്ള 25ാം അനുച്ഛേദത്തിന്റെ സംരക്ഷണം വ്യക്തിനിയമത്തിനുണ്ട്. വിവാഹം, വിവാഹ മോചനം, അനന്തരാവകാശം, കുട്ടികളുടെ രക്ഷാധികാരം, തുടങ്ങിയവ വ്യക്തിനിയമത്തിലെ അവിഭാജ്യ ഘടകങ്ങളാണ്. സര്‍ക്കാരിന് അവയില്‍ ഇടപെടാന്‍ ഒരവകാശവുമില്ല. ഇപ്പോഴത്തെ നിയമനിര്‍മാണം ഭരണഘടനാവിരുദ്ധവും തെറ്റായ ലക്ഷ്യത്തോടുകൂടിയുള്ളതുമാണ്. കൂടാതെ, ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങള്‍ നിഷേധിക്കല്‍ കൂടിയാണിത്. ബില്ലിന്റെ ലക്ഷ്യങ്ങളും കാരണങ്ങളും പ്രതിപാദിക്കുന്ന പ്രസ്താവന ഒരു കാര്യം പറയുമ്പോള്‍ തന്നെ നിഗൂഢമായ മറ്റൊരു ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. അതെന്താണ്? ഒരാള്‍ക്ക് സ്വന്തം മതത്തില്‍ വിശ്വസിക്കാനും അത് അനുഷ്ഠിക്കാനും പ്രകടിപ്പിക്കാനുമുള്ള സ്വാതന്ത്ര്യങ്ങളില്‍ കൈയേറ്റം നടത്താന്‍ വഴിയൊരുക്കുകയെന്നതും പൊതു സിവില്‍ കോഡിന് കടന്നുവരാന്‍ വഴി തുറന്നു കൊടുക്കുകയെന്നതുമാണത്.


മുസ്‌ലിം പുരുഷന്‍മാര്‍ ക്രൂരന്‍മാരാണെന്നും ഇന്ത്യന്‍ സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ സഹിക്കുന്ന വിഭാഗം മുസ്‌ലിം സ്ത്രീകളാണെന്നുമുള്ള പുകമറ സൃഷ്ടിക്കുകയാണ് നിങ്ങള്‍. അത് നിങ്ങളാല്‍ നിര്‍മിക്കപ്പെട്ട കഥയാണ്. വിദ്വേഷത്തിന്റെ പ്രചാരകരില്‍ നിന്ന് മുസ്‌ലിം സമുദായത്തിനും രാജ്യത്തെ എല്ലാ ദുര്‍ബലവിഭാഗങ്ങള്‍ക്കും സംരക്ഷണം വേണം. പശു സംരക്ഷകരില്‍ നിന്നും ആള്‍ക്കൂട്ട കൊലപാതക സംഘങ്ങളില്‍ നിന്നും അവര്‍ക്ക് സംരക്ഷണം വേണം. ഭൂരിപക്ഷ സമുദായത്തിന്റെ മന്ത്രം ചൊല്ലാത്തതിനാല്‍ കൊലപ്പെടുത്തുന്നവരില്‍നിന്ന് സംരക്ഷണം ആവശ്യമുണ്ട്. ചുരുക്കത്തില്‍ ഈ രാജ്യത്തെ ദുര്‍ബലരായ ജനതയ്ക്ക് സര്‍ക്കാരിനെ നിയന്ത്രിക്കുന്ന ശക്തികളില്‍നിന്നാണ് സംരക്ഷണം വേണ്ടത്.


ഈ സര്‍ക്കാര്‍ സത്യമായും മുസ്‌ലിം വനിതകളുടെ ശാക്തീകരണത്തില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ ഈ ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടട്ടെ, ഇതുമായി ബന്ധപ്പെട്ടവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കട്ടെ, ഇത് ബാധിക്കപ്പെട്ട വ്യക്തികളുടെ അഭിപ്രായം തേടട്ടെ, ജനങ്ങളുടെയും ഇവിടെയിരിക്കുന്ന ഞങ്ങളെല്ലാവരുടെയും അഭിപ്രായം കേള്‍ക്കട്ടെ. സ്വയം ദൈവമായി കരുതാന്‍ നമുക്ക് ഒരവകാശവുമില്ല. നമ്മള്‍ ജനങ്ങളുടെ പ്രതിനിധികളാണ് . നമ്മള്‍ നിര്‍ബന്ധമായും ജനങ്ങളെ കേള്‍ക്കണം.


(മുത്വലാഖ് ബില്ലില്‍ രാജ്യസഭയിലെ പ്രസംഗത്തിന്റെ പൂര്‍ണ രൂപം)


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റേഷന്‍ മസ്റ്ററിങ്: മഞ്ഞ, പിങ്ക് കാര്‍ഡുകാരുടെ സമയ പരിധി ഇന്ന് അവസാനിക്കും; പൂര്‍ത്തിയായത് 60% മാത്രം 

Kerala
  •  2 months ago
No Image

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും

Weather
  •  2 months ago
No Image

തെരഞ്ഞെടുപ്പ് ഗോദയിലും കരുത്ത് കാട്ടി വിനേഷ്

National
  •  2 months ago
No Image

ഭൂമിയിലെ സ്വര്‍ഗത്തില്‍ 'ഇന്‍ഡ്യ'; താഴ്‌വരയില്‍ താമരക്ക് വാട്ടം

National
  •  2 months ago
No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago