ന്യൂനപക്ഷക്ഷേമത്തിന് 309.62 കോടിയുടെ പദ്ധതി കേന്ദ്രത്തിന് സമര്‍പ്പിക്കും
തിരുവനന്തപുരം: ന്യൂനപക്ഷക്ഷേമ വകുപ്പ് 309.62 കോടിയുടെ പദ്ധതി നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കും. 269 പദ്ധതി നിര്‍ദേശങ്ങളാണ് എട്ടു ജില്ലകളിലായി നടപ്പാക്കാന്‍ കേന്ദ്രത്തിന് സമര്‍പ്പിക്കുന്നത്. പ്രധാന്‍മന്ത്രി ജന്‍ വികാസ് കാര്യക്രം പദ്ധതിക്ക് കീഴിലാണ് ഇവ നടപ്പാക്കുന്നത്. കേന്ദ്രത്തിന് സമര്‍പ്പിക്കേണ്ട പദ്ധതി നിര്‍ദേശങ്ങള്‍ ചീഫ് സെക്രട്ടറി ടോം ജോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പതിനഞ്ചിന പരിപാടികളുടെ സംസ്ഥാനതല സമിതി അംഗീകരിച്ചു.
മലപ്പുറം (95.70), പാലക്കാട് (33.82), കൊല്ലം (42.57), വയനാട് (33.70), കണ്ണൂര്‍ (31.83), ആലപ്പുഴ (58.68), തിരുവനന്തപുരം (7.66), കാസര്‍കോട് (5.65) ജില്ലകളിലെ 269 പ്രോജക്ടുകള്‍ക്കാണ് കേന്ദ്ര സഹായം തേടിയിട്ടുള്ളത്.
കേന്ദ്ര സര്‍ക്കാര്‍ പുതുക്കിയ മാനദണ്ഡപ്രകാരം സംസ്ഥാനത്തെ ന്യൂനപക്ഷ കേന്ദ്രീകൃതമായിട്ടുള്ള 73 പ്രദേശങ്ങളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ന്യൂനപക്ഷക്ഷേമത്തിനായുള്ള സംസ്ഥാനതല അവലോകന യോഗത്തില്‍ കൂടുതല്‍ പദ്ധതികള്‍ യഥാസമയം തയാറാക്കി അയക്കാന്‍ ചീഫ് സെക്രട്ടറി ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.
ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കുള്ള ഭൗതിക സൗകര്യവികസനത്തിനായുള്ള ഐ.ഡി.എം.ഐ പദ്ധതിയില്‍ രണ്ടാം ഗഡുവായി അനുവദിച്ച 28.04 കോടി രൂപ 134 സ്ഥാപനങ്ങള്‍ക്കായി വിതരണം ചെയ്തിട്ടുണ്ട്. മദ്‌റസാ നവീകരണത്തിനായി നല്‍കിയ തുകയുടെ വിനിയോഗ പത്രം യഥാസമയം സമര്‍പ്പിക്കാത്ത മാനേജ്‌മെന്റുകളുകളുടെ അടിയന്തരയോഗം വിളിച്ചു ചേര്‍ക്കുന്നതിനും തീരുമാനിച്ചു.
മതസൗഹാര്‍ദത്തിനുള്ള ജില്ലാതല അവലോകനസമിതി യോഗങ്ങള്‍ കൃത്യമായി കൂടേണ്ടതാണെന്ന് ചീഫ് സെക്രട്ടറി കലക്ടര്‍മാരോട് നിര്‍ദേശിച്ചു.
ന്യൂനപക്ഷ വിഭാഗത്തിലെ വിധവകള്‍ക്കായി ആവിഷ്‌കരിച്ച ഇമ്പിച്ചി ബാവ ഭവന നിര്‍മാണ പദ്ധതി വിപുലീകരിക്കണമെന്ന് എ.എം ആരിഫ് എം.എല്‍.എ ആവശ്യപ്പെട്ടു.
പ്രധാന്‍മന്ത്രി ജന്‍ വികാസ് കാര്യക്രം പദ്ധതിയില്‍ പത്തനംതിട്ട, തൃശൂര്‍ ജില്ലകളെ കൂടി ഉള്‍പ്പെടുത്തണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഇക്കാര്യം കേന്ദ്രത്തോട് ശുപാര്‍ശ ചെയ്യുന്നതിനും യോഗം തീരുമാനിച്ചു. ന്യൂനപക്ഷക്ഷേമ സെക്രട്ടറി ഷാജഹാന്‍, വിവിധ വകുപ്പ് സെക്രട്ടറിമാര്‍, ജില്ലാ കലക്ടര്‍മാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."