ടീമിന് ഒരുങ്ങാന്‍ മതിയായ സമയം ലഭിച്ചില്ല: കോണ്സ്റ്റന്റൈന്
ന്യൂഡല്‍ഹി: 13ന് നടക്കുന്ന ഇന്ത്യാ ചൈനാ ഫുട്ബോളിനായി ടീമിനെ ഒരുക്കാന്‍ മതിയായ സമയം കിട്ടിയില്ലെന്ന് ഇന്ത്യന്‍ പരിശീലകന് സ്റ്റീഫന്‍ കോണ്സ്റ്റന്റൈന്. ഐ.എസ്.എല്ലും ഇതിന്റെ മുന്നോടിയായി നടന്ന പ്രീസീസണ് മത്സരങ്ങളും കാരണമാണ് താരങ്ങളെ കിട്ടാതെ വന്നത്. എട്ടാം തിയതി മുതല്‍ 12 വരെയാണ് ഇന്ത്യക്ക് പരിശീലനത്തിനായി ലഭിച്ചിട്ടുള്ളത്. ടീം കോമ്പിനേഷനും മറ്റും ഉണ്ടാക്കണമെങ്കില്‍ ഒരു മാസത്തോളമെങ്കിലും പരിശീലനം നടത്തിയാലേ കഴിയൂവെന്നും കോണ്സ്റ്റന്റൈന് പറഞ്ഞു. ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ഏഴാം തിയതിയുള്ള മത്സരം കഴിഞ്ഞാണ് ടീമിനൊപ്പം ചേര്‍ന്നിട്ടുള്ളത്.
ഏഷ്യാകപ്പിന് ഒരുങ്ങുന്നതിന് മുന്നോടിയായിട്ടാണ് ഇന്ത്യ ചൈനയുമായി സൗഹൃദ മത്സരം കളിക്കുന്നത്. ഈയിടെയായി ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ എതിരാളികളാണ് ചൈന. ചൈന ലീഗില്‍ കളിക്കുന്ന മികച്ച താരങ്ങളെ ഉള്‍പ്പെടുത്തിയാണ് ചൈന ടീം പ്രഖ്യാപിച്ചിട്ടുള്ളത്. അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യ അവസാനമായി കളിച്ച മത്സരങ്ങള്‍ മികച്ചതായിരുന്നു. ഏഷ്യന്‍ കപ്പിന്റെ യോഗ്യതാ മത്സരങ്ങളില്‍ ഇന്ത്യ കിര്ഗിസ്താന്, മക്കാവു, മ്യാന്മര്, ലാവോസ് എന്നീ ടീമുകള്‍ക്കെതിരേ മികച്ച വിജയം സ്വന്തമാക്കിയിരുന്നു. ഇറാനെതിരേ മാത്രമാണ് ഇന്ത്യക്ക് തിരിച്ചടി നേരിടേണ്ടി വന്നത്. എതിരില്ലാത്ത നാലു ഗോളുകള്‍ക്കായിരുന്നു ഇന്ത്യ പരാജയപ്പെട്ടത്. സാഫ് കപ്പിലും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. സീനിയര്‍ താരങ്ങള്‍ ടീമിലില്ലാതിരുന്നെങ്കിലും യുവനിരയുടെ പ്രകടനം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. സാഫ് കപ്പില്‍ ഇന്ത്യക്കായി കളിച്ച മലയാളി താരം ആശിഖ് കുരുണിനും ഇന്ത്യന്‍ ക്യാംപിലേക്ക് ക്ഷണമുണ്ട്. മറ്റൊരു മലയാളി താരമായ അനസ് എടത്തൊടിക ഇന്ത്യക്കായി മത്സരത്തിനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സന്ദേഷ് ജിങ്കനൊപ്പം പ്രതിരോധം കാക്കാന്‍ അനസ് ഉണ്ടാകുമെന്നാണ് വിശ്വസിക്കുന്നതെന്ന് ജിങ്കന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മാഴ്സലോ ലിപ്പിയാണ് ചൈനീസ് ടീമിനെ പരിശീലിപ്പിക്കുന്നത്. ലോകകപ്പിന് യോഗ്യത ലഭിച്ചില്ലെങ്കിലും ലിപ്പിയുടെ കീഴില്‍ ടീം മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഏഷ്യന്‍ കരുത്തരായ ദക്ഷിണ കൊറിയയെ ചൈന ഒരു ഗോളിന് പരാജയപ്പെടുത്തിയിരുന്നു. 2018 ല്‍ കളിച്ച ആറ് മത്സരങ്ങളില്‍ രണ്ട് ജയവും മൂന്ന് തോല്‍വിയും ഒരു സമനിലയും എന്നതാണ് ചൈനയുടെ പ്രകടനം. മ്യാന്മര്, തായ്ലന്റ് എന്നീ ടീമുകളേയാണ് ചൈന പരാജയപ്പെടുത്തിയിട്ടുള്ളത്. വെയില്‍സ്, ചെക്ക് റിപ്പബ്ലിക്, ഖത്തര്‍ എന്നീ ടീമുകളോട് ചൈന പരാജയപ്പെടുകയും ചെയ്തിരുന്നു. 1997ല്‍ കൊച്ചിയില്‍ നടന്ന നെഹ്റു ട്രോഫിയിലായിരുന്നു ഇന്ത്യ അവസാനമായി ചൈനക്കെതിരേ കളിച്ചത്. മത്സരത്തിനായി ഇന്നാണ് ഇന്ത്യന്‍ ടീം ചൈനയിലേക്ക് പുറപ്പെടുന്നത്. മികച്ച പ്രകടനം നടത്തിയിരുന്ന ബല്‍വന്ത് സിങ്ങിന്റെ പാസ്പോര്‍ട്ട് കാലാവധി കഴിഞ്ഞതിനാല്‍ താരത്തിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. ഇത് ഇന്ത്യക്ക് തിരിച്ചടിയാകും. ഇന്ത്യന്‍ ടീമില്‍ അണ്ടര്‍ 23 താരങ്ങളാണ് കൂടുതലുള്ളതെന്നും അതുകൊണ്ട് കൂടുതല്‍ യുവതാരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തുമെന്നും കോണ്സ്റ്റന്റൈന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."