പഠന മികവിനൊപ്പം കുട്ടികളുടെ സംരക്ഷണവും ഉറപ്പാക്കണം: ജില്ലാ കലക്ടര്‍
കോട്ടയം: പഠനമികവ് ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ മാത്രമല്ല വിദ്യാര്‍ഥികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനുള്ള നടപടികളും സി.ബി.എസ്.ഇ സ്‌കൂള്‍ അധികൃതര്‍ സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ സി.എ ലത. കുട്ടികളുടെ അവകാശം സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സി.ബി.എസ്.ഇ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍. ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവയുടെ വര്‍ധിച്ച ഉപയോഗത്തിലൂടെ കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ സ്‌കൂള്‍ അധികൃതര്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം. ശാരീരികവും മാനസീകവുമായ പീഡനങ്ങള്‍ നേരിടേണ്ട സാഹചര്യം സ്‌കൂളുകളില്‍ ഉണ്ടാവാന്‍ പാടില്ല.
കുട്ടികള്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ തുറന്ന് പറയാനുളള സാഹചര്യവും സ്‌കൂളില്‍ ഉണ്ടാവണം. സ്‌കൂള്‍ ബസില്‍ ഒരു കുട്ടി ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ട സാഹചര്യം ഉണ്ടാവരുത്. മുഴുവന്‍ കുട്ടികളെയും വീടുകളില്‍ എത്തിക്കുന്നതുവരെ വാഹനത്തില്‍ ആയമാരുടെ സേവനം ഉറപ്പുവരുത്തണം. കുട്ടികളുടെ ദൈനംദിന കാര്യങ്ങളും അവരുടെ ഇടപെടലുകളും അധ്യാപകരും കൗണ്‍സിലര്‍മാരും നിരീക്ഷിക്കണം. കുട്ടികളുടെ സംരക്ഷണത്തിനായുളള ജുവനൈല്‍ ജസ്റ്റിസ് ആക്ട് സംബന്ധിച്ച ബോധവല്‍ക്കരണം അധ്യാപകര്‍ക്കും കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും നല്‍കാന്‍ നടപടി ഉണ്ടാകണം.
കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും അവരുടെ സംരക്ഷണം ഉറപ്പു വരുത്തുന്നതിനും സംസ്ഥാന ബാലാവകാശ കമ്മീഷന്റെ കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റി, ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സേവനം പ്രയോജനപ്പെടുത്തണമെന്നും കലക്ടര്‍ പറഞ്ഞു. 1098 എന്ന ടോള്‍ഫ്രീ നമ്പറില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെയും 8281899464 എന്ന നമ്പരില്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ വിഭാഗത്തിന്റെയും സേവനം ലഭിക്കും. ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ എസ്.എന്‍ ശിവന്യ, വനിത സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഇന്ദിര, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ വി. ജെ ബിനോയ്, ചൈല്‍ഡ് ലൈന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ ജസ്റ്റിന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."