റോഡരികില്‍ മാലിന്യ നിക്ഷേപം; പൊറുതിമുട്ടി നാട്ടുകാര്‍
കിഴിശ്ശേരി: റോഡരികിലെ മാലിന്യ നിക്ഷേപത്തില്‍ പൊറുതിമുട്ടി നാട്ടുകാര്‍. അരീക്കോട്, കൊണ്ടോട്ടി സംസ്ഥാന പാതയിലും കാഞ്ഞിരം മോങ്ങം റോഡിലും ടീച്ചര്‍പടി മുതുവല്ലൂര്‍ റോഡിലുമാണ് മാലിന്യ നിക്ഷേപം വ്യാപകമായിരിക്കുന്നത്. ഹാജിയാര്‍ പടി വിളയില്‍ റോഡ്, കടുങ്ങല്ലൂര്‍ വിളയില്‍ റോഡ് എന്നീ പ്രദേശങ്ങളിലും റോഡരുകില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നുണ്ട്.
ഹോട്ടല്‍ മാലിന്യങ്ങളും അറവുശാല മാലിന്യങ്ങളും വന്‍തോതില്‍ നിക്ഷേപിക്കുന്നതിനാല്‍ ഇവിടെ തെരുവുനായ്ക്കളുടെ ശല്യവും രൂക്ഷമാണ്. കവറുകളില്‍ കെട്ടിയിടുന്ന മാലിന്യം തെരുവ് നായ്ക്കള്‍ ചേര്‍ന്ന് വലിച്ച് റോഡിലിടും. ഇത് വാഹനങ്ങള്‍ കയറിയിറങ്ങി അസഹ്യമായ ദുര്‍ഗന്ധത്തിന് കാരണമാകുന്നു.
മുണ്ടംപറമ്പ് നീരൂട്ടിക്കല്‍ മദ്‌റസക്ക് സമീപം മാലിന്യം നിക്ഷേപിക്കുന്നത് വിദ്യാര്‍ഥികളേയും പരിസരവാസികളേയും ഒരു പോലെ പ്രയാസത്തിലാക്കിയിട്ടുണ്ട്. ആലിന്‍ചുവട്, തവനൂര്‍, ചുള്ളിക്കോട്, ടീച്ചര്‍ പടി തുടങ്ങിയ പ്രദേശങ്ങള്‍ മാലിന്യം നിക്ഷേപിക്കുന്നവരുടെ പതിവു കേന്ദ്രങ്ങളാണ്.
ദിവസങ്ങള്‍ക്ക് മുന്‍പാണ് ടീച്ചര്‍ പടി മുതുവല്ലൂര്‍ റോഡില്‍ കൃഷിയിറക്കുന്ന വയലില്‍ മാലിന്യം നിക്ഷേപിച്ചത്. ഇരുപതോളം ചാക്കുകളിലായാണ് ഇവിടെ മാലിന്യം തള്ളിയിരിക്കുന്നത്.
നിരവധി യാത്രക്കാര്‍ ദിനംപ്രതി കടന്നു പോകുന്ന ഈ റോഡില്‍ മാലിന്യം നിക്ഷേപിച്ചത് യാത്രക്കാരെയും ഏറെ പ്രയാസപ്പെടുത്തിയിരുന്നു. അറവു മാലിന്യങ്ങളില്‍നിന്ന് ഉണ്ടാവുന്ന ദുര്‍ഗന്ധം കാരണം മൂക്കുപൊത്തിക്കഴിയേണ്ട അവസ്ഥയാണുണ്ടായിരുന്നത്. വയലില്‍ നിക്ഷേപിച്ച മാലിന്യം ജെ.സി.ബി ഉപയോഗിച്ച് കുഴിച്ചുമൂടുകയായിരുന്നു. മാലിന്യം തള്ളുന്നതിനടക്കം സാമൂഹ്യ വിരുദ്ധര്‍ താവളമാക്കിയ ടീച്ചര്‍ പടി മുതുവല്ലൂര്‍ റോഡില്‍ പൊലിസ് മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."