പുതിയ അധ്യയനവര്‍ഷം: ആശയും ആശങ്കകളും
നൂതനമായ പല പദ്ധതികളും ആശയങ്ങളും ആസൂത്രണം ചെയ്താണു കേരളത്തില്‍ ഓരോ അധ്യയനവര്‍ഷവും ആരംഭിക്കാറുള്ളത്. ഇത്തവണയും അങ്ങനെത്തന്നെയാണ്. പ്രഖ്യാപിക്കുന്ന പദ്ധതികളും ആശയങ്ങളും വിദ്യാര്‍ഥികളുടെ ഭാവിക്കു ഗുണകരമാണോ അല്ലയോ എന്നാണു നോക്കേണ്ടത്. അതിന്റെ അടിസ്ഥാനത്തിലാണ് അവയെ വിലയിരുത്തേണ്ടത്.
വിദ്യാഭ്യാസസമ്പ്രദായത്തിന്റെ അടിസ്ഥാനശില പ്രാഥമികവിദ്യാഭ്യാസമാണ്. സമൂഹത്തിന്റെ നന്മയ്ക്കു യോജിച്ചരീതിയില്‍ വ്യക്തികളെ വാര്‍ത്തെടുക്കുന്നതില്‍ പ്രാഥമികവിദ്യാഭ്യാസത്തിനു വലിയ പങ്കുണ്ട്. പഞ്ചേന്ദ്രിയങ്ങളിലൂടെയും അനുഭവങ്ങളിലൂടെയുമുള്ള പഠനമാണു പ്രാഥമികവിദ്യാഭ്യാസത്തിന്റെ കാതലാവേണ്ടത്. സ്വാഭാവികാന്തരീക്ഷത്തില്‍ സ്വാഭാവികരീതിയിലായിരിക്കണം ഇതെന്നു മനഃശാസ്ത്രജ്ഞര്‍ പറയുന്നു.
ഇതനുസരിച്ച് കുട്ടികളുടെ സര്‍ഗാത്മകത ഉപയോഗപ്പെടുത്തി 'ഇഷ്ടപ്പെട്ടു പഠിക്കുക'യെന്ന രീതിയിലേക്കു മാറാന്‍ വിദ്യാഭ്യാസവകുപ്പ് തയാറാക്കിയ പാഠ്യപദ്ധതിയും തന്ത്രങ്ങളും മധ്യവേനലവധിക്കാലത്തെ വര്‍ക്ക്‌ഷോപ്പുകളിലൂടെ അധ്യാപകര്‍ക്ക് നല്‍കിയിട്ടുമുണ്ട്. ഐ.ടിയുടെ അനിവാര്യത തിരിച്ചറിഞ്ഞ് ഐ.ടി പഠനം പ്രാഥമികവിദ്യാലയത്തിലും എത്തിക്കാനുള്ള പരിശീലനം അധ്യാപകര്‍ക്കു നല്‍കിയെന്നതാണ് എടുത്തുപറയേണ്ട പ്രത്യേകത. ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി പ്രാഥമിക മേഖലയിലേക്കു വ്യാപിപ്പിച്ചതുകൊണ്ടു സ്‌കൂളിന്റെ ഭൗതികസാഹചര്യം മെച്ചപ്പെടുത്താന്‍ എല്ലാവരും നിര്‍ബന്ധിതരായിരിക്കയാണ്.
'പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞ'മെന്ന വാക്ക് ഇക്കാലയളവില്‍ മിക്കവര്‍ക്കും പരിചിതമായിട്ടുണ്ട്. സമൂഹത്തിലെ എല്ലാ ജാതി-മതവിഭാഗത്തിലും പെട്ട കുട്ടികള്‍ ഒന്നിച്ചു പഠിക്കുന്നതു വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളില്‍ പ്രധാനമായ 'സാമൂഹ്യസമവായ'മുള്ള വ്യക്തിയായി കുട്ടിയെ മാറ്റുകയെന്നതിന് അത്യാവശ്യമാണ്.
'പൊതുവിദ്യാഭ്യാസ സംരക്ഷണം' ഓരോ മതേതരവാദിയും ഏറ്റെടുക്കുന്നത് അതിന്റെ പരമമായ ലക്ഷ്യത്തെക്കുറിച്ചു നല്ല ബോധമുള്ളതുകൊണ്ടാണ്. പൊതുവിദ്യാലയങ്ങള്‍ മികവുറ്റതാക്കുകയെന്നതു ലക്ഷ്യമായി കാണുന്നുണ്ടെന്നതു ശരിതന്നെ. എന്നാല്‍, പൊതുവിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്ന പല അധ്യാപകരുടെയും മക്കള്‍ പഠിക്കുന്നത് പൊതുവിദ്യാലയത്തിലല്ല എന്നത് അപകടകരമായ സന്ദേശമാണു നല്‍കുന്നത്.
തങ്ങള്‍ പഠിപ്പിക്കുന്ന സ്ഥാപനത്തിന്റെ മികവിനെക്കുറിച്ച് അധ്യാപകര്‍ക്കു തന്നെ സംശയമുണ്ടെന്ന തോന്നല്‍ ജനങ്ങളില്‍ ഉളവാക്കുന്നു. മാത്രമല്ല, പൊതുവിദ്യാഭ്യാസ സ്ഥാപനത്തിലെ കുട്ടികളെ രണ്ടാം തരം പൗരന്മാരായി കാണുന്നുവെന്ന സന്ദേശംകൂടി ഇതു നല്‍കുന്നുണ്ട്. 'ഇഷ്ടമുള്ള വിദ്യാഭ്യാസം നല്‍കാനുള്ള തങ്ങളുടെ അവകാശം' ഹനിക്കാന്‍ പാടില്ലെന്ന മുടന്തന്‍ ന്യായം പറഞ്ഞു രക്ഷപ്പെടാന്‍ അധ്യാപകര്‍ക്കു കഴിയില്ല.
കരിക്കുലം കാലാനുസൃതമായി മാറ്റേണ്ടത് അത്യാവശ്യമാണ്. അറിവിനോടൊപ്പം അതിജീവനത്തിന്റെ രീതിശാസ്ത്രം കൂടി ഉള്‍ച്ചേര്‍ത്താല്‍ മാത്രമേ പൊതുവിദ്യാഭ്യാസത്തിനു മികവു വരുത്താനാകൂ. അധ്യാപകന്റെ മികവ് കൂട്ടാനും ഓരോ വിദ്യാര്‍ഥിക്കും ശ്രദ്ധ ലഭിക്കാനുമായി അധ്യാപക-വിദ്യാര്‍ഥി അനുപാതത്തില്‍ കാതലായ മാറ്റം വരുത്തണം. ഓരോ കിലോമീറ്ററിനുമിടയ്ക്ക് ഒരു പ്രാഥമികവിദ്യാലയവും നാലു കിലോമീറ്ററിനിടയ്ക്ക് ഒരു ഹൈസ്‌കൂളും എന്ന കാര്യം ശാസ്ത്രീയമായാണു നടപ്പാക്കേണ്ടത്.
എയ്ഡഡ് സ്‌കൂളില്‍ ലാഭമുണ്ടാക്കുക എന്ന രീതിയില്‍ പുതിയ പോസ്റ്റുകള്‍ സൃഷ്ടിക്കുന്നതു കുട്ടികളില്ലാത്തതിന്റെ പേരില്‍ അതു നഷ്ടപ്പെടുമ്പോള്‍ സര്‍ക്കാര്‍ സ്‌കൂളില്‍ 'പ്രൊട്ടക്ഷന്‍' നല്‍കുകയും ചെയ്യുന്നതു മൂലമുള്ള ദുരുപയോഗം വ്യാപകമാണ്. മെറിറ്റിന്റെ അടിസ്ഥാനത്തിലല്ല കോഴയുടെ അടിസ്ഥാനത്തിലാണ് എയ്ഡഡ് സ്‌കൂളില്‍ നിയമനം നടത്തുന്നത്. അത്തരക്കാര്‍ക്കു സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രൊട്ടക്ഷന്‍ അനുവദിക്കുന്നതു നല്ല സന്ദേശമാണോ നല്‍കുകയെന്നതു ചിന്തിക്കേണ്ടതാണ്.
സമൂഹത്തിനെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഭിന്നശേഷിയുള്ള ഓരോ കുട്ടികള്‍ക്കും സാധ്യമാവുംവിധം നിരവധി കാര്യങ്ങള്‍ പുതുതായി വന്നുകൊണ്ടിരിക്കുന്നു. 7-16 വരെ വയസ്സുള്ള ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് പ്രത്യേക കരിക്കുലം തന്നെ തയ്യാറാക്കിയിട്ടുണ്ട്. ഭിന്നശേഷി വിദ്യാലയങ്ങള്‍ പലതും സേവനസന്നദ്ധതയില്‍നിന്നു മാറി കച്ചവടതാല്‍പര്യത്തിലേക്കു നീങ്ങുന്നത് ഈ ഘട്ടത്തില്‍ പറയാതെ വയ്യ.
പാര്‍ശ്വവല്‍കൃതമായ പല സമൂഹത്തിന്റെയും വിദ്യാഭ്യാസനിലവാരം അത്ര മെച്ചപ്പെട്ടതല്ല. ഇത്തരം സമൂഹത്തില്‍നിന്ന് ഒന്നാം ക്ലാസില്‍ ചേരുന്ന മിക്ക വിദ്യാര്‍ഥികളും 10-ാംക്ലാസോടെ കൊഴിഞ്ഞു പോകുന്നുവെന്നാണു കണക്കുകള്‍ പറയുന്നത്. സമൂഹത്തില്‍ രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കുന്ന സമാന്തരവിദ്യാഭ്യാസരീതിയും സ്വാശ്രയരീതിയും പൊതുവിദ്യാഭ്യാസസമ്പ്രദായത്തിനു കടുത്ത പരിക്കാണ് ഏല്‍പിക്കുന്നത്. '
നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നത് അധ്യാപകരുടെ അരക്ഷിതാവസ്ഥയോടൊപ്പം പൊതുവിദ്യാഭ്യാസ സങ്കല്‍പത്തിനേല്‍ക്കുന്ന ഭീഷണികൂടിയാണ്. വിദ്യാഭ്യാസം വാണിജ്യമെന്ന അവസ്ഥയില്‍നിന്നു മാറി സേവനമേഖലയെന്നതിലേയ്ക്കു പൂര്‍ണമായും എത്തേണ്ടതുണ്ട്. പൊതുവിദ്യാഭ്യാസസ്ഥാപനത്തില്‍ പഠിച്ച് ഉന്നതിയിലെത്തുന്നവര്‍ തന്നെ ഇതിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന പ്രവണത നിലവിലുണ്ട്.
ബാലനിയമങ്ങള്‍, കുട്ടികളുടെ അവകാശങ്ങള്‍ എന്നിവയെപ്പറ്റിയുള്ള അജ്ഞതയും ഗൗരവതരമല്ലാത്ത സമീപനങ്ങളും പലപ്പോഴായി കേള്‍ക്കുന്ന കാര്യങ്ങളാണ്. ഇതും നല്ല സന്ദേശമല്ല നല്‍കുന്നത്. പരിഷ്‌കൃതസമൂഹത്തിന്റെ പ്രതീകങ്ങളാകേണ്ട വ്യക്തികളെ സൃഷ്ടിക്കാന്‍ പൊതുസമൂഹത്തിന്റെ പുരോഗമനോത്മകവും ആത്മാര്‍ഥവുമായ പ്രവര്‍ത്തനമുണ്ടാകണം. നമ്മുടെ പരമ്പരാഗത മതേതര സാമൂഹ്യഘടന തിരിച്ചുപിടിക്കാനുള്ള സുവര്‍ണാവസരം കൂടിയാക്കി മാറ്റണം ഓരോ അധ്യയനവര്‍ഷവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."