പരാധീനതകളുടെ നടുവില്‍ പൊതുമരാമത്ത് കെട്ടിടം
കുന്നുംകൈ: നിന്നുതിരിയാന്‍ പോലും ഇടമില്ലാതെ പാടുപെടുകയാണ് വെസ്റ്റ് എളേരിയിലെ ഭീമനടിയില്‍ സ്ഥിതി ചെയ്യുന്ന പൊതുമരാമത്ത് വകുപ്പ് ജീവനക്കാര്‍. റോഡ് വിഭാഗം അസിസ്റ്റന്റ്് എന്‍ജിനിയര്‍ ഓഫിസിലെ ഈ കുടുസുമുറിയില്‍ മഴക്കാലം വന്നതോടുകൂടി ഇവരുടെ ദുരിതം ഇരിട്ടിയായി. ആറോളം ജീവനക്കാര്‍ ജോലി ചെയ്യുന്ന ഈ മുറിയില്‍ ഫയലുകള്‍ വെക്കാനോ പൊതുജനങ്ങള്‍ക്ക് ഇരിക്കാനോ സൗകര്യങ്ങളില്ല. 20 വര്‍ഷത്തോളം പഴക്കമുള്ള ഈ ഓഫിസില്‍ മഴ വന്നാല്‍ മാറിയിരിക്കേണ്ട ഗതികേടിലാണ് ജീവനക്കാര്‍.
കെട്ടിടത്തിലെ കോണ്‍ക്രീറ്റ് പലഭാഗത്തും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഈ കെട്ടിടം അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാല്‍ ജീര്‍ണാവസ്ഥയിലാണ്.
തുച്ഛമായ വാടക നല്‍കുന്നതു കാരണമാണ് കെട്ടിട ഉടമ അറ്റകുറ്റപ്പണികള്‍ നടത്താത്തതെന്നു ജീവനക്കാര്‍ പറയുന്നു. ഓഫിസിലേക്കുള്ള പ്രവേശന കവാടം തന്നെ കാടുമൂടിയാണുള്ളത്.
മറ്റൊരു കെട്ടിടത്തിന്റെ അഴുക്കു ചാലുകള്‍ക്കിടയിലുമാണ് ഓഫിസിലേക്ക് എത്തിച്ചേരേണ്ടത്. മഴക്കാലമായാല്‍ ഓഫിസില്‍ ഇരുന്നു ജോലി ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണുള്ളതെന്ന് ജീവനക്കാര്‍ പറയുന്നു. സ്വകാര്യ വ്യക്തി ഈ ഓഫിസിന്റെ അരികില്‍ കെട്ടിടം നിര്‍മിക്കാന്‍ അഞ്ചു സെന്റ് സ്ഥലം വര്‍ഷങ്ങള്‍ക്കു മുമ്പ് വാഗ്ദാനം ചെയ്തുവെങ്കിലും പിന്നീട് നടപടിയൊന്നുമായില്ല.
റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ പുതിയ കെട്ടിടം വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ഇപ്പോള്‍ ചുവപ്പുനാടയില്‍ കുടുങ്ങിയ നിലയിലാണ്.
വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, ബളാല്‍, കിനാനൂര്‍-കരിന്തളം, കൊടോം-ബേളൂര്‍, പനത്തടി, കള്ളാര്‍ എന്നീ പഞ്ചായത്തുകളിലെ പരിധിയിലുള്ള ഈ ഓഫിസ് എന്നെങ്കിലും അടിസ്ഥാനസൗകര്യമേര്‍പ്പെടുത്തി നവീകരിക്കുമെന്ന പ്രതീക്ഷയിലാണ് ഓഫിസിലെ ജീവനക്കാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."