വിഴിഞ്ഞം കരാറില്‍ ജുഡീഷ്യല്‍ അന്വേഷണം
തിരുവനന്തപുരം: വിഴിഞ്ഞം കരാര്‍ സംസ്ഥാന താല്പര്യങ്ങള്ക്ക് വിരുദ്ധമാണെന്ന സി.എ.ജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കരാറിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അന്വേഷണത്തിനായി ഹൈക്കോടതി മുന്‍ ജഡ്ജി സി.എന്‍ രാമചന്ദ്രന് നായര്‍ അധ്യക്ഷനായ ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.
മുന്‍ ഷിപ്പിങ് സെക്രട്ടറി കെ.മോഹന്‍ദാസ്, ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്സ് സര്‍വിസിലെ മുന്‍ ഉദ്യോഗസ്ഥന് പി.ജെ മാത്യൂ എന്നിവര്‍ സമിതി അംഗങ്ങളാണ്. കമ്മിഷന് ഓഫ് എന്‍ക്വയറി ആക്ട് അനുസരിച്ചാണ് നിയമനം. ആറു മാസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അന്വേഷണത്തിന്റെ പരിഗണനാ വിഷയങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കരാറിനെക്കുറിച്ച് സിറ്റിങ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മുന്‍ ജഡ്ജി അധ്യക്ഷനായ സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് അദാനി പോര്‍ട്സുമായി വിഴിഞ്ഞം കരാര്‍ ഒപ്പുവച്ചത്. കരാറില്‍ നിര്‍മാണ കാലാവധി 10 വര്‍ഷം കൂട്ടി നല്‍കിയത് നിയമവിരുദ്ധമാണെന്നും ഇതിലൂടെ 29,217 കോടി രൂപയുടെ അധികവരുമാനം അദാനിക്ക് ലഭിക്കുമെന്നും സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു. 20 വര്‍ഷം കൂടി വേണമെങ്കില്‍ അധികം നല്‍കാമെന്ന വ്യവസ്ഥയും ചട്ടവിരുദ്ധമാണ്. ഇങ്ങനെ ചെയ്താല്‍ 61,095 കോടി രൂപ അധിക വരുമാനം അദാനിക്കു ലഭിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."