ഉത്തരവുകള്‍ക്ക്് പുല്ലുവില വനിതാ-ശിശു ആശുപത്രി റോഡില്‍ അനധികൃതപാര്‍ക്കിങ്
പാലക്കാട്: നിയമങ്ങളും നിയമപാലകരുടെ ഉത്തരവുകള്‍ക്കും പുല്ലുവില നല്‍കി ജില്ലാശുപത്രിക്കു പുറകിലുള്ള റോഡില്‍ അനധികൃതപാര്‍ക്കിംഗും കച്ചവടവും തകൃതിയാവുന്നു. പാളയപ്പേട്ട ജംഗ്ഷനില്‍ നിന്നു വരുന്ന വാഹനങ്ങള്‍ക്ക് വനിതാ-ശിശു ആശുപത്രി റോഡിലേക്ക് പ്രവേശനം നിരോധിച്ചുകൊണ്ട് ബോര്‍ഡുണ്ടെങ്കിലും ഇതെല്ലാം നോക്കുകുത്തിയാവുകയാണ്. ആംബുലന്‍സുകള്‍ പോവുമ്പോള്‍ ഗതാഗതക്കുരുക്കില്‍പ്പെടാതിരിക്കാന്‍ വേണ്ടിയാണ് ഇവിടെ വണ്‍വേ ആക്കി മാറ്റിയത്.
നിരവധി തവണ നഗരസഭാധികൃതരും പോലീസും ചേര്‍ന്ന് ഇവിടെത്തെ വഴിവാണിഭമൊഴിപ്പിച്ചെങ്കിലും നാളുകള്‍ കഴിഞ്ഞാല്‍ വീണ്ടും തഥൈവ. അഞ്ചുവിളക്കു ഭാഗത്തു നിന്ന് വനിതാ-ശിശു ആശുപത്രി റോഡിലും അനധികൃതപാര്‍ക്കിംഗാണ്. ഇവിടെ ബോര്‍ഡു സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതിനെല്ലാം പുല്ലുവിലയാണ് കല്‍പ്പിച്ചിരിക്കുന്നത് കോട്ടമൈതാനത്തുനിന്നു സ്റ്റേഡിയംസ്റ്റാന്റിലേക്കുള്ള എളുപ്പവഴിയായതിനാല്‍ നിരവധി ചെറിയ വാഹനങ്ങളാണ് രാപകലന്യേ ഇതുവഴി കടന്നുപോവുന്നത്. ഇതിനുപുറമെ ആശുപത്രിക്ക് മുന്‍വശത്ത് ഓട്ടോറിക്ഷകളുടെ അനധികൃതപാര്‍ക്കിംഗും ദുരിതം തീര്‍ക്കുന്നുണ്ട്. നേരത്തെ പാളയപ്പേട്ട ജംഗ്ഷന്‍ ഭാഗത്ത് പോലീസ് നിന്ന് വാഹനങ്ങള്‍ വഴിതിരിച്ച് വിട്ടിരുന്നെങ്കിലും ഇപ്പോള്‍ പോലീസിന്റെ സേവനമില്ലാതാവുന്നതാണ് നിയമം കാറ്റില്‍പ്പറക്കാന്‍ കാരണമാവുന്നത്.
വനിതാ-ശിശു ആശുപത്രി റോഡിലെ വഴിവാണിഭത്തിനു പുറമെ റോഡരികിലിരുന്ന് പാലുതിളപ്പിച്ച് കൊടുക്കുന്നതും പരിതാപകരമാണ്. നേരത്തെ ഇവിടത്തെ വഴിവാണിഭമൊഴിപ്പിച്ചതിന്റെ പേരില്‍ ഇവിടെ ഒരു വിഭാഗം ഹര്‍ത്താലാചരിച്ചിരുന്നു. വനിതാ-ശിശു ആശുപത്രി റോഡിലെ അനധികൃതപാര്‍ക്കിംഗും വഴിവാണിഭങ്ങളും മൂലം ആശുപത്രിയില്‍ രോഗികളുമായി വരുന്ന വാഹനങ്ങള്‍ക്കും ആംബുലന്‍സിനും കടന്നു പോവാന്‍ പറ്റാത്ത സ്ഥിതിയാണ്. തിരക്കേറിയ റോഡിനിരുവശങ്ങളിലും ആശുപത്രിക്കെട്ടിടങ്ങളുണ്ടായിട്ടും ഇവിടത്തെ വഴിവാണിഭവും അനധികൃതപാര്‍ക്കിംഗും കാലങ്ങളായി ദുരിതം തീര്‍ക്കുകയാണ്. ഇവിടത്തെ വണ്‍വേ സമ്പ്രദായം പുനഃസ്ഥാപിക്കണമെന്നും ആശുപത്രി റോഡില്‍ മതിയായ സൗകര്യങ്ങളൊരുക്കണമെന്നുമുള്ള ആവശ്യം ശക്തമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."